മണിക്കൂറുകൾക്കകം ഉപ്പുവെള്ളത്തിൽ ലയിക്കുന്ന പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്ത് ഗവേഷകർ
ലോകമെമ്പാടുമുള്ള സമുദ്ര മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പ്ലാസ്റ്റിക്. 500 വർഷം വരെ ദ്രവിക്കാതിരിക്കുന്ന പ്ലാസ്റ്റിക്കിന് പകരം വെള്ളത്തിൽ ലയിച്ചുപോകുന്ന പ്ലാസ്റ്റിക് ഉണ്ടായിരുന്നെങ്കിൽ ഈ മലിനീകരണം കുറയ്ക്കാനാവുമായിരുന്നില്ലേ. എന്നാൽ അത്തരത്തിലുള്ള പ്ലാസ്റ്റിക് മെറ്റീരിയൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജപ്പാനിലെ ശാസ്ത്രജ്ഞർ.
ഉപ്പുമായി സമ്പർക്കം പുലർത്തുമ്പോൾ ഈ പുതിയ പ്ലാസ്റ്റിക് അതിന്റെ യഥാർത്ഥ ഘടകങ്ങളായി വിഘടിക്കും. ഈ ഘടകങ്ങളെ പിന്നീട് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ പ്രോസസ്സ് ചെയ്യുകയും മൈക്രോപ്ലാസ്റ്റിക് അല്ലെങ്കിൽ നാനോപ്ലാസ്റ്റിക് കണികകൾ ഇതിൽ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. റിക്കെൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെയും ടോക്കിയോ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ പ്ലാസ്റ്റിക്കിന് പെട്രോളിയം ബേസ്ഡ് പ്ലാസ്റ്റിക്കിന്റെ ശക്തിയുണ്ടെന്നാണ് വിവരം.
വാക്കോ സിറ്റിയിലെ ഒരു ലാബിൽ പുതിയ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് വസ്തുക്കൾ ഗവേഷകർ പ്രദർശിപ്പിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഉപ്പുവെള്ളത്തിൽ ഈ പ്ലാസ്റ്റിക് ഒരു മണിക്കൂറിനുള്ളിൽ എങ്ങനെ ലയിച്ചുചേരുന്നുവെന്ന് പ്രദർശനത്തിൽ കാണിക്കുകയും ചെയ്തു. മണ്ണിലും ഉപ്പിന്റെ അംശമുള്ളതിനാൽ അവിടെയും ഈ പ്ലാസ്റ്റിക് ലയിച്ചുചേരും. പക്ഷേ 200 മണിക്കൂർ സമയമെടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുതിയ പ്ലാസ്റ്റിക് വസ്തുക്കൾ വിഷരഹിതമാണെന്നും, തീയെ പ്രതിരോധിക്കുന്ന കഴിവുള്ളതാണെന്നും, കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നില്ലെന്നുമാണ് റിപ്പോർട്ട്.
അതേസമയം വാണിജ്യ ആവശ്യങ്ങൾക്ക് ഈ മെറ്റീരിയൽ ഇപ്പോൾ ഉപയോഗിക്കാനാവില്ലെന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം ഇത് കോട്ടിങ് ആയി ഉപയോഗിക്കാൻ വേണ്ട പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. 2040 ആകുമ്പോഴേക്കും പ്ലാസ്റ്റിക് മലിനീകരണം മൂന്നിരട്ടിയാകുമെന്നും, സമുദ്രത്തിൽ മാത്രം പ്രതിവർഷം 23 മുതൽ 37 ദശലക്ഷം മെട്രിക് ടൺ മാലിന്യം വരെ ചേരുമെന്നുമാണ് യുഎൻ കണക്കുകൾ.
Content Highlights: Scientists make new plastic that dissolves in water in a few hours
Published: 08 Jun 2025, 07:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented