മുംബൈ: ഇറ്റലിയിൽ ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിച്ചതിനാൽ പൂട്ടിയ രാസവസ്തുനിർമാണ കമ്പനി മഹാരാഷ്ട്രയിലെ രത്നഗിരിയിലേക്ക് മാറ്റിസ്ഥാപിച്ചതിനെതിരേ പ്രതിഷേധം ശക്തം. അർബുദത്തിന് കാരണമാകുന്ന പി.എഫ്.എ.എസ്. (പെർ ആൻഡ് പോളിഫ്ലൂറോ ആൽക്കൈൽ പദാർഥങ്ങൾ) എന്ന അപകടകരമായ രാസവസ്തു ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ് രത്നഗിരിയിലെ ലോട്ടെ പരശുരാം എം.ഐ.ഡി.സി.യിൽ സ്ഥാപിച്ചത്.
ഭൂഗർഭജല മലിനീകരണ വിവാദത്തെത്തുടർന്ന് ഇറ്റലിയിലെ വിസെൻസയിൽ പ്രവർത്തിച്ചിരുന്ന ‘മിറ്റേനി’ 2018-ൽ പൂട്ടിയിരുന്നു. അതിന്റെ ആസ്തികളും പേറ്റന്റുകളും ഉപകരണങ്ങളും ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് ഏറ്റെടുത്ത് രത്നഗിരിയിലേക്ക് മാറ്റിസ്ഥാപിച്ചു. 2025 തുടക്കംമുതൽ ഈ പ്ലാന്റ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു.
കീടനാശിനികൾ, മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയ്ക്ക് ആവശ്യമായ രാസവസ്തുക്കളാണ് ഇവിടെ നിർമിക്കുന്നത്. ‘ഫോറെവർ കെമിക്കൽസ്’ എന്ന് വിളിക്കപ്പെടുന്ന ഇവ പരിസ്ഥിതിക്കും മനുഷ്യജീവനും കടുത്തഭീഷണിയാണെന്ന് പരിസ്ഥിതിപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയിൽ അടച്ച പ്ലാന്റ് ഇന്ത്യയിൽ പ്രവർത്തിക്കാൻ എങ്ങനെ അനുവദിച്ചെന്ന് പ്രതിപക്ഷപാർട്ടികളും ചോദിക്കുന്നു. പ്ലാന്റ് പൂട്ടണമെന്ന് എൻ.സി.പി. (ശരദ് പവാർ) എം.എൽ.എ. രോഹിത് പവാർ ആവശ്യപ്പെട്ടു.
നിർമാണ യൂണിറ്റ് വിദഗ്ധരുടെ സമിതി ഇത് പരിശോധിക്കുമെന്നും ദോഷകരമായ ഒന്നും അനുവദിക്കില്ലെന്നും മഹാരാഷ്ട്ര വ്യവസായമന്ത്രി ഉദയ് സാമന്ത് പറഞ്ഞു. മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡും (എം.പി.സി.ബി.) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, തങ്ങൾ ഇന്ത്യൻ നിയമങ്ങളെല്ലാം പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും മലിനീകരണ ആരോപണങ്ങൾ തെറ്റാണെന്നുമാണ് ലക്ഷ്മി ഓർഗാനിക്‌സിന്റെ വിശദീകരണം.
യൂറോപ്പ് പുറന്തള്ളിയ ഒന്നിനെ വികസനമെന്നപേരിൽ ഇന്ത്യയിൽ കൊണ്ടുവന്ന് ജനങ്ങളുടെ ആരോഗ്യം വെച്ചുകളിക്കാൻ അനുവദിക്കില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. ഫാക്ടറിയിൽനിന്നുള്ള മാരകവിഷാംശം കലർന്ന് ഇറ്റലിയിൽ 3,50,000-ത്തിലധികം ആളുകളുടെ കുടിവെള്ളം മുടങ്ങുകയും ചെയ്തിരുന്നു. ഈ കമ്പനിയിലെ തൊഴിലാളികളുടെ രക്തത്തിൽ ഉയർന്നതോതിലുള്ള പി.എഫ്.എ.എസ്. രാസവസ്തു കണ്ടെത്തുകയും ചെയ്തു. 2025 ജൂണിൽ ഈ കമ്പനിയുടെ മുൻ മേധാവികളെ ഇറ്റലിയിലെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
Content Highlights: Lakshmi Organic moved Italian Miteni plant assets to Lote Parshuram, Ratnagiri., The plant produces PFAS, known as 'forever chemicals' linked to cancer., The facility began operations in early 2025 despite Italy's 2018 closure., Italian court convicted former Miteni executives in June 2025., MPCB and government officials have launched investigations following public backlash.
Published: 12 Jun 2026, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented