തൃശ്ശൂർ: ‘ലൈറിയോതെമിസ് കേരളെൻസിസ്’ - ശാസ്ത്രലോകത്തിന് കേരളത്തിൽനിന്ന് ഗവേഷകർ പുതുതായി പരിചയപ്പെടുത്തുന്ന കുഞ്ഞൻ തുമ്പിയുടെ പേരാണത്. മൂന്ന് സെന്റീമീറ്റർ മാത്രമേ ഇവയ്ക്ക് നീളമുള്ളു. കോതമംഗലം താലൂക്കിലെ വാരപ്പെട്ടിയിൽനിന്നുമാണ് ഇവയെ കണ്ടെത്തിയത്.

To advertise here,

പ്രദേശത്തെ തണൽനിറഞ്ഞ പൈനാപ്പിൾ, റബ്ബർ തോട്ടങ്ങളിലൂടെ ഒഴുകുന്ന കനാലുകളിലും വെള്ളക്കെട്ടുകളിലും കാലവർഷക്കാലത്ത് മാത്രമാണ് ഈ തുമ്പിയെ കാണുന്നത്. അതുകൊണ്ടുതന്നെ ജൈവസമ്പന്നമായ കേരളത്തിന്റെ പേരുതന്നെ ഗവേഷകർ ഇവയ്ക്ക് നൽകി.

ഈ തുമ്പികളിൽ ആണിന് ചുവപ്പിൽ കറുത്ത പാടുകളും അല്പം വണ്ണം കൂടിയ പെൺ തുമ്പികൾക്ക് മഞ്ഞയിൽ കറുത്ത പാടുകളുമാണുള്ളത്. സംരക്ഷിത മേഖലകളുടെ പുറത്ത് കാണപ്പെടുന്നതിനാൽ ഈ തുമ്പിക്കും അനുബന്ധ ജീവികൾക്കും പ്രത്യേക സംരക്ഷണശ്രദ്ധ നൽകേണ്ടതുണ്ടെന്ന് ഇവയെ തിരിച്ചറിഞ്ഞ ഗവേഷകസംഘം പറയുന്നു.

ബെംഗളൂരു ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ബട്ടർഫ്ലൈസ്, ഡോ. ദത്തപ്രസാദ് സാവന്ത്‌, കേരള കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് ഫോറസ്ട്രിയിലെ ഡോ. വിവേക് ചന്ദ്രൻ, സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസിലെ രഞ്ജിത് ജേക്കബ് മാത്യൂസ്, ബെംഗളൂരു നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ഡോ. കൃഷ്ണമേഘ് കുണ്ടെ എന്നിവർ നടത്തിയ ഈ പഠനം ഇന്റർനാഷണൽ ജേണൽ ഓഫ് ഓഡോണേറ്റോളജിയിൽ പ്രസിദ്ധീകരിച്ചു.