കോട്ടയം: പുഴയോരത്തോടുചേർന്നുള്ള താഴ്ന്ന പറമ്പുകളിൽ നീർനായയുടെ സാന്നിധ്യം കൂടുതലെന്ന് സർവേ റിപ്പോർട്ട്. പലയിടത്തും കൃഷിചെയ്യാതെ അവഗണിച്ച നിലയിലാണ് ഇത്തരം പറമ്പുകൾ. നീർനായയുടെ വിസർജ്യവും കാൽപ്പാടുകൾ പരിശോധിച്ചും പ്രദേശവാസികളുടെ അനുഭവം ചോദിച്ചുമാണ് പ്രദേശത്ത് ഇവയുടെ സാന്നിധ്യം ഉറപ്പിച്ചത്.

To advertise here,

പാണംപടി, മലരിക്കൽ മുതൽ കുമരകംവരെയുള്ള ഭാഗങ്ങളിൽ 20-25 നീർനായ്‌ക്കളെ ആറ്റിറമ്പിലെ പറമ്പുകളിൽ കാണാനായി. പാലാ, മുത്തോലി, ചെമ്പിളാവ്, കിടങ്ങൂർ തുടങ്ങി പാറമ്പുഴ, ചുങ്കംവരെയുള്ള ഭാഗങ്ങളിൽ അഞ്ച്-10 വരെ നീർനായ്‌ക്കളെയും കണ്ടെത്തി. എന്നാൽ, മീനച്ചിലാറിന്റെ തുടക്കഭാഗത്ത്‌ നീർനായ സാന്നിധ്യം കുറയുകയും ചെയ്തു. കരയിലേക്ക് കയറാൻ കഴിയാതെ പുഴയോരം കല്ലുകെട്ടി സംരക്ഷിക്കുന്ന ഇടമുള്ള കടവുകളിലാണ് കൂടുതൽ നീർനായ ആക്രമണങ്ങൾ ഉണ്ടാകുന്നത്. കിടങ്ങൂർ മുതൽ കുമരകംവരെ പുഴയുമായി നിരന്തരം ഇടപെടുന്ന ഇടങ്ങളിലെല്ലാം ശരാശരി രണ്ടുമുതൽ അഞ്ചുപേർക്കുവരെ കടിയേൽക്കാറുണ്ട്. മീനുകൾക്കും വലകൾക്കും ഇവർ നാശമുണ്ടാക്കാറുണ്ട്. ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോട്ടയം സെന്ററും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും വനംവകുപ്പ് സാമൂഹിക വനവത്‌കരണവിഭാഗവും ചേർന്ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെയായിരുന്നു സർവേ. സർവേയിൽ പങ്കെടുക്കാനെത്തിയവർക്ക് ജലവിഭവകേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവൽ പരിശീലനം നൽകി.

‌ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ തോംസൺ ഡേവിസ്, വനംവകുപ്പ് ഏരുമേലി റെയ്‌ഞ്ച് ഒാഫീസർ കെ. ഹരിലാൽ, ടൈസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ. നെൽസൺ പി.ഏബ്രഹാം, ജലവിഭവകേന്ദ്രം കോട്ടയം സെന്റർ ഡയറക്ടർ ഡോ. കെ.കെ. ജയസൂര്യൻ എന്നിവർ പ്രസംഗിച്ചു.