തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (എടവപ്പാതി) 28 ശതമാനം മഴ കുറഞ്ഞതോടെ കേരളത്തിൽ വരൾച്ച പ്രഖ്യാപിക്കാനുള്ള നടപടി തുടങ്ങി. ദുരന്തനിവാരണ അതോറിറ്റി ഒന്നാംഘട്ട പ്രഖ്യാപനത്തിനുള്ള ശുപാർശ നൽകി.

To advertise here,

നദികൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ ജലനിരപ്പ്, ഭൂഗർഭ ജലനിരപ്പ്, വിളനഷ്ടം എന്നിവ പരിശോധിച്ച് ഒക്ടോബറിനുശേഷം രണ്ടാംഘട്ട വിലയിരുത്തലുണ്ടാവും.

അതിനുശേഷമാണ് സംസ്ഥാനമാകെയോ, ജില്ലകൾ മാത്രമോ വരൾച്ചബാധിതമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജൂൺമുതൽ സെപ്റ്റംബർവരെയുള്ള എടവപ്പാതിയിൽ പ്രതീക്ഷിച്ചിരുന്ന 2018.6 മില്ലീമീറ്റർ മഴയ്ക്ക് പകരം കിട്ടിയത് 1446.5 മില്ലീമീറ്റർ മാത്രം.

ഏറ്റവും മഴകുറഞ്ഞ ഏഴാമത്തെ വർഷം

1901-നുശേഷം ഏഴാമത്തെയും 2001-നുശേഷം നാലാമത്തെയും ഏറ്റവും ശുഷ്‌കമായ എടവപ്പാതിയാണ് പിന്നിട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു. 2023-ൽ 34.3 ശതമാനം കുറഞ്ഞിരുന്നു. ഇത്തവണത്തെപ്പോലെ അന്നും എൽ-നിനോ വർഷമായിരുന്നു. 2016-ൽ കുറഞ്ഞത് 33 ശതമാനം. അന്ന് സംസ്ഥാനമാകെ വരൾച്ച പ്രഖ്യാപിച്ചിരുന്നു.

എല്ലാ ജില്ലകളിലും കുറവ്

കേരളത്തിലെ എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. വയനാട്ടിലാണ് ഏറ്റവും രൂക്ഷമായ മഴക്കുറവ് (53%). ആറ് ജില്ലകളിൽ സാധാരണ തോതിൽ മഴ ലഭിച്ചെന്നാണ് വിലയിരുത്തൽ. കാസർകോട് (17% കുറവ്), കണ്ണൂർ (12%), കോഴിക്കോട് (17%), കോട്ടയം (17%), പത്തനംതിട്ട (12%), തിരുവനന്തപുരം (15%) എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്.

തുലാവർഷവും കുറയും

ഒക്ടോബർമുതൽ ഡിസംബർവരെയുള്ള വടക്കുകിഴക്കൻ കാലവർഷത്തിലും (തുലാവർഷം) കേരളത്തിൽ മഴ കുറയും. തെക്കൻ ജില്ലകളിൽ ചില പ്രദേശങ്ങളിൽ സാധാരണതോതിൽ മഴ കിട്ടുമ്പോൾ വടക്ക് മഴ കുറയും. സംസ്ഥാനത്താകെ ചൂട് സാധാരണയിലും കൂടിയിരിക്കും. ഒക്ടോബറിലും വളരെക്കുറച്ച് പ്രദേശങ്ങളിൽമാത്രമേ സാധാരണതോതിൽ മഴ കിട്ടൂ. സമുദ്രോപരിതലത്തിൽ ചൂടുകൂടുന്ന എൽ-നിനോ പ്രതിഭാസം സജീവമാണ്. ‌