ന്യൂഡൽഹി: ഖനനം സ്വകാര്യകമ്പനികൾക്ക് കൈയടക്കാനാവും വിധം ഇളവുകളും അധികാരങ്ങളും നൽകുന്ന, ഖനനനിയന്ത്രണ ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിൽനിന്ന് ഖനനനിയന്ത്രണാധികാരം എടുത്തുമാറ്റാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. കേരളത്തിന്റെ ആഴക്കടൽ, തീരഖനന സാധ്യതകൾ സ്വകാര്യ കുത്തകകൾക്ക് തീറെഴുതാൻ ബിൽ വഴിയൊരുക്കുമെന്ന് ആശങ്കയുയർന്നു.

To advertise here,

സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ ഖനനാനുമതിക്ക് അധികനികുതിയോ സെസ്സോ ഈടാക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ബിൽ. ഖനനം സംബന്ധിച്ച ഏതു തീരുമാനവും കേന്ദ്രസർക്കാരിന്റെ അധീനതയിലാവും. ആഴക്കടൽ ധാതുഖനനത്തിനായി പാട്ടക്കാലാവധി നീട്ടിനൽകുന്ന തടക്കം സ്വകാര്യ ഖനനക്കമ്പനികൾക്ക് കൂടുതൽ ഇളവുകളുമുണ്ട്. ഖനി, ധാതു വികസനവും ക്രമീകരണവും ഭേദഗതി ബില്ലിലെ വ്യവസ്ഥപ്രകാരം കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കു വിധേയമായ ധാതുക്കൾക്കുമേൽ നികുതിയോ സെസ്സോ ചുമത്താനാകൂ. പ്രഖ്യാപിച്ചിട്ടും ഇതുവരെ പിടിച്ചെടുക്കാത്ത നികുതി കുടിശ്ശികകൾ റദ്ദാക്കും. എന്നാൽ, സംസ്ഥാനസർക്കാരുകൾ പിരിച്ചെടുത്ത തുക തിരിച്ചുനൽകേണ്ട.

സംസ്ഥാനങ്ങൾ ധാതുസ ബന്ന ഭൂമിക്കുമേൽ പല നികു തികൾ ഈടാക്കുന്നുണ്ടെന്നും അത് നിക്ഷേപാന്തരീക്ഷത്തെ ബാധിക്കുന്നുണ്ടെന്നും കേന്ദ്രം പറയുന്നു. ഉത്പന്നവില നിയന്ത്രിക്കാനും നിക്ഷേപ സൗഹൃദാന്തരീക്ഷം ഒരുക്കാനും ബിൽ സഹായിക്കുമെന്നാണ് വിശദീകരണം. ലോക്സഭയിൽ മന്ത്രി ജി. കിഷൻ റെഡ്‌ഡി അവതരിപ്പിച്ച ഭേദഗതി ബില്ലിനോടു വിയോജിച്ച ആർ.എസ്.പി. അംഗം എൻ.കെ. പ്രേമചന്ദ്രന് പ്രതിപക്ഷബഹളം രൂക്ഷമായതിനാൽ കൂടുതൽ സംസാരിക്കാൻ അധ്യക്ഷക്കസേരയിലുണ്ടായിരുന്ന സന്ധ്യാറേ അനുമതി നൽകിയില്ല.

പ്രധാന വ്യവസ്ഥകൾ

. ഒന്നിലധികം ധാതുക്കളുടെ ഖനനത്തിന് ഒറ്റ ഖനനപാട്ടം. (പുതിയ ധാതു നിക്ഷേപം കണ്ടെത്തിയാൽ ഓരോതവണയും ഖനനപാട്ടം നൽകേണ്ടി വരുന്നത് ഒഴിവാക്കുകയും ഖനനനടപടികൾ വേഗത്തിലാക്കുകയും ലക്ഷ്യം)

. ലിഥിയം, ഗ്രാഫൈറ്റ്, നിക്കെൽ, കോബാൾട്ട് സ്വർണം, വെള്ളി തുടങ്ങിയവയുടെ ഖനനത്തിനായി ഇൻസെന്റീവുകൾ

. സ്വന്തം ഖനനഭൂമിയിൽ നിന്ന് ഉടമയുടെ ആവശ്യാനുസരണം ഖനനം നടത്തുന്നതിന് പരിധി ഒഴിവാക്കും

. ഖനികളിൽ വികസനപ്രവർത്തനത്തിനായി ദേശീയ ധാതു പര്യവേക്ഷണ ട്രസ്റ്റിന് കൂടുതൽ അധികാരം

. ഖനന ഉത്പന്നങ്ങളുടെയും ലോഹങ്ങളുടെയും ഓൺലൈൻ വ്യാപാരത്തിന് ധാതുക്കളുടെ നിയന്ത്രിത പരസ്പര ക്കൈമാറ്റം അനുവദിക്കും

. സ്വകാര്യനിക്ഷേപം ആകർഷിക്കാനും ഇറക്കുമതി കുറയ്ക്കാനും നിർണായക ധാതുക്കളുടെ വിതരണശൃംഖല ശക്തിപ്പെടുത്താനുമായി കൂടുതൽ പരിഷ്കാരങ്ങൾ

കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് തീറെഴുതും - എൻ.കെ. പ്രേമചന്ദ്രൻ എംപി

കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള കുറുക്കുവഴിയാണ് ഖനന നിയമഭേദഗതി. ഖനനകാര്യത്തിലെ മുഴുവൻ അധികാരവും കേന്ദ്രത്തിന് കൈമാറാനുമുള്ള നിയമഭേദഗതി ഫെഡറൽ വ്യവസ്ഥിതിക്കെതിരായ കനത്ത വെല്ലുവിളിയാണ്. ധാതുക്കളുടെ കലവറയായ കേരളത്തിലെ ചവറ ഉൾപ്പെടെയുള്ള പ്രദേശത്ത് ഖനനപാട്ടത്തിന് അധികാരം സംസ്ഥാനസർക്കാരിനാണ്. ഈ ഭൂമിയിൽ കേന്ദ്രത്തിന്റെ അധികാരമുറപ്പിക്കാനും നിയമഭേദഗതിക്ക് സാധിക്കും. നിയമ നിർമാണത്തെ ശക്തിയായി എതിർക്കും