പാപ്പിനിശ്ശേരി: ജില്ലയിലെ പ്രധാന കണ്ടൽവനമേഖലയായ പാപ്പിനിശ്ശേരിയിൽ ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയായി മാലിന്യം തള്ളൽ രൂക്ഷം. നിരവധി അതിക്രമങ്ങൾക്കും കൈയേറ്റങ്ങൾക്കും ശേഷം ബാക്കിവന്ന വനമേഖലയാണ് നിലവിൽ പുതിയ അതിക്രമത്താൽ പൊറുതിമുട്ടുന്നത്.

To advertise here,

വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യമാണ് പാപ്പിനിശ്ശേരി തുരുത്തിയിൽ തള്ളുന്നത്. കെട്ടിടാവശിഷ്ടങ്ങൾ മുതൽ പ്ലാസ്റ്റിക് മാലിന്യവും അറവുമാലിന്യവും മറ്റു മാലിന്യവും തുരുത്തിയിലെ കണ്ടൽവനമേഖലയിൽ പരന്നുകിടക്കുകയാണ്. തെങ്ങിന്റെ അടിവേരടക്കമുള്ള ഭാഗങ്ങളും വാഹനത്തിലെത്തിച്ച് യഥേഷ്ടം ഇവിടെ തള്ളുന്നു. കണ്ടൽക്കാടുകളുടെ മുകളിൽ തള്ളുന്ന ഇത്തരം മാലിന്യത്തിന്‌ തീയിട്ട് അവശേഷിക്കുന്ന കണ്ടൽക്കാടുകളെ പോലും നശിപ്പിക്കുന്ന പ്രവണതയും വ്യാപകമാണ്.

placeholder
കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ തള്ളിയ പ്ലാസ്റ്റിക് മാലിന്യം

പതിറ്റാണ്ടുകൾക്ക് മുൻപ് 150 ഹെക്ടറോളം കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളുമുണ്ടായ മേഖലയിൽ നിലവിൽ 20 ഹെക്ടറിൽ താഴെ മാത്രമാണ് കണ്ടലുള്ളത്. അവയാണ് ഇപ്പോൾ രൂക്ഷമായ അതിക്രമങ്ങൾക്ക് ഇരയാകുന്നത്. മാലിന്യം തള്ളുന്നത് പ്രധാനമായും രാത്രിയിലാണ്. ഈ മേഖലയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന പഞ്ചായത്ത് റോഡും വിജനതയുമാണ് മാലിന്യംതള്ളുന്നവരുടെ സുരക്ഷിതമായ ഇടമായി മാറാൻ കാരണമാകുന്നത്.

സമൂഹവിരുദ്ധരെ കണ്ടുപിടിക്കാൻ സംവിധാനമില്ല

തുരുത്തിയിലും ദേശീയപാതയിലും കെ.എസ്.ടി.പി. കവലയ്ക്കരികിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ സംവിധാനമില്ല. ദേശീയപാതയിലും കെ.എസ്.ടി.പി. റോഡ് കവലയിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പൂർണമായി പ്രവർത്തിക്കുന്നില്ല. എന്നാൽ, മാലിന്യം കുമിഞ്ഞുകൂടുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.