
എല്ലാ വര്‍ഷവും മേയ് 23ാം തീയതിയാണ് ലോക ആമ ദിനമായി ആചരിക്കുന്നത്.
നദികളിലും കായലുകളിലും തടാകങ്ങളിലും അങ്ങനെ എവിടെയെല്ലാം ജലമുണ്ടോ അവിടെയല്ലാം കാണുന്നതിനൊപ്പം കരയിലും കഴിയുന്ന ഉഭയ ജീവിയാണവ. എന്നിട്ടും ആവാസവ്യവസ്ഥയിൽ ആമകള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച നാം ബോധവാൻമാരല്ല എന്നതാണ് വാസ്തവം. ആമയും അവയുടെ മുട്ടയുമൊക്കെ പല ജീവികളുടെയും ഭക്ഷണമാകുന്നതിനാൽ ആഹാരത്തിന്റെ പല കണ്ണികള്‍ കൂട്ടിച്ചേര്‍ക്കുന്നതിൽ ആമകളുടെ പങ്ക് വലുതാണ്. സ്വയം ആഹാരമാകുന്നതോടൊപ്പം പല ജീവികളേയും ഭക്ഷണമാക്കുന്നവരുമാണ് ആമകള്‍. പല സസ്യങ്ങളുടെയും വിത്തുകള്‍ വിതരണം ചെയ്യുന്നതിനാൽ ഇവ സസ്യങ്ങള്‍ക്കും ഉപകാരികളാണ്. കടലിലും കരയിലുമായി ഏകദേശം 300ഓളം വര്‍ഗം ആമകളാണ് ഇന്ന് ലോകത്തുള്ളത്. ഇവയില്‍ 129ലധികം വര്‍ഗങ്ങള്‍ വംശനാശഭീഷണി നേരിടുന്നവയാണ്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ ഇവ കാണപ്പെടുന്നു. ഭൂമിയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജീവിവര്‍ഗ്ഗങ്ങളിലൊന്നായ ഇവയുടെ ചില ഫോസിലുകള്‍ക്ക് 15കോടി വര്‍ഷം പഴക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവിശ്വസിനീയമായ ദീര്‍ഘായുസ്സും ഈ ജീവിവര്‍ഗ്ഗത്തിനുണ്ട്. ശരാശരി ആയുസ്സ് 90- 150 വര്‍ഷമാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആമ അദ്വൈത മരിച്ചത് 2006ല്‍ 255ാമത്തെ വയസ്സിലാണ്. ആ ആമയുടെ ജനനം 1750ല്‍ ആയിരുന്നെന്നു ഗവേഷകര്‍ പറയുന്നു. ഇങ്ങനെയൊക്കെ ആയിട്ടും ഈ ജിവിവര്‍ഗം വംശനാശ ഭീഷണിയിലാണെന്നത് ഗൗരവകരമായ വസ്തുതയാണ്. ഇത് മുന്നില്‍ കണ്ടാണ് ലോക ആമ ദിനം ഇന്ന് മനുഷ്യരാശി ആചരിക്കുന്നത്.
സ്നേഹിക്കൂ, സംരക്ഷിക്കു......
എല്ലാവരും ആമകളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇത്തവണത്തെ ലോക ആമ ദിനത്തിന്റെ പ്രമേയം. ആമകളെയും കടലാമകളെയും കുറിച്ചുള്ള അറിവും പരിഗണനയും വര്‍ദ്ധിപ്പിക്കുക, ഒപ്പം ഇവയെ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയും പ്രമേയത്തിലൂടെ ഉദ്ദേശിക്കുന്നു. 1990ല്‍ സ്ഥാപിതമായ അമേരിക്കന്‍ ടോര്‍ട്ടോയിസ് റസ്‌ക്യൂ എന്ന സംഘടനയാണ് ആദ്യമായി ആമസംരക്ഷണമെന്ന ആശയം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 2001ലാണ് ലോക ആമ ദിനം സംഘടനയുടെ നേതൃത്വത്തില്‍ ആദ്യമായി ആചരിച്ചത്.

വന്യജീവി കള്ളക്കടത്തിന്റെ മുഖ്യ ഇര
അനധികൃത വന്യജീവി കച്ചവടത്തിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്ന വിവിധയിനം ജീവികളിലൊന്നാണ് ആമ. വെള്ളത്തില്‍ അധിക സമയം ചിലവഴിക്കുന്ന ശുദ്ധജല ആമകളും (fresh water turtles)കരയിലധികം കാണപ്പെടുന്ന കരയാമകളുമാണ് (tortoises) രാജ്യത്തെ വന്യജീവി കള്ളക്കടത്തിന്റെ മുഖ്യ ഇരകളായ ജീവികളിലൊന്ന്. കൗതുകത്തിന്റെ പേരിലും അറിവില്ലായ്മയുടെ പേരിലും അന്ധവിശ്വാസത്തിന്റെ പേരിലും പാരമ്പര്യ ചികിത്സയുടെ പേരിലും നാട്ടറിവു ചികിത്സാ ഔഷധങ്ങളുടെ പേരിലും ആമകള്‍ വേട്ടയാടപ്പെടുകയാണ്. ലോകത്തെ നിയമവിരുദ്ധ കച്ചവടങ്ങളില്‍ നാലാം സ്ഥാനമാണ് വന്യജീവി കച്ചവടത്തിനുള്ളതെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. 2009 സെപ്റ്റംബറിനും 2019 സെപ്റ്റംബറിനും ഇടയിലെ പത്ത് വര്‍ഷം കൊണ്ട് ഒരു ലക്ഷത്താലികം ആമകളാണ് മോഷണത്തിനും കള്ളക്കടത്തിനും ഇരയാക്കപ്പെട്ടതെന്നാണ് വന്യജീവിവില്‍പ്പനയെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്ന ട്രാഫിക് സംഘടന വ്യക്തമാക്കുന്നു.പ്രതിവാരം ചുരുങ്ങിയത് 200 ആമകളെങ്കിലും നിയമവിരുദ്ധമായി പിടിക്കപ്പെടുകയും കടത്തപ്പെടുകയും ചെയ്യാറുണ്ടെന്നാണ് സംഘടന വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.മയക്കുമരുന്ന് കച്ചവടം, മനുഷ്യക്കടത്ത്, ആയുധക്കച്ചവടം എന്നിവയാണ് മറ്റ് മൂന്ന് അനധികൃത വ്യാപാരങ്ങള്‍. സൈറ്റ്‌സ് ( CITES- Convention on International Trade in Endangered Species) എന്ന രാജ്യാന്തര കരാര്‍,1972-ലെ ദേശീയ വന്യജീവി സംരക്ഷണ നിയമം തുടങ്ങിയ നിയമങ്ങള്‍ ആമകള്‍ക്കു നല്‍ക്കുന്ന പരിരക്ഷണ നിലയേക്കുറിച്ചുള്ള വ്യക്തതക്കുറവും ആമയിനങ്ങളെ വേര്‍തിരിച്ചറിയാനുള്ള അറിവില്ലായ്മയും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആമ വ്യാപാരം നടക്കുന്നുണ്ട്. ഇത് കാര്യക്ഷമമായി തടയാന്‍ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുവാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കേണ്ടത് നാം ഓരോരുത്തരുമാണ്.
ചില അപൂര്‍വ ഇനം ആമകള്‍

അലിഗേറ്റര്‍ സ്‌നാപ്പിങ്
ശുദ്ധജലത്തില്‍ ജീവിക്കുന്ന ഏറ്റവും വലിയ ആമകളാണ് അലിഗേറ്റര്‍ സ്‌നാപ്പിംഗ് ആമകള്‍. പിടിക്കപ്പെടും എന്നു തോന്നിയാല്‍ ശത്രുക്കളെ ശക്തിയുള്ള താടിയെല്ലും പരുപരുത്ത മോണയും കൊണ്ട് കടിച്ച് ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ വിരുതന്മാരാണ് ഇവ. പ്രായമേറുന്തോറും 90 കിലോഗ്രാം വരെ അലിഗേറ്റര്‍ ആമകള്‍ക്കു ഭാരമുണ്ടാകും. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും ഇവയെ കണ്ടുവരാറുണ്ട്. പക്ഷികളുടെ കൊക്കിനു സമാനമായ ആകൃതിയിലുള്ള വായയാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഈ ഇനത്തില്‍പ്പെട്ട ആമകളെ കൈകാര്യം ചെയ്യുന്നവരുടെ വിരലുകള്‍ പലപ്പോഴും ഇവയുടെ കടിയേറ്റ് അറ്റുപോകുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ അലിഗേറ്റര്‍ സ്‌നാപ്പിങ് ആമകളും ഇടം നേടിയിട്ടുണ്ട്.

ഫ്‌ലാപ്‌ഷെല്‍
തവിട്ട് നിറത്തിലുള്ള ശരീരത്തില്‍ മഞ്ഞപ്പൊട്ടുകളുമായാണ് ഗോള്‍ഡന്‍ ഫ്‌ലാപ് ഷെല്‍ ആമകള്‍ സാധാരണ കാണപ്പെടുന്നത്. ഈ ഇനത്തില്‍ പെട്ട ശരീരം മുഴുവന്‍ മഞ്ഞ നിറത്തിലുള്ള ആമകളും ഇന്നുണ്ട്. 1997ല്‍ ഗുജറാത്തിലും ഇത്തരം ഒരു ആമയെ ജന്തുശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. കൂടാതെ മ്യാന്‍മര്‍, ബംഗ്ലാദേശ് ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളിലും ശരീരം മുഴുവന്‍ മഞ്ഞ നിറത്തില്‍ കാണപ്പെടുന്ന ആമകളെ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം മറ്റ് അപൂര്‍വ ജീവികളെ പോലെ തന്നെ മഞ്ഞ നിറമുള്ള ആമകള്‍ക്ക് ചില അപകട സാധ്യതകളുമുണ്ട്. ഒന്ന് നിറവ്യത്യാസം മൂലം വേട്ടക്കാരായ ജീവികളും മറ്റും ഇവയെ വേഗത്തില്‍ തിരിച്ചറിയും എന്നതാണ്. മറ്റൊന്ന് മനുഷ്യര്‍ തന്നെ അപൂര്‍വ നിറം മൂലം ഇവയെ കൗതുകത്തോടെ കാണുകയും വളര്‍ത്തുന്നതിനായി പിടിച്ചു കൊണ്ട് പോകാനും സാധ്യതയുണ്ട്.

സ്വിന്‍ഹോ സോഫ്റ്റ് ഷെല്‍
ലോകത്തെ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ആമ വര്‍ഗമാണ് സ്വിന്‍ഹോ സോഫ്റ്റ് ഷെല്‍ ആമകള്‍. ഇതുവരെ ഈ വര്‍ഗത്തില്‍ മനുഷ്യരുടെ അറിവില്‍ ഒരേയൊരു ആമ മാത്രമായിരുന്നു ഭൂമിയില്‍ അവശേഷിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ വിയറ്റ്‌നാമില്‍ നിന്ന് സ്വിന്‍ഹോ സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ വിഭാഗത്തില്‍ പെട്ട പെണ്ണാമയെ കണ്ടെത്തിയിരുന്നു. യാങ്ങ്‌സെ ജയന്റ് സോഫ്റ്റ് ഷെല്‍, ഹോന്‍ കീം ടര്‍ട്ടില്‍ എന്നീ പേരുകളിലും ഈ ആമ അറിയപ്പെടാറുണ്ട്. 86 കിലോഗ്രാ തൂക്കമുള്ള ഈ ആമയ്ക്ക് 1.3 മീറ്റര്‍ നീളമുണ്ട്. ഈ വര്‍ഗത്തിലെ അവസാന അംഗം എന്നു കരുതിയിരുന്ന ആണ്‍ ആമ ചൈനയിലെ മൃഗശാലയിലാണുള്ളത്
Content Highlights: May 23 World turtle day, environment, Mathrubhumi latest
Published: 23 May 2022, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented