ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം നിയന്ത്രണാതീതമായി വർധിച്ച സാഹചര്യത്തിൽ എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളും 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരുമായി പ്രവർത്തിക്കരുതെന്ന ഉത്തരവുമായി ഡൽഹി സർക്കാർ. ബാക്കിയുള്ള ജീവനക്കാർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യണമെന്നും നിർദേശത്തിലുണ്ട്. ഡൽഹി മാനേജ്‌മെന്റ് കമ്മിഷൻ നിർണയിക്കുന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ ലെവൽ 3 (ഗ്രാപ്-3) പ്രകാരമാണ് പ്രഖ്യാപനം. ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യൂഐ)യേയും കാലാവസ്ഥാ പ്രവചനങ്ങളെയും അടിസ്ഥാനമാക്കിയുള്ള അടിയന്തര പ്രതികരണ സംവിധാനമാണ് ഗ്രാപ്പ്.
ഉത്തരവ് പ്രകാരം എല്ലാ സർക്കാർ ഓഫീസുകളും മൊത്തം ജീവനക്കാരിൽ പകുതി പേർ ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കണം. അടിയന്തര സേവനങ്ങൾ നടപ്പിലാക്കുന്നതിന് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും അധിക ജീവനക്കാരെ വിളിക്കാൻ അനുവാദമുള്ളു.
വായുഗുണനിലവാരം 201-നും 300-നും ഇടയിലായിരിക്കുമ്പോൾ ഗ്രാപ്-1 നിയന്ത്രണങ്ങളും, 301-നും 400-നും ഇടയിലായിരിക്കുമ്പോൾ ഗ്രാപ്- 2 നിയന്ത്രണങ്ങളും, 401-നും 450-നും ഇടയിലായിരിക്കുമ്പോൾ ഗ്രാപ്- 3 നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരും. വായുഗുണനിലവാരം 451 കടക്കുമ്പോഴാണ് ഗ്രാപ്- 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഡൽഹിയിൽ ഒരാഴ്ചയായി വായുഗുണനിലവാരം 400-ന് മുകളിൽ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിനാണ് സർക്കാർ നീക്കം. ഗ്രാപ്- 3 പ്രകാരമുള്ള എല്ലാ മലിനീകരണ നിയന്ത്രണ നടപടികളും 24 മണിക്കൂറും സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. മാലിന്യങ്ങളും ജൈവവസ്തുക്കളും തുറസ്സായ സ്ഥലത്ത് കത്തിക്കുന്നത് ഒഴിവാക്കാനും ഗ്രീൻ ഡൽഹി ആപ്പ് വഴി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആശുപത്രികൾ, ആരോഗ്യ സ്ഥാപനങ്ങൾ, അഗ്നിശമന സേവനങ്ങൾ, ജയിലുകൾ, പൊതുഗതാഗത വകുപ്പുകൾ, വൈദ്യുതി, ജലസേചന സ്ഥാപനങ്ങൾ, ശുചിത്വ സ്ഥാപനങ്ങൾ, ദുരന്ത നിവാരണ യൂണിറ്റുകൾ, മലിനീകരണ നിയന്ത്രണ ഏജൻസികൾ എന്നിവയെ 50 ശതമാനം പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാൽ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 15, 16 പ്രകാരമുള്ള കുറ്റം ചുമത്തുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Delhi government mandates 50% office attendance due to severe air pollution.
Published: 24 Nov 2025, 10:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented