ഉത്തര മലബാറില്‍ പ്രകൃതി സൗന്ദര്യത്തിന്റെ കലവറ ആണ് ഇടനാടന്‍ ചെങ്കല്‍ കുന്നുകള്‍. വിശാലമായ പച്ചപ്പ് പുതച്ച ഭൂമിയും ആകാശവും ഇവിടെ സമ്മേളിക്കുന്നത് കാണാം. ജൈവവൈവിധ്യത്തിന്റെ കലവറ ആണ് ഇവിടം. കുഞ്ഞു കുഞ്ഞു ചെടികളില്‍ പൂക്കുന്ന പ്രകൃതിയുടെ സൗന്ദര്യം ഒരിക്കല്‍ അറിഞ്ഞവര്‍ വീണ്ടും അവിടേക്ക് പോകും. മനസ്സിന് സന്തോഷം തരുന്ന കാഴ്ചകള്‍ നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.  ലോകത്തില്‍ ഇവിടെ മാത്രം കാണുന്ന അപൂര്‍വ സസ്യസമ്പത്ത് സൂക്ഷിച്ച് വെച്ച കലവറ കൂടിയാണിവ. 

To advertise here,

മലബാര്‍ റോട്ടാല എന്ന സ്ഥാനിക സസ്യം ലോകത്തില്‍ മറ്റെവിടെയും ഇല്ല. തിത്തിരി പക്ഷിയുടെ ശബ്ദം സദാ കാതില്‍ മുഴങ്ങുന്ന ഇവിടം ജലത്തിന്റെ ഒരു സ്വാഭാവിക സംഭരണി ആണ്. ഓരോ ചെങ്കല്‍ കുന്നിലും ഒരു ചെറിയ കുളം കാണാം. പള്ളം എന്നാണ് ഇവ അറിയപ്പെടുന്നത്.  ജലം സംഭരിക്കാന്‍ ചെങ്കല്ലിന് ശേഷി ഉണ്ട്. ദേശത്ത് ശുദ്ധ ജലം നില നിര്‍ത്താന്‍ ഇവ സഹായിക്കുന്നു എന്നത് അധികം പേര്‍ക്കും അറിയില്ല. നമ്മള്‍ വീട് വെക്കാന്‍ ഉപയോഗിക്കുന്ന ചെങ്കല്ല് അഥവാ വെട്ടുകല്ല് ഇവിടെ നിന്നാണ് ചെത്തി എടുക്കുന്നത്. അതോട് കൂടി ഇവിടം നശിക്കുന്നു. നോക്കെത്താ ദൂരം മരുഭൂമി ആയി മാറുന്നു

placeholder
മലബാര്‍ റോട്ടാല | Photo-By Vinayaraj - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=27944285
മലബാര്‍ റോട്ടാല | Photo-By Vinayaraj - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=27944285

ദേശത്തെ ജലസമ്പത്ത് ക്രമേണ ഇല്ലാതാവുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ വീട് വെക്കാന്‍ പല തരം വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ഇഷ്ടിക, ഹോളോ ബ്രിക്‌സ്, എന്നിവ ഉപയോഗിക്കുന്നു. വിദേശ രാജ്യങ്ങളില്‍ അടിത്തറ ഉണ്ടാക്കാന്‍ മാത്രം ആണ് കല്ല് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത്. മരപ്പലകകള്‍ കൊണ്ട് മുറികള്‍ തിരിക്കുന്ന രീതിയും ഉണ്ട്. ബാംബൂ വുഡ് പോലുള്ള വസ്തുക്കള്‍ക്ക് സ്റ്റീലിനേക്കള്‍ ഉറപ്പ് ഉണ്ട്. വീട് നിര്‍മാണ രീതികള്‍ കൂടുതല്‍ പ്രകൃതി അനുകൂലം ആക്കേണ്ട കാലത്താണു നാം ജീവിക്കുന്നത്. 

ചെങ്കല്‍ ഉപയോഗം കഴിയുന്നതും കുറച്ചാല്‍ അതിമനോഹരമായ ഈ കാഴ്ചകള്‍ നമുക്ക് നിലനിര്‍ത്താന്‍ കഴിയും. ചെങ്കല്‍ മതിലുകള്‍ക്ക്‌ പകരം ജൈവ വേലികള്‍ ഉണ്ടാക്കിയാല്‍, മണ്ണ് കൊണ്ട് കിളകള്‍ നിര്‍മ്മിച്ചാല്‍, വീടിന് അകം മുറികള്‍ തിരിക്കാന്‍ കല്ല് വേണ്ട എന്ന് തീരുമാനിച്ചാല്‍, നമുക്ക് നഷ്ടപ്പെടുന്ന അമൂല്യമായ ഈ സൗന്ദര്യം നമ്മുടെ കുട്ടികള്‍ക്ക് കൂടെ കാണാന്‍ പറ്റും. അവരുടെ ജീവിതം മരുഭൂമി ആയി മാറുന്നത് നമുക്ക് തടയാന്‍ പറ്റും. 

placeholder
.

പലരും ചോദിക്കാറുണ്ട്, പാമ്പുകളെ എന്ത് ചെയ്യുമെന്ന്‌. മതിലുകള്‍ ഇല്ലാത്ത സ്ഥലത്ത് പാമ്പ് അകപ്പെടുന്ന അവസ്ഥ ഉണ്ടാകാറില്ല. അവ മനുഷ്യരില്‍നിന്ന് കഴിയുന്നത്ര അകന്ന് ആണ് ജീവിക്കുക. പാമ്പിന്റെ മാളത്തില്‍ പോയി കൈ ഇടുന്ന സ്വഭാവം നമുക്കും ഇല്ല. മാത്രമല്ല, പാമ്പ് പിടുത്തത്തില്‍ വിദ്ധഗ്ദര്‍ ആയ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഇന്ന് ഉണ്ട്. അവരുടെ വിവരം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഉണ്ട്. മനുഷ്യരുടെ കാലൊച്ച കേള്‍ക്കുന്ന ഇടങ്ങളില്‍ പാമ്പ് പൊതുവേ നില്‍ക്കില്ല. 

കള്ളനെ അകറ്റി നിര്‍ത്താന്‍ ഒരു മതിലിനും കഴിയില്ല. മാത്രമല്ല, കള്ളന്‍ വരുമ്പോള്‍ അലാറം അടിക്കുന്ന  ഉപകരണങ്ങള്‍ ലഭ്യമാണ്. പിന്നെ എന്തിനാണ് മതിലുകെട്ടി പ്രകൃതിയിലെ വിലയേറിയ സമ്പത്ത് ഇല്ലാതാക്കുന്നത്? ആഡംബര ഭവനങ്ങള്‍ നിര്‍മിക്കുക എന്നത് ഇന്ന് സ്വാഭാവികരീതി ആയി മാറി. തനിക്ക് ആവശ്യമുള്ളതിലും വലിയ വീടുകള്‍ വെക്കുക. ലോണ്‍ എടുത്ത് വൻകടമായി അത് വില്‍ക്കുക എന്നതും പതിവായി. സമൂഹത്തില്‍ നിലയും വിലയും ഉണ്ടാകണം എന്ന് കരുതി ഇതൊക്കെ ചെയ്യുന്നവരാണ് കൂടുതല്‍. എന്നാല്‍  നിങ്ങളുടെ ഭവനം നോക്കി ആണോ സമൂഹം നിങ്ങളെ വിലയിരുത്തുക? നിങ്ങള്‍ ജീവിതത്തില്‍ എന്തു ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിങ്ങളുടെ വില. 

placeholder
രാജവെമ്പാല | Photo-UNI
രാജവെമ്പാല | Photo-UNI

കര്‍മം കൊണ്ടാണ് ആളുകളുടെ മനസ്സില്‍ ബഹുമാനം ഉണ്ടാകുക. വലിയ വീടുകള്‍ നമ്മള്‍ക്ക്  ബോധം ഇല്ല എന്നത് വിളിച്ച് പറയുന്നു. ആയുസ്സിലെ സമ്പത്ത് മുഴുവന്‍ ഒരു നിശ്ചലവസ്തുവിന് വേണ്ടി പാഴാക്കുന്നു. പകരം ആ പണം ഒരു കച്ചവടം തുടങ്ങാന്‍, യാത്രകള്‍ ചെയ്യാന്‍, ഒരു സംരഭം ആരംഭിക്കാന്‍ ഒക്കെ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ കൂടുതല്‍ വരുമാനം, കൂടുതല്‍ സന്തോഷം ഒക്കെ കിട്ടും. വലിയ വീട്ടില്‍ നിധി കാക്കുന്ന ഒരു ഭൂതം പോലെ ജീവിതം അവസാനിപ്പിക്കുക അല്ലേ നാം? 

വീടില്ലാത്ത എത്രയോ ആളുകള്‍ ഉണ്ട്. അവര്‍ക്ക് ഒരു ചെറിയ വീട് ലഭിക്കട്ടെ. അനാവശ്യ വലിപ്പം കാരണം ലാഭം കിട്ടുന്നത് കോണ്‍ട്രാക്റ്റ് എടുക്കുന്ന ആള്‍ക്ക് ആണ്. പ്ലാന്‍ വരക്കുന്ന ആളും പറമ്പ് മൊത്തം വീട് എന്ന രീതിയില്‍ ആണ് വരച്ച് കൊടുക്കുന്നത്. അത് അവരുടെ ജീവിതം.

എന്നാല്‍,  പത്തു സെന്റ് സ്ഥലം ഉണ്ടെങ്കില്‍ അതില്‍ മൊത്തം വീട് വെക്കാതെ, ഒരു മൂന്നു നാല് സെന്റില്‍ അത് ചുരുക്കി, ബാക്കി സ്ഥലത്ത് പച്ചക്കറി നട്ടാല്‍, അവിടെ ഒരു മനോഹര പൂന്തോട്ടം ഉണ്ടാക്കിയാല്‍, കുറച്ച് കോഴികളെ വളര്‍ത്തിയാല്‍ വയറ് ചീത്ത ആക്കുന്ന ഭക്ഷണം കുറക്കാന്‍ പറ്റും. വീട് എന്ന സങ്കല്പത്തില്‍ ഒരു പൊളിച്ചെഴുത്ത് ആവശ്യം ആണ്. വീടിന്റെ വലിപ്പം അല്ല, അവിടെ ഉള്ള ജീവിതങ്ങള്‍ ആണ് പ്രധാനം. പൊങ്ങച്ചം കൊണ്ട് എന്താണ് നേടുന്നത്? ആരുടെ മനസ്സിലും ഇടം ലഭിക്കാതെ ഒരു പുത്തന്‍ പണക്കാരന്‍ മാത്രമായി നമ്മുടെ ജീവിതം അവസാനിക്കും. ഒരേക്കര്‍ പറമ്പില്‍ മൊത്തം വീട് വെച്ച് അവിടെ രണ്ടാളുകള്‍ പാര്‍ക്കുന്ന വീടുകള്‍ ഉണ്ട്. നമ്മുടെ മക്കള്‍ അവിടെ താമസിക്കുമോ? നാം താമസിക്കുന്നത് നമ്മുടെ മാതാപിതാക്കളുടെ കൂടെ ആണോ?  

അതിനാല്‍ വീടുകളില്‍ സമ്പത്ത് മുഴുവന്‍ നിക്ഷേപിക്കുന്നത് ചുരുക്കി ജീവിതത്തില്‍ സന്തോഷം കിട്ടുന്ന കാര്യങ്ങളില്‍ നാം മുഴുകേണ്ടതുണ്ട്‌. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ പഠിക്കേണ്ടതുണ്ട്. ഇത്രയും എഴുതിപ്പോയത്, ഇടനാടന്‍ ചെങ്കല്‍ കുന്നുകളില്‍ നിരന്തരം യാത്ര ചെയ്ത്, മനസ്സ് മരവിച്ച അവസ്ഥയില്‍ ആണ്, ഈ പോക്ക് എങ്ങോട്ട് ആണ് എന്ന് പിടികിട്ടാത്ത അവസ്ഥയാണ് . 'ഈ ഭൂമി പരസ്പരം മത്സരിക്കുന്ന  ഒറ്റപ്പെട്ട വ്യക്തികളുടേതല്ല. അത് നാളെ ജീവിക്കാന്‍ പോകുന്ന നമ്മുടെ കുട്ടികളുടേത്  കൂടെ ആണ്'. 

(മാഹി മഹാത്മാ ഗാന്ധി കോളേജ് അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)