മുംബൈ: മുംബൈയിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) മോശമായതിനെത്തുടർന്ന് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ-4 (ഗ്രാപ് 4) പ്രകാരമുള്ള കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കി സർക്കാർ. ഞായറാഴ്ച നഗരത്തിന്റെ ചില ഭാഗങ്ങളിൽ എക്യുഐ മോശം വിഭാഗത്തിൽ രേഖപ്പെടുത്തിയിരുന്നു.
മസ്ഗാവ്, ദിയോനാർ, മലാഡ്, ബോറിവലി ഈസ്റ്റ്, ചക്കാല-അന്ധേരി ഈസ്റ്റ്, നേവി നഗർ, പവായ്, മുളുണ്ട് എന്നീ നഗരങ്ങളിൽ വായു ഗുണനിലവാര സൂചിക 'അതീവ ഗുരുതരം' എന്ന വിഭാഗത്തിൽ കടന്നതോടെയാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഗ്രാപ് 4 നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചത്.
മുംബൈയിലെ പൗരസമിതിയായ ബിഎംസിയുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെച്ചിരിക്കുകയാണ്. അമ്പതിലധികം നിർമ്മാണ സൈറ്റുകൾക്ക് ഷട്ട്ഡൗൺ നോട്ടീസുകൾ നൽകിയതായി ബിഎംസി റിപ്പോർട്ട് ചെയ്തു. സൈറ്റുകൾ നിരീക്ഷിക്കുന്നുണ്ടെന്നും മലിനീകരണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ കർശനമായി നിരോധിക്കുമെന്നും സംഘടന പറഞ്ഞു. ചെറുകിട വ്യവസായശാലകൾക്കും മലിനീകരണമുണ്ടാക്കാത്ത തരത്തിൽ പ്രവർത്തിക്കണമെന്നുള്ള നിർദേശമുണ്ട്.
മലിനീകരണ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കാനും വായു മലിനീകരണം നിരീക്ഷിക്കുന്നതിനുമായി അധികൃതർ ഓരോ വാർഡിലും ഫ്ലൈയിങ് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. എഞ്ചിനീയർമാർ, പോലീസ് ഉദ്യോഗസ്ഥർ, ജിപിഎസ് ട്രാക്കർ എന്നിവരടങ്ങിയ ഈ സംഘങ്ങൾ മലിനീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലങ്ങൾ 24 മണിക്കൂർ നിരീക്ഷണം ഉറപ്പാക്കും.
അതിനിടെ പ്രദേശവാസികളിൽ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരുന്നതായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണെരിച്ചിൽ, ശ്വാസംമുട്ടൽ, തൊണ്ടവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായെത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: Mumbai implements strict GRAP 4 pollution control measures as Air Quality Index (AQI) reaches `Very Poor` & `Severe` categories in multiple areas.
Published: 01 Dec 2025, 11:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented