
തൃശ്ശൂർ: പശ്ചിമഘട്ടത്തിലെ ചോലവനങ്ങളിൽ പുതിയ മൂന്നിനം തേരട്ടകളെ കണ്ടെത്തി. ജർമനി ബാണിലെ അലക്സാണ്ടർ കേനിഗ് സുവോളജിക്കൽ റിസർച്ച് മ്യൂസിയത്തിലെ ഗവേഷണസംഘമാണ് ഇവയെ കണ്ടെത്തിയത്. സംഘത്തിലെ കൊടുങ്ങല്ലൂർ സ്വദേശി അവിണിപ്പുള്ളി പൂജ അനിൽകുമാറാണ് പ്രബന്ധം തയ്യാറാക്കിയത്.
ഡിപ്ലോപോഡ വിഭാഗത്തിൽപ്പെട്ടവയാണിത്. ആനമുടി മന്നവൻചോലയിൽ ഷോല നാഷണൽ പാർക്കിൽനിന്ന് കണ്ടെത്തിയ തേരട്ട മന്നവൻ, ഇരവികുളം കടലാർ ചോലയിൽനിന്ന് കണ്ടെത്തിയ തേരട്ട ഇരവികുളം, ഇരച്ചിപ്പേട്ട ചോലക്കാടുകളിൽനിന്ന് കണ്ടെത്തിയ തേരട്ട ഷോല എന്നിവയാണ് പുതിയയിനം തേരട്ടകൾ.


ത്രികോണാകൃതിയിലുള്ള തലയും പർപ്പിൾനിറത്തിൽ വെളുത്ത വരകളോടുകൂടിയ തേരട്ടകൾ നാലുമില്ലീമീറ്റർമാത്രം നീളവും 0.4 മില്ലീമീറ്റർ വണ്ണവുമുള്ളവയാണ്. പോളി സോണിഡെന്ന ജനുസ്സിൽവരുന്ന ഈ തേരട്ടകൾ സക്കിങ് മില്ലീപീഡ്സ് എന്ന വിഭാഗത്തിൽപ്പെട്ടവയാണ്.
1500 മീറ്ററിലേറെ ഉയരമുള്ള പ്രദേശത്തുകഴിയുന്ന ഇവയെ ലോകത്ത് മറ്റൊരിടത്തും കാണാനാവില്ലെന്ന് പൂജ പറഞ്ഞു. ലയബിനിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനാലിസിസ് ഓഫ് ബയോഡൈവേഴ്സിറ്റി ചേയ്ഞ്ചിലെ തോമസ് വീസ്നറുടെ നേതൃത്വത്തിലുള്ള സംഘത്തിലെ ഗവേഷകയാണ് പൂജ.
ബാൺ യൂണിവേഴ്സിറ്റിയിൽനിന്ന് ഓർഗാനിസ്മിക് ഇവലൂഷണറി ആൻഡ് പാലിയോബയോളജിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. അഞ്ചുവർഷമായി ജർമനിയിൽ ഗവേഷണം നടത്തുന്നു. കൊടുങ്ങല്ലൂർ അവിണിപ്പുള്ളി അനിൽകുമാറിന്റെയും സജിതയുടെയും മകളാണ്.
Content Highlights: new millipeeds found in Westernghats
Published: 10 Oct 2022, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented