മുംബൈ: ഡൽഹിക്ക് പിന്നാലെ മുംബൈയിലെയും വായുഗുണനിലവാരം വഷളാകുന്നതായി റിപ്പോർട്ട്. മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്കുകളിൽ ശനിയാഴ്ച നഗരത്തിലെ പല ഭാഗങ്ങളിലും 150-200 എന്ന നിലയിലാണ് വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) രേഖപ്പെടുത്തിയത്. വായുഗുണനിലവാരം മോശമാകുന്നത് ഭരണസംവിധാനത്തിന്റെ വീഴ്ചയാണെന്ന ആരോപണവുമായി കോൺഗ്രസും ശിവസേനയും രംഗത്തെത്തി. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും സംസ്ഥാന സർക്കാരും വായു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസും ശിവസേനയും (യുബിടി) ആരോപിച്ചു.

To advertise here,

വായുമലിനീകരണം മുംബൈയുടെ ഭാവിയ്ക്ക് ഭീഷണിയാകുമെന്ന് കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാദ് മുന്നറിയിപ്പ് നൽകി. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ വായു ഗുണനിലവാര സൂചിക 150-200 എന്ന നിലയിലാണ് തുടരുന്നതെന്നും ദിയോനാർ, വഡാല പോലുള്ള പ്രദേശങ്ങളിൽ ഇത് ‘ഗുരുതരം’ എന്ന വിഭാഗത്തിലേക്ക് കടന്നിട്ടുണ്ടെന്നും വർഷ ഗെയ്ക്‌വാദ് ചൂണ്ടിക്കാട്ടി.

‘വായുമലിനീകരണത്തിൽ മുംബൈ ഡൽഹിയുമായി മത്സരിക്കേണ്ട കാര്യമില്ല. ഇപ്പോഴുള്ള സ്ഥിതി തുടർന്നാൽ മുംബൈ സ്വദേശികളുടെ ശരാശരി ആയുർദൈർഘ്യം അഞ്ച് മുതൽ ഏഴ് വർഷം വരെ കുറയും. കുട്ടികളും പ്രായമായവരും ഉയർന്ന അപകടസാധ്യതയിലാണ്’, വർഷ ഗെയ്ക്‌വാദ് പറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി കോൺഗ്രസ് ശനിയാഴ്ച മാനിഫെസ്റ്റോ പുറത്തിറക്കുമെന്നും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയ്ക്കും മുനിസിപ്പൽ കമ്മീഷണർക്കും കത്തെഴുതുമെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു.

സംസ്ഥാന സർക്കാരിന് വായുമലിനീകരണം സംബന്ധിച്ച ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പറഞ്ഞു. ‘മുംബൈ നഗരത്തിലെ വായു ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് അധികൃതർ സമ്മതിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ തീപ്പിടിത്തം ഉണ്ടാകുന്നതും പതിവാണ്. ഇവയെല്ലാം പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്’, സാവന്ത് ആരോപിച്ചു.

നഗരത്തിലെ മലിനീകരണ തോത് സംബന്ധിച്ച് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ, മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (എംപിസിബി), അമിക്കസ് ക്യൂറി എന്നിവർ സ്വീകരിച്ച പരസ്പരവിരുദ്ധമായ നിലപാടുകളിൽ മുംബൈ ഹൈക്കോടതി വെള്ളിയാഴ്ച അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിഎംസിയുടെ മലിനീകരണ നിയന്ത്രണ മാർഗനിർദേശങ്ങൾ യഥാർഥത്തിൽ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മുംബൈയിലെ രണ്ട് നിർമ്മാണ മേഖലകൾ പരിശോധിക്കാൻ കോടതി അഞ്ചംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്.