പാവറട്ടി/ തൃശ്ശൂര്‍: പുഴയോരത്ത് ഒന്നര ഏക്കറില്‍ കണ്ടല്‍ക്കാടുണ്ട് എന്ന കാരണത്താല്‍ പുഴയുടെ ഒരു മേഖല മുഴുവന്‍ സംരക്ഷിത വനഭൂമിയാക്കി. പുഴ കടലിനോട് ചേരുന്ന സ്ഥലത്ത് കെട്ടിക്കിടക്കുന്ന വെള്ളമുള്ള 234 ഏക്കറാണ് സംരക്ഷിത വനഭൂമിയാക്കിയത്. ഇത് കാണിച്ചുകൊണ്ടുള്ള കരട് ഉത്തരവ് പുറത്തിറക്കി. മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൊന്നായ പെരിങ്ങാട് ചേറ്റുവപ്പുഴയാണ് സംരക്ഷിത വനഭൂമിയാക്കിയത്.

To advertise here,

ഇതോടെ സമീപമുള്ള 29 വീടുകള്‍ക്ക് താത്കാലിക നമ്പര്‍ മാത്രമാണ് നല്‍കിയത്. ഇവരെ ഏതു സമയത്തും കുടിയൊഴിപ്പിക്കും. ഇതിനു പുറമേ അടുത്ത നടപടിയായി വനനിയമത്തിലെ ഉപവകുപ്പ് ആറു പ്രകാരം സ്ഥിരം ഉത്തരവിറങ്ങുമ്പോള്‍ 100 മീറ്റര്‍ മുതല്‍ വകുപ്പുകാര്‍ നിശ്ചയിക്കുന്ന ഇടം വരെ കരുതല്‍ മേഖലയായി (ബഫര്‍ സോണ്‍) പ്രഖ്യാപിക്കും. അതോടെ നിലവിലുള്ള നൂറുകണക്കിന് വീട്ടുകാരും കുടിയൊഴിയേണ്ടി വരും. ഈ ഭാഗം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകാതെയും വരും.

നാടിനെ സമൃദ്ധമാക്കിയ പുഴ

ആഴമേറിയ പുഴയിലൂടെ ചരക്കുകടത്തായിരുന്നു ഒരു കാലത്ത് ഇവിടെ. പിന്നീട് നൂറുകണക്കിന് പേര്‍ ഉപജീവനം നടത്തുന്ന മത്സ്യബന്ധന ഇടമായി. കക്കയുടെ വലിയ ഇടവുമായിരുന്നു ഇത്. വാഴാനി അണക്കെട്ട് തുറന്നുവിട്ടാല്‍ ഇടിയഞ്ചിറ റെഗുലേറ്ററിലൂടെ വെള്ളം ഒഴുകിയെത്തി കടലിലേക്ക്‌ േപാകുന്നത് ഈ പുഴവഴിയാണ്. ചുറ്റുമുള്ള മൂന്നു പഞ്ചായത്തുകളേയും ഒരു പരിധി വരെ സന്പദ്‌സമൃദ്ധമാക്കിയിരുന്നത് ഈ പുഴയാണ്.

2018-ലാണ് കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കിയത്. ഒന്നര ഏക്കറിലെ കണ്ടല്‍ക്കാട് സംരക്ഷിക്കുന്നതിനായി 234 ഏക്കര്‍ പുഴ സംരക്ഷിത വനമേഖലയാക്കിയത് മുല്ലശേരി പഞ്ചായത്ത് അറിഞ്ഞതു പോലും നടപടികളെല്ലാം കഴിഞ്ഞാണ്. പുഴയിലെ നീരൊഴുക്ക് തടഞ്ഞ് പുഴ കാടാക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണമെന്നും ജനങ്ങളുെട ഭീതി മാറ്റണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ പ്രമേയവും പാസ്സാക്കിയിരുന്നു.

കണ്ടലില്‍ കലങ്ങുന്ന രാഷ്ട്രീയം

കണ്ടല്‍ക്കാടുകളെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കൊന്നും എതിരഭിപ്രായമില്ല. ഇവിടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ഇതോട് യോജിക്കുന്നു. എന്നാല്‍ കണ്ടല്‍ക്കാടിന്റെ പേരില്‍ ഒരു പുഴയെ സംരക്ഷിത വനമാക്കിയതില്‍ എല്ലാവര്‍ക്കും തന്നെ വിയോജിപ്പുണ്ട്. സംരക്ഷിതവനത്തിന്റെ പേരില്‍ ഇവിടത്തെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ രാഷ്ട്രീയകക്ഷി ഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടാണ്.

പ്രശ്‌നപരിഹാരത്തിന് സംസ്ഥാന തലത്തിലുള്ള ഇടപെടല്‍ കാര്യമായുണ്ടാകാത്തതില്‍ അതൃപ്തരാണ് ഇവിടത്തെ രാഷ്ട്രീയക്കാരും ജനങ്ങളും. അത് നിലവില്‍ ഭരണത്തിലിരിക്കുന്ന മുന്നണിയുടെ പ്രവര്‍ത്തകരില്‍ പ്രതിഫലിച്ചും തുടങ്ങി.

placeholder
peringad puzha
പെരിങ്ങാട് പുഴ കടലിനോട് ചേരുന്ന ഭാഗത്തിന്റെ ആകാശച്ചിത്രം. ഇടിയഞ്ചിറ റെഗുലേറ്ററും കാണാം ( ഫയല്‍ ചിത്രം)

സി.പി.എമ്മിന്റെ തിരുനെല്ലൂര്‍, വാലിപ്പടി ബ്രാഞ്ചുകളില്‍നിന്ന് ആറുപേര്‍ രാജിവെച്ചു. നൂറോളം അനുഭാവികള്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു. വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രാജിവയ്ക്കാന്‍ തയ്യാറായി നിരവധി പേരുമുണ്ട്. ഈ പ്രശ്‌നത്തിന്റെ പേരില്‍ സി.പി.െഎ.യുടെ കൂരിക്കാട് ബ്രാഞ്ച് കമ്മിറ്റിയില്‍നിന്ന് എല്ലാവരും ഒഴിവായതോടെ ബ്രാഞ്ച് പിരിച്ചുവിടുകയും ചെയ്തു.

ചെളി വാരണോ; 10 കോടി കെട്ടിവയ്ക്കണം

റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തകരാറിലായതാണ് കാരണം. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയില്‍ വടക്കാഞ്ചേരി നഗരം വെള്ളക്കെട്ടിലായത് ഇക്കാരണത്താലാണ്. ഇവിടത്തെ ചെളി വാരാനായി ജലസേചന വകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചതാണ്. എന്നാല്‍ സംരക്ഷിത വനമായതിനാല്‍ ചെളി വാരാന്‍ അനുമതി കിട്ടിയില്ല.

മൂന്നു കോടി പാഴാകുകയും ചെയ്തു. ചെളി വാരേണ്ടതുണ്ടോയെന്ന് തിട്ടപ്പെടുത്താന്‍ പത്തുകോടി കെട്ടിവയ്ക്കാനാണ്‌ േകന്ദ്ര പരിസ്ഥിതിവകുപ്പില്‍നിന്ന് അറിയിച്ചത്. ചെറുമഴയില്‍പ്പോലും മൂന്നുപഞ്ചായത്തുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

(തുടരും)