ഇരിട്ടി: മലബാർ നാച്ചുറൽ അവയർനെസ്, വനംവകുപ്പ്, റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫ് എന്നിവ സംയുക്തമായി ആറളം വൈൽഡ്‌ലൈഫ് ഡിവിഷന് കീഴിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലായി പല്ലികളുടെ പ്രാഥമിക സർവേ നടത്തി.

To advertise here,

നാല് ദിവസങ്ങളിലായി നടന്ന സർവേയിൽ ആറളം ഡിവിഷനിലെ ജീവനക്കാർക്ക് പരിശീലനം നൽകി. കൂടുതൽ ഫീൽഡ് വിഭാഗം ജീവനക്കാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഏഴ് പല്ലികളിൽപ്പെടുന്നതും 2014-ൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയതും കൊട്ടിയൂർ മേഖലയിൽമാത്രം കാണപ്പെടുന്നതുമായ കൊട്ടിയൂർ മരപ്പല്ലി (കൊട്ടിയൂർ ഡെഗെക്കോ) എന്ന ഇനം പല്ലിയെ നിരീക്ഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൂര്യമുടി വനഭാഗത്ത് സംഘം പല്ലിയെ കണ്ടു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലായി നടത്തിയ പ്രാഥമിക സർവേയിൽ മുൻപ് രേഖപ്പെടുത്താത്ത ആറിനം പല്ലികളെയും നാലിനം സ്കിങ്ക് ഇനത്തിൽപ്പെട്ടവയെയും കണ്ടെത്തി.

ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി.രതീശൻ സർവേ ഉദ്ഘാടനം ചെയ്തു. ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ രമ്യ രാഘവൻ സംസാരിച്ചു. റെസ്ക്യു സെന്റർ വൈൽഡ് ലൈഫ് സെക്രട്ടറി ഡോ. റോഷ്‌നാഥ് രമേശ് സർവേ രീതികൾ വിശദീകരിച്ചു. തുടർന്ന് പ്രശസ്ത ഹെർപ്പറ്റോളജിസ്റ്റ് ഡോ. എസ്.ആർ.ഗണേശിന്റെ നേതൃത്വത്തിൽ നടത്തിയ വർക്ക് ഷോപ്പിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും ജൈവവൈവിധ്യത്തിൽ കൂടുതൽ അറിയപ്പെടാത്തതുമായ വിവിധ തരത്തിലുള്ള പല്ലികളെ തിരിച്ചറിയാനുള്ള പരിശീലനം വനംവകുപ്പ് ജീവനക്കാർക്ക് നൽകി.