ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി നിര്‍ബന്ധമായും നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി. ഈ മേഖലയില്‍ ഒരുതരത്തിലുള്ള വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയില്ല. നിലവില്‍, ഈ മേഖലയില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടുകൂടി മാത്രമേ തുടരാന്‍ കഴിയൂവെന്നും കോടതി ഉത്തരവിട്ടു.

To advertise here,

വനസംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെമുന്നിലുള്ള ടി.എന്‍. ഗോദവര്‍മന്‍ തിരുമുല്‍പ്പാടിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍. ഗവായ്, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റെ നിര്‍ദേശം. രാജസ്ഥാനിലെ ജാംവ രാംഗഢ് വന്യജീവിസങ്കേതത്തില്‍ നടത്തിയ ഖനനത്തിന്റെ നഷ്ടപരിഹാരം കണക്കാക്കണമെന്നും കേന്ദ്ര ഉന്നതാധികാര സമിതിയോട് കോടതി നിര്‍ദേശിച്ചു.

പ്രധാന നിര്‍ദേശങ്ങള്‍

• ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും സംരക്ഷിത വനാതിര്‍ത്തിയില്‍നിന്ന് കുറഞ്ഞത് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണം.

• അതീവ പരിസ്ഥിതിലോല മേഖലയായതിനാല്‍ ജാംവ രാംഗഢ് വന്യജീവി സങ്കേതത്തില്‍ ഇത് 500 മീറ്ററേ പാടുള്ളൂ.

• പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട 2011 ഫെബ്രുവരി ഒന്‍പതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

• ഇത്തരം പ്രദേശങ്ങളില്‍ നിലവില്‍ ഒരു കിലോമീറ്ററിലധികം ബഫര്‍സോണ്‍ ഉണ്ടെങ്കില്‍ അതേപടിതന്നെ തുടരണം.

• ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം അനുവദിക്കില്ല.

• പരിസ്ഥിതിലോല മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാരുടെ അനുമതിയോടുകൂടിയേ പാടുള്ളൂ. ഇതിന് ആറുമാസത്തിനുള്ളില്‍ അനുമതി തേടണം.

• പരിസ്ഥിതിലോല മേഖലയ്ക്കുള്ളില്‍ വ്യവസായശാലകളോ മറ്റു സ്ഥിരം നിര്‍മിതികളോ അനുവദിക്കില്ല.

• സംരക്ഷിത വനമേഖലയുടെ അനുബന്ധമായുള്ള പരിസ്ഥിതലോല പ്രദേശങ്ങളില്‍ നിലവിലുള്ള നിര്‍മിതികളെക്കുറിച്ച് മൂന്നുമാസത്തിനകം സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം.

• റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉപഗ്രഹചിത്രീകരണത്തിനും ഡ്രോണുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കാനും അതതു സംസ്ഥാന സര്‍ക്കാരുകളുടെ സഹായംതേടാം.