
കെനിയയിലെ മാൻഡേര കൗണ്ടിയിലെ ആകാശം ഇപ്പോൾ ഒരു ചതിയുടെ കഥയാണ് പറയുന്നത്. സമൃദ്ധമായ മഴ ലഭിക്കേണ്ട ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ആകാശം വറ്റിവരണ്ടുനിന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടായ വർധനവ് ഈ മേഖലയിലെ കാറ്റിന്റെ ഗതിയെ മാറ്റിമറിക്കുകയും മഴ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. 1981-ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളിയാണിത്.
ഈ പ്രതിസന്ധി കെനിയയിൽ മാത്രം ഒതുങ്ങുന്നില്ല. സോമാലിയ, ടാൻസാനിയ, ഉഗാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളിലായി ഏകദേശം 2.4 കോടി ആളുകൾ ജലക്ഷാമം നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ ലഭിക്കേണ്ട മഴയുടെ 30 ശതമാനം മാത്രം ലഭിച്ചതോടെ കിഴക്കൻ കെനിയയിലെ ജലാശയങ്ങൾ പൂർണമായും വറ്റിവരണ്ട അവസ്ഥയിലാണ്.
കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യൻ മഹാസമുദ്രം ചൂടുപിടിക്കുന്നത് ഈ മേഖലയിൽ തീവ്രമായ ഉഷ്ണതരംഗങ്ങൾക്കും ദീർഘകാല വരൾച്ചയ്ക്കും കാരണമാകുന്നു. ഇത് പ്രദേശത്തെ മണ്ണിൻ്റെ കടുപ്പം കൂടാൻ കാരണമാകുന്നു. പിന്നീട് മഴ ലഭിക്കുമ്പോൾ വെള്ളം ആഗിരണം ചെയ്യാൻ ഈ മണ്ണിന് സാധിക്കാതെവരികയും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് (Flash floods) കാരണമാവുകയും ചെയ്യുന്നു. ഇത് ജലജന്യ രോഗങ്ങൾ പടർത്തുകയും ചെയ്യുന്നു. നിലവിൽ 21.5 ലക്ഷത്തിലധികം ആളുകൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്നും ഏകദേശം എട്ട് ലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും കെനിയയിലെ നാഷണൽ ഡ്രോട്ട് മാനേജ്‌മെന്റ് അതോറിറ്റിയുടെ (NDMA) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വരൾച്ച മൂലം സസ്യജാലങ്ങൾ നശിക്കുന്നതോടെ രോഗവാഹകരായ ജീവികൾ പരിമിതമായ ജലസ്രോതസ്സുകൾക്ക് ചുറ്റും കേന്ദ്രീകരിക്കുന്നു. ഇത് പകർച്ചവ്യാധികളുടെ വ്യാപനം വർധിപ്പിക്കുന്നു. കന്നുകാലികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് അവയെ ആശ്രയിച്ച് വരുമാനം കണ്ടെത്തിയിരുന്നവർക്ക് തിരിച്ചടിയായി. ശുദ്ധജലത്തിന്റെ അഭാവം മൂലം കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കുകയാണ്. ഇത് തടയാൻ ലോകാരോഗ്യ സംഘടന (WHO) അടിയന്തര വൈദ്യസഹായം എത്തിക്കുന്നുണ്ടെങ്കിലും അവ അപര്യാപ്തമാണ്. ലോകത്താകമാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കാർബൺ പുറന്തള്ളലിൽ വെറും നാല് ശതമാനം മാത്രം പങ്കുവഹിക്കുന്ന ആഫ്രിക്ക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇരയാകുന്നത് ഒരു പരിസ്ഥിതി നീതികേടാണ്.
കെനിയയിലെ ഈ പ്രതിസന്ധി ആഗോളതലത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും വെല്ലുവിളിക്കുന്നു. ദാരിദ്ര്യ നിർമാർജനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം കെനിയ കൈവരിച്ച പുരോഗതിയെ ഇപ്പോഴുണ്ടായ വരൾച്ച പിന്നോട്ട് വലിച്ചിരിക്കുകയാണ്.
പരിസ്ഥിതിയിലുണ്ടാകുന്ന ഈ മാറ്റം വിദ്യാഭ്യാസ സമ്പ്രദായത്തെയും ബാധിച്ചുകഴിഞ്ഞു. പെൺകുട്ടികളാണ് ഇതിന്റെ പ്രധാന ഇരകൾ. വെള്ളം കണ്ടെത്താനുള്ള അലച്ചിലിനിടെ അവർക്ക് പഠനം ഉപേക്ഷിക്കേണ്ടിവരുന്നു. യുഎൻ റിപ്പോർട്ടുകളനുസരിച്ച് ഏകദേശം 2.7 കോടി കുട്ടികളാണ് വരൾച്ച കാരണം പഠനം ഉപേക്ഷിച്ചത്.
വിദ്യാഭ്യാസത്തിന്റെ തടസ്സം കേവലം പഠനനഷ്ടം മാത്രമല്ല, അത് സാമ്പത്തിക ഉൽപ്പാദനക്ഷമതയെയും കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള ശേഷിയെയും തകർക്കുന്നു. ഇത് ഗുണമേന്മയുള്ള വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം എന്നീ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും തിരിച്ചടിയാണ്. പോഷകാഹാരക്കുറവ് മൂലം കുട്ടികളിൽ രോഗപ്രതിരോധ ശേഷി കുറയുകയും, ശുദ്ധജലത്തിന്റെ അഭാവം മൂലം അതിസാരം പോലുള്ള രോഗങ്ങൾ പടരുകയും ചെയ്യുന്നത് ആരോഗ്യ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. വരൾച്ച രൂക്ഷമാകുമ്പോൾ ബാലവേല, ബാലവിവാഹം തുടങ്ങിയ സാമൂഹിക വിപത്തുകളും വർധിക്കുന്നു.
കെനിയയിലെ ഈ പ്രതിസന്ധി ലോകത്തിന് നൽകുന്ന മുന്നറിയിപ്പ് വ്യക്തമാണ്. വറ്റിവരണ്ട ഭൂമിക്ക് ജീവൻ നൽകാൻ മനുഷ്യൻ നടത്തുന്ന പോരാട്ടം കേവലം അതിജീവനത്തിന് വേണ്ടിയല്ല, മറിച്ച് വരുംതലമുറയുടെ നിലനിൽപ്പിനുകൂടി വേണ്ടിയാണ്. അടുത്ത തവണ വരൾച്ച വരുമോ എന്നതല്ല ചോദ്യം, മറിച്ച് അതിനെ പ്രതിരോധിക്കാൻ നമ്മുടെ സംവിധാനങ്ങൾ എത്രത്തോളം കരുത്തുറ്റതാണ് എന്നതാണ്. പരിസ്ഥിതി സംരക്ഷണം എന്നത് ഇനി ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ഭൂമിയുടെയും മനുഷ്യന്റെയും നിലനിൽപ്പിനായുള്ള ഏക വഴിയാണ്. കാലാവസ്ഥാ വ്യതിയാനം വരാനിരിക്കുന്ന ഒരു ദുരന്തമല്ല, ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണെന്ന് വടക്കൻ കെനിയയിലെ ഓരോ ഉണങ്ങിയ പുൽനാമ്പും നമ്മെ ഓർമിപ്പിക്കുന്നു.
Content Highlights: Severe drought in Northern Kenya threatens millions, impacting food security, health, and education. Learn about the devastating environmental and social consequences. Urgent action needed.
Published: 11 Feb 2026, 12:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented