കൊച്ചി: ഒരു നൂറ്റാണ്ടോളമാകുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ എഫ്.സി. ഫ്രേസർ ആ സൂചിത്തുമ്പിയെ കണ്ടെത്തിയിട്ട്. അതിനെക്കുറിച്ച് ഒരുപാട് ശാസ്ത്രജ്ഞർ പിന്നീട് പഠനങ്ങൾ നടത്തി. അപ്പോഴാണ് ആ കണ്ടുപിടിത്തം തെറ്റായിരുന്നുവെന്ന് റഷ്യൻ ശാസ്ത്രജ്ഞൻ ഒലേഗ് കോസ്റ്ററിൻ കണ്ടെത്തുന്നത്. അതിന് പിന്നാലെ കൂടിയ മലയാളി ശാസ്ത്രജ്ഞർക്ക് കിട്ടിയതാകട്ടെ തുമ്പികളിലെ പുതിയ ഇനത്തെ. അതും കേരളത്തിൽ നിന്ന്. ലെസ്റ്റസ് ഇനത്തിൽപ്പെട്ട, കാലാവസ്ഥ അനുസരിച്ച് നിറം മാറുന്ന ’നീലത്തവിടൻ’ സൂചിത്തുമ്പിയെയാണ് ഗവേഷകർ കണ്ടെത്തിയത്.

To advertise here,

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ’ലെസ്റ്റസ് നോഡാലിസ്’ എന്നയിനം ചേരാച്ചിറകൻ സൂചിത്തുമ്പികളെ ഫ്രേസർ കണ്ടെത്തുന്നത് 1930-ൽ ആണ്. സാധാരണ സൂചിത്തുമ്പികൾ ചെടികളിലും മറ്റും വന്നിരിക്കുമ്പോൾ ചിറകുകൾ ചേർത്ത് വെയ്ക്കും. പക്ഷേ ചേരാച്ചിറകൻ സൂചിത്തുമ്പികൾ ചിറക് വിടർത്തിയാണിരിക്കുക. ’ദി ഫോണ ഓഫ് ബ്രിട്ടീഷ് ഇന്ത്യ’ എന്ന ശാസ്ത്രപുസ്തകത്തിലും ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിലും ഇത് അന്ന് പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ 2019-ൽ റഷ്യൻ ശാസ്ത്രജ്ഞനായ ഒലേഗ് കോസ്റ്ററിൻ, അന്താരാഷ്ട്ര ജേണലായ സൂടാക്സയിൽ, ഫ്രേസറുടെ ’ലെസ്റ്റസ് നോഡാലിസിസ്’ കണ്ടുപിടിത്തം തെറ്റാണെന്ന് സ്ഥാപിച്ചു.

1987-ൽ ലാഹിരി എന്ന ശാസ്ത്രജ്ഞൻ മേഘാലയ, മണിപ്പുർ എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ ’ലെസ്റ്റസ് ഗാരോയിൻസിസ്’ എന്ന സൂചിത്തുമ്പിയെത്തന്നെയാണ് ഫ്രേസർ കണ്ടതെന്നും അതിനെ നോഡാലിസിസ് ആയി തെറ്റിദ്ധരിക്കുകയായിരുന്നെന്നും വ്യക്തമാക്കി. അങ്ങനെ 89 വർഷമെടുത്ത് തുമ്പിശാസ്ത്രത്തിൽ ഒരു തിരുത്തൽ നടന്നു, അപൂർവങ്ങളിലപൂർവമായി സംഭവിക്കുന്നത്.

കേരളത്തിൽ ചേരാച്ചിറകൻ തുമ്പികളെ കുറിച്ച് ഗവേഷണം നടത്തുന്ന കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവശാസ്ത്ര അധ്യാപകനായ വിനയൻ പി. നായർ, ഒലേഗ് കോസ്റ്ററിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോൾ ഇത്തരം തുമ്പികളെ കേരളത്തിൽ കണ്ടെത്താൻ സാധ്യതയേറെയാണെന്ന് മനസ്സിലാക്കി. വിനയനും ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ. കലേഷ് സദാശിവൻ, പാലാ അൽഫോൻസാ കോളേജിലെ ഡോ. മായ ജോർജ്, കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിലെ ഡോ. എബ്രഹാം സാമുവൽ എന്നിവർ ചേർന്ന് ഗവേഷണം തുടർന്നു.

ഈ ശാസ്ത്രസംഘത്തിന് കണ്ണൂർ തളിപ്പറമ്പ് സർ സയ്യദ് കോളേജിന്റെ പിൻഭാഗത്തുള്ള വരഡൂർ-പനക്കാട് പ്രദേശത്തെ ചെങ്കൽപ്പാറകളിൽ നിന്ന് വ്യത്യസ്ത ഇനം തുമ്പിയെ കിട്ടി. ഇവയ്ക്ക് വടക്കുകിഴക്കൻ ഇന്ത്യയിലെ ലെസ്റ്റസ് നോഡാലിസിസും ലെസ്റ്റസ് ഗാരോയിൻസിസുമായി സാമ്യമുണ്ടെങ്കിലും ചില വ്യത്യാസങ്ങളുണ്ടെന്ന് കണ്ടെത്തി. ആൺതുമ്പികളുടെ കുറുവാലുകളുടെയും രണ്ടാമത്തെ ജനനേന്ദ്രിയത്തിന്റെയും രൂപങ്ങളിൽ കാര്യമായ വ്യത്യാസമുണ്ടായിരുന്നു.

കാലാവസ്ഥ അനുസരിച്ച് വേനലിൽ തവിട്ടുനിറത്തിലും മഴക്കാലത്ത് നീലനിറത്തിലുമാണ് ഇവ കാണപ്പെടുക. തുമ്പിലോകത്തെ പുതിയ ഇനമായി അവർ അതിനെ രേഖപ്പെടുത്തി. ഇന്റർനാഷണൽ ജേണൽ ഓഫ് ഒഡോണാറ്റോളജിയിൽ ഇത് പ്രസിദ്ധീകരിച്ചു.

1923-ൽ കൊച്ചി, മലബാർ എന്നിവിടങ്ങളിൽ നിന്ന് ചേരാച്ചിറകൻ ഇനത്തിലെ ’ലെസ്റ്റസ് മലബാറിക്ക’ എന്ന ഇനത്തെ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് പശ്ചിമഘട്ടത്തിൽ നിന്ന് ലെസ്റ്റസ് ഇനത്തിലെ പുതിയൊരു സൂചിത്തുമ്പിയെ കണ്ടെത്തുന്നത്. പുതിയ ചേരാച്ചിറകൻ ഇനത്തിന് അവർ ’നീലത്തവിടൻ’ എന്ന് പേരിട്ടു. ’ലെസ്റ്റസ് പാലോട്ടി’ എന്നാണ് ഇംഗ്ലീഷ് നാമം. കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ജാഫർ പാലോട്ടിന്റെ ഇന്ത്യൻ തുമ്പിശാസ്ത്രത്തിലെ സംഭാവനകൾക്ക് ആദരമർപ്പിച്ചാണ് ഇങ്ങനെ പേര് നൽകിയത്.