പ്ലാസ്റ്റിക്ക് എന്ന് വില്ലന് ബദല്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (എന്‍.ഐ.ഐ.എസ്.റ്റി) ഗവേഷകര്‍. അടുത്ത കാലത്തായി മനുഷ്യ രാശി അനുഭവിക്കേണ്ടി വന്ന പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണം പ്ലാസ്റ്റിക്ക് പോലെയുള്ള മാലിന്യങ്ങളുടെ കാലാകാലങ്ങളായുള്ള ഉപയോഗമാണ്. പ്ലാസ്റ്റിക്ക് സാധാരണ വസ്തുക്കളെ പോലെ ദ്രവിച്ചു തീരില്ല. ഇത് മണ്ണിന്റെ ഫലഭൂയിഷ്ടിയെ ബാധിക്കുന്നതിനോടൊപ്പം നീര്‍ചാലുകളിലും മറ്റും കെട്ടി കിടന്ന് സ്വാഭാവിക നീരൊഴുക്ക് തടയുന്നു. ഇതിനാലാണ് സര്‍ക്കാരുകളും മറ്റും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനെ പറ്റി ചിന്തിക്കുന്നത്.

To advertise here,

എന്നാല്‍ ദൈനംദിന ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു അഭിവാജ്യ ഘടകമായി പ്ലാസ്റ്റിക്ക് മാറിയിരിക്കുകയാണ്. ചെയ്യാന്‍ കഴിയാവുന്ന ഒരേ ഒരു കാര്യം ഇതിന് ബദല്‍ കണ്ടെത്തുക എന്നതാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് എന്‍.ഐ.ഐ.എസ്.റ്റിയിലെ ഗവേഷകര്‍ പ്ലാസ്റ്റിക്കിന് ബദല്‍ കണ്ടെത്തിയത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ധാരാളം പാഴ് വസ്തുക്കള്‍ (അഗ്രോവേസ്റ്റ്‌) നമ്മള്‍ക്ക് ലഭ്യമാണ്. വിളവെടുപ്പിന് ശേഷം വരുന്ന ഓല, നാര് പോലെയുള്ള വസ്തുക്കള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കപ്പെടുന്നില്ല. ഇത് വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും അത് ഗുണകരമാകും. ഈ കാഴ്ചപ്പാടിലാണ് അഗ്രോവേസ്റ്റിൽ നിന്ന് ബയോഡീഗ്രേഡബിളായിട്ടുള്ള പാത്രങ്ങളും കപ്പുകളും നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്തത്.

തുടര്‍ന്ന് രണ്ട് മൂന്ന് തരത്തിലുള്ള വസ്തുക്കള്‍ സംഘം ഉണ്ടാക്കി. ഈ സാങ്കേതിക വിദ്യ മറ്റ് പല സ്ഥാപനങ്ങള്‍ക്കും സംഘം കൈമാറി. സ്ഥാപനങ്ങള്‍ ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇത് വിജയകരമായി തീരുകയാണെങ്കില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് ബദലായി തീരും. യാതൊരു വിധ കെമിക്കലുകള്‍ ഇല്ലാതെയാണ് ബയോഡീഗ്രേഡബിള്‍ വസ്തുക്കളുടെ നിര്‍മാണം. ഉപയോഗ ശേഷം കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാന്‍ കഴിയുന്ന വസ്തുക്കള്‍ കൊണ്ടാണ് പാത്രങ്ങള്‍, കപ്പുകള്‍ എന്നിവ നിര്‍മിച്ചിരിക്കുന്നത്. വലിച്ചെറിയുകയാണെങ്കില്‍ പോലും മൂന്ന് മാസത്തിനുള്ളില്‍ മണ്ണുമായി ഇത് കൂടിച്ചേരും. വെള്ളത്തിലിട്ടാല്‍ മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി തീരും.

Content Highlights: N.I.I.S.T develops alternate for single use plastics that are biodegradable