പുല്‍പള്ളി (വയനാട്): മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനമായി. ക്വാറികളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികള്‍ പരിഗണിച്ച്, നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നതും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളതുമായ മുഴുവന്‍ ക്വാറികളും നിര്‍ത്തിവെക്കുന്നതിനായി പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്തു. അഴിമതി ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്കും വിജിലന്‍സിനും പരാതി നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അറിയിച്ചു.

To advertise here,

സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം അടുത്ത ദിവസം പഞ്ചായത്തിന്റെ ബോര്‍ഡ് യോഗം വിളിച്ച് ചര്‍ച്ച ചെയ്ത് പാസാക്കാനാണ് നീക്കം. 'ക്വാറികള്‍ വിഴുങ്ങുന്നു മുള്ളന്‍കൊല്ലിയെ' എന്ന മാതൃഭൂമി വാര്‍ത്താപരമ്പരയെ തുടര്‍ന്നാണ് ക്വാറികള്‍ക്കെതിരേ മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് നടപടിയെടുത്തത്. അതേസമയം ക്വാറികള്‍ പൂട്ടാനുള്ള പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനത്തെച്ചൊല്ലിയും ആക്ഷേപങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

ക്വാറികള്‍ പൂട്ടാനുള്ള സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും ഗ്രാമപ്പഞ്ചായത്ത് അംഗം ജോസ് നെല്ലേടം ആരോപിച്ചു. ക്വാറികള്‍ക്കെതിരേ ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ നല്‍കിയ കത്തുകള്‍, ഗ്രാമസഭാപ്രമേയങ്ങള്‍, പരാതികള്‍ തുടങ്ങിയവ അജന്‍ഡയായിവെച്ച് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ട മാത്രമേ ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ സാധിക്കുകയുള്ളൂ.

നിലവിലെ സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനത്തിന് പഞ്ചായത്തീരാജ് ചട്ടപ്രകാരം നിയമസാധുതയില്ല. ക്വാറികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള തീരുമാനം ആത്മാര്‍ഥമാണെങ്കില്‍ അടിയന്തരമായി ബോര്‍ഡ് യോഗം വിളിച്ച് അജന്‍ഡവെച്ച് ചര്‍ച്ചചെയ്ത് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുള്ളന്‍കൊല്ലിയിലെ ക്വാറികള്‍ക്കെതിരേ വ്യാപകമായി പരാതികള്‍ ഉയരുകയും ഇത് വലിയ വാര്‍ത്തയാവുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ കളക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമെന്നും ക്വാറികള്‍ക്കെതിരേ നടപടി എടുക്കുമെന്നും വ്യക്തമായതോടെയാണ് പഞ്ചായത്ത് തിടുക്കത്തില്‍ നടപടി സ്വീകരിച്ചത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണം എന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജിസ്റ മുനീര്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, ഷിജോയ് മാപ്ലശ്ശേരി എന്നിവര്‍ കഴിഞ്ഞദിവസം പഞ്ചായത്ത് ഭരണസമിതിക്ക് കത്തുനല്‍കിയിരുന്നു.

ക്വാറികള്‍ക്കെതിരേ പഞ്ചായത്തിന്റെ നടപടി പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ പാടിച്ചിറ, മരക്കടവ് ഡിപ്പോ, ശിശുമല എന്നിവിടങ്ങളിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമേ ചണ്ണോത്തുകൊല്ലിയിലും മരക്കടവ് ഡിപ്പോയിലും പുതിയ ക്വാറികള്‍ക്കുള്ള പ്രവര്‍ത്തനാനുമതിയും ഗ്രാമപ്പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. ക്വാറികള്‍ക്കുവേണ്ടിയുള്ള പാരിസ്ഥിതികാനുമതിക്കായി ഒന്‍പത് അപേക്ഷകള്‍ പരിഗണനയിലുണ്ട്. ക്വാറി ലൈസന്‍സിനുവേണ്ടി അണിയറനീക്കം നടത്തുന്നവരും ഒട്ടേറെയുണ്ട്.

വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കൂടുതല്‍ ക്വാറികള്‍ വരുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. ക്വാറികള്‍ക്കെതിരേ നാട്ടുകാര്‍ കര്‍മസമിതികള്‍ രൂപവത്കരിച്ച് പരാതികള്‍ നല്‍കിയും പ്രതിഷേധ സമരങ്ങളുമായും രംഗത്തുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്നും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്നും ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് മുള്ളന്‍കൊല്ലിയിലെ ചില ജനപ്രതിനിധികള്‍ ചേര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതിനല്‍കിയിരുന്നു.

ക്വാറിക്ക് നോട്ടീസ് നല്‍കി

ശിശുമലയില്‍ പ്രവര്‍ത്തിക്കുന്ന പുല്‍പള്ളി സ്റ്റോണ്‍ ക്രഷേഴ്സിന് ക്വാറി, ക്രഷര്‍ എന്നിവയ്ക്ക് അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനാനുമതിയിലെ വ്യവസ്ഥകളെല്ലാം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍ നോട്ടീസ് നല്‍കി. സ്ഥാപനത്തോട് അനുബന്ധിച്ചുള്ള സ്റ്റോക്ക് യാര്‍ഡ് 12 അടി ഉയരത്തില്‍ ഗാര്‍ഡന്‍ നെറ്റ് ഫെന്‍സിങ് ഉപയോഗിച്ച് മറയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിനെതിരേ ലഭിച്ച പരാതിയില്‍ മലിനീകരണ നിയന്ത്രണബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍ നോട്ടീസ് നല്‍കിയത്.

നാട്ടുകാര്‍ പരാതിനല്‍കി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം എന്ന കളക്ടറുടെ ഉത്തരവ് ലംഘിച്ച് ശിശുമലയിലെ ക്വാറിയില്‍ സ്‌ഫോടനം നടത്തി പാറ ഖനനം ചെയ്യുന്നതായി നാട്ടുകാര്‍ പാടിച്ചിറ വില്ലേജ് ഓഫീസര്‍ക്ക് പരാതിനല്‍കി. സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

അന്വേഷണം നടത്തണം - ബി.ജെ.പി.

പുല്‍പള്ളി: പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ മുക്കിലും മൂലയിലും ക്വാറി ഖനനത്തിന് അനുമതികൊടുത്ത പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ക്വാറി മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അന്വേഷിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍തന്നെ ഇത്തരം ക്വാറിമാഫിയകളുടെ താത്പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രാജന്‍ പറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സദാശിവന്‍ കളത്തില്‍, രഞ്ജിത് ഇടമല, കുമാരന്‍ പൊയ്ക്കാട്ടില്‍, പി.എന്‍. സന്തോഷ്, ബെന്നി കുളങ്ങര, സതീശന്‍ കുറ്റിക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.