
ലോകമെമ്പാടുമുള്ള ശുദ്ധജല മത്സ്യങ്ങളുടെ നാലിലൊന്നും (25 %) വംശനാശഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. ഭീഷണി നേരിടുന്നവയില്‍ 17 ശതമാനത്തിലും കാലാവസ്ഥാ മാറ്റം, ജലനിരപ്പ്, സമുദ്രനിരപ്പ് വർധന എന്നിവയാണ് പ്രതികൂല ഘടകങ്ങളാവുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വറിന്റെ (ഐയുസിഎന്‍) ചുവപ്പുപട്ടികയെ അടിസ്ഥാനമാക്കിയുളള റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.ആഗോള താപനം, അമിത മത്സ്യബന്ധനം, മലിനീകരണം തുടങ്ങിയ വെല്ലുവിളികളും ശുദ്ധജല മത്സ്യങ്ങള്‍ നേരിടുന്നു.
ഒരുകാലത്ത് വടക്കൻ അമേരിക്കയിലെ ജലാശയങ്ങളിലടക്കം സ്ഥിരസാന്നിധ്യമായിരുന്ന അത്ലാന്റിക് സാല്‍മണും മുൻവർഷങ്ങളിലേതിനേക്കാൾ വലിയ ഭീഷണി നേരിടുന്നുണ്ട്. 2006-നും 2020-നുമിടയില്‍ അത്ലാന്റിക് സാല്‍മണുകളുടെ എണ്ണം 23 ശതമാനമായി കുറഞ്ഞു. നേരത്തെ പട്ടികയിൽപ്പെടാതിരുന്ന ഈ മത്സ്യതത്തെയും ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലേക്ക് ഐയുസിഎന്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ജലചൂഷണം 45 ശതമാനത്തോളം വരുന്ന ശുദ്ധജലമത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചു. മലിനീകരണം (57 %), അമിത മത്സ്യബന്ധനം (25 %) എന്നിങ്ങനെ പോകുന്നു കണക്കുകൾ. വടക്കന്‍ യൂറോപ്പില്‍ അധിനിവേശ സ്വഭാവമുള്ള പസഫിക് പിങ്ക് സാല്‍മണുകളും ശുദ്ധജല മത്സ്യങ്ങൾക്ക് ഭീഷണിയുയർത്തി. പല ജീവജാലങ്ങളുടെയും വംശമറ്റുപോകാനുള്ള പ്രധാന കാരണമായിരുന്നു അധിനിവേശ ജീവജാലങ്ങള്‍. രോഗബാധ, അധിനിവേശ വിഭാഗങ്ങളുടെ സാന്നിധ്യം എന്നിവ ശുദ്ധജലമത്സ്യങ്ങളുടെ 33 ശതമാനത്തെയാണ് ബാധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യങ്ങളിലൊന്നായ മെകോങ് ജയന്റ് കാറ്റ്ഫിഷും ഇന്ന് നാശത്തിന്റെ വക്കിലാണ്.

ലോകമൊട്ടാകെ തിരിച്ചറിഞ്ഞ മത്സ്യങ്ങളുടെ പകുതിയിലധികവും ശുദ്ധജലമത്സ്യങ്ങളാണ്. അതിനാല്‍ തന്നെ ആവാസവ്യവസ്ഥയില്‍ ഇവയ്ക്ക് കാതലായ പങ്കുണ്ട്. ശുദ്ധജലമത്സ്യങ്ങളെ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്നവരാണ് ഇതോടെ പ്രതിസന്ധിയിലാവുക. ശുദ്ധജലാശയങ്ങളിലെ ആവാസവ്യവസ്ഥ നല്ല രീതിയില്‍ പരിപാലിക്കുകയാണ് വേണ്ടതെന്ന് ഐയുസിഎന്നിലെ വിദഗ്ധര്‍ നിർദേശിക്കുന്നു. ശുദ്ധജലമത്സ്യങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത് ലോകത്താകെയുള്ള മത്സ്യസമ്പത്തിനെയും ബാധിക്കുമെന്നത് തീർച്ചയാണ്.
Content Highlights: nearly a quarter of the world’s freshwater fish are at risk of extinction
Published: 20 Dec 2023, 12:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented