പാലക്കാട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശം (ഇ.എസ്.എ.) പുതുക്കി നിര്‍ണയിച്ചപ്പോള്‍ രണ്ടുതരം ഭൂപടങ്ങള്‍ തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് സംസ്ഥാന പരിസ്ഥിതിവകുപ്പ്. ഇ.എസ്.എ. പരിധിയില്‍നിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂര്‍ണമായും ഒഴിവാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് നിലനില്‍ക്കെയാണ് ഇവ ഉള്‍പ്പെട്ട ഒരു ഭൂപടവും അത്തരം പ്രദേശങ്ങള്‍ ഒഴിവാക്കിയ മറ്റൊന്നും പ്രസിദ്ധീകരിച്ചത്.

To advertise here,

വില്ലേജുകളുടെ അതിര്‍ത്തി തിരിച്ചറിയാനാണ് പൂര്‍ണതോതിലുള്ള ഭൂപടവും ഇ.എസ്.എ. അതിര്‍ത്തികളുള്ള ഭൂപടവും പ്രസിദ്ധീകരിച്ചത് എന്നാണ് പരിസ്ഥിതിവകുപ്പ് അധികൃതരുടെ നിലപാട്. എന്നാല്‍, ഈ ഭൂപടത്തില്‍ പല വില്ലേജുകളുടെയും അതിര്‍ത്തിയിലൂടെയല്ല ഇ.എസ്.എ. അതിര്‍ത്തി അടയാളപ്പെടുത്തിയിട്ടുള്ളത്. ഇത് മലയോരകര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

പാലക്കയം വില്ലേജ് പൂര്‍ണമായും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പള്ളിപ്പടി, വര്‍മങ്കോട്, ഇരുമ്പകച്ചോല പ്രദേശങ്ങളും ഭൂപടത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ വിജ്ഞാപനത്തില്‍ പെടാത്ത പൊറ്റശ്ശേരി-ഒന്ന് വില്ലേജിലെ ചിറക്കല്‍പ്പടി, കാഞ്ഞിരപ്പുഴ റോഡിന്റെ ഭാഗങ്ങള്‍, ഇവിടെയുള്ള ജനവാസമേഖലകള്‍ എന്നിവയും ചേര്‍ത്തു. വില്ലേജ് അതിര്‍ത്തി അറിയാനാണ് രണ്ട് ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചത് എന്ന നിലപാടിന് വിരുദ്ധമായ നടപടിയാണിതെന്ന് കര്‍ഷകര്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തില്‍ വില്ലേജുകള്‍ പൂര്‍ണമായും ഉള്‍പ്പെടുത്തിയിരിക്കുന്ന തരത്തിലാണ് പട്ടിക നല്‍കിയിട്ടുള്ളത്. ഈ രീതി സാധൂകരിക്കുന്ന ഭൂപടങ്ങള്‍ പുറത്തിറക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിദ്ധീകരിച്ച രണ്ട് ഭൂപടങ്ങളില്‍ ഏതാണ് അന്തിമമായി അംഗീകരിക്കുന്നതെന്നതിന് സര്‍ക്കാര്‍തലത്തില്‍ വ്യക്തതയില്ലാത്തതും കര്‍ഷകരില്‍ ആശങ്കയുളവാക്കുന്നുണ്ട്.

ജില്ലയിലെ 14 വില്ലേജുകളില്‍ ഇ.എസ്.എ. പരിധിയിലുള്‍പ്പെട്ട സ്ഥലങ്ങള്‍ ചുവടെ:

അട്ടപ്പാടിയിലെ പൂതൂര്‍, അഗളി, ഷോളയൂര്‍ എന്നീ പഞ്ചായത്തുകളിലെ ആറ് വില്ലേജുകള്‍ പൂര്‍ണമായും

തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പാലക്കയം വില്ലേജിലെ മെഴുകുമ്പാറ, ആനമൂളി, പാങ്ങോട്, പൂഞ്ചോല, പള്ളിപ്പടി, വെള്ളത്തോട്, കൊരണകുന്ന്, ഇരുമ്പകച്ചോല, പാലക്കയം, അച്ചിലിട്ടി, മൂന്നേക്കര്‍, മീന്‍വല്ലം

പുതുപ്പരിയാരം-ഒന്ന്, മലമ്പുഴ-ഒന്ന്, പുതുശ്ശേരി എന്നീ വില്ലേജുകളിലെ പുളിയമ്പുള്ളി, നൊച്ചുപ്പള്ളി, കയ്യറ, ഞാറക്കോട്, ധോണി, അട്ടപ്പള്ളം ടോള്‍പ്ലാസ, കനാല്‍പ്പിരിവ്, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (പി.ഐ.എം.എസ്.), അഹല്യ കാമ്പസ്

നെല്ലിയാമ്പതി വില്ലേജ് പൂര്‍ണമായും

മുതലമട-ഒന്ന്, മുതലമട-രണ്ട്, കിഴക്കഞ്ചേരി-ഒന്ന് വില്ലേജുകളിലെ ഗോവിന്ദാപുരം, മീങ്കര, പരുത്തിക്കാട്, മുതലമട മാംഗോസിറ്റി, ചെമ്മണാമ്പതി, കണിച്ചിപ്പരുത, ആരോഗ്യപുരം, പനംകുറ്റി, പാലക്കുഴി