തൃശ്ശൂർ: കേരളത്തിൽ നടക്കുന്ന ബീച്ച് കോമ്പിങ്ങിൽ അത്യപൂർവ ഇനം പക്ഷിയെ ചാവക്കാട് പുത്തൻകടപ്പുറത്ത് കണ്ടെത്തി. കാസ്പിയൻ മണൽക്കോഴിയെയാണ് പക്ഷി നിരീക്ഷകരായ ശ്രീകുമാർ, കെ. ഗോവിന്ദൻകുട്ടി, റമീസ് എളമരം, സി.സി. ആൻ എന്നിവർ കണ്ടെത്തിയത്. കേരളത്തിൽ വളരെ അപൂർവമായി മാത്രമാണ് ഈ പക്ഷി എത്താറുള്ളത്.

To advertise here,

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ പ്രജനനം നടത്താറുള്ള ഇവ, ശൈത്യകാലത്ത് ആഫ്രിക്കയിലേക്കുള്ള ദേശാടനമധ്യേ അപൂർവമായി ഇന്ത്യയിൽ എത്താറുണ്ട്. മണൽക്കോഴികളും തിത്തിരികളും അടങ്ങുന്ന കാരഡ്രൈയെയോയി കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയ്ക്ക് ചാരം കലർന്ന തവിട്ടുനിറമാണ്. പ്രജനനസമയത്ത് ആൺപക്ഷിയുടെ മുഖവും അടിവശവും വെള്ളനിറമായിരിക്കും. പെൺപക്ഷിക്ക് സ്വതവേ മങ്ങിയ തവിട്ടുനിറവുമാണ്.

കേരളത്തിന്റെ മുഴുവൻ കടൽത്തീരങ്ങളിലുമെത്തുന്ന നീർപ്പക്ഷികളുടെ എണ്ണവും അതിൽ വരുന്ന മാറ്റങ്ങളും ആവാസവ്യവസ്ഥയിലെ ശോഷണവും ഉൾപ്പെടുത്തി ഒരു അടിസ്ഥാന വിവരരേഖ തയ്യാറാക്കുകയാണ് ബീച്ച് കോമ്പിങ് എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. വ്യത്യസ്ത മേഖലകളിൽനിന്നുള്ള ആളുകളെ ഉൾപ്പെടുത്തി സിറ്റിസൺ ശാസ്ത്രരീതിയിലൂടെയാണ് ഇത് നടത്തുന്നത്. ഓഗസ്റ്റ് മുതൽ മാർച്ച്‌ വരെ കേരളത്തിലെ എല്ലാ പ്രധാന കടൽത്തീരങ്ങളിലും സ്ഥിരമായ കണക്കെടുപ്പിന് ഈ സർവേ വിധേയമാക്കുന്നു.

അപൂർവമായി വന്നെത്തുന്ന നീർപ്പക്ഷികളെ കാണാൻകൂടിയുള്ള അവസരമാണ് ബീച്ച് കോമ്പിങ്. കാസ്പിയൻ പ്ലോവർ കൂടാതെ ആയിരത്തിൽപ്പരം കടൽക്കാക്കകളും കടൽ മണ്ണാത്തി, ഡൺലിൻ, ചാര മണൽക്കോഴി, വരവാലൻ ഗോഡ്വിറ്റ് തുടങ്ങിയ പക്ഷികളെയും പുത്തൻ കടപ്പുറത്ത് കണ്ടെത്തി.