മുംബൈ: രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളും പിഴയും എഫ്.ഐ.ആറും പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ദുർബലമായ മൺസൂണും എൽ നിനോ പ്രഭാവവും കാരണം ഒക്ടോബർ മാസത്തിൽ തന്നെ മഹാരാഷ്ട്ര കടുത്ത ജലക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒക്ടോബറിൽ തന്നെ താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. ഇതോടെ കുടിവെള്ള സംരക്ഷണത്തിനായി അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ജലം പാഴാക്കുന്നവർക്കെതിരെ വൻ തുക പിഴയും അനധികൃത കണക്ഷനുകൾക്കെതിരെ എഫ്.ഐ.ആറും ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളും ജില്ലകളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

To advertise here,

നാഗ്പൂരിലെ ജലസംഭരണികളിൽ 58 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. അതിനാൽ കുടിവെള്ളം ഉപയോഗിച്ച് വാഹനം കഴുകുക, മുറ്റമോ മറ്റ് സ്ഥലങ്ങളോ വൃത്തിയാക്കുക, ചെടികൾ നനയ്ക്കുക, നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നിവ ചെയ്താൽ 5,000 രൂപ പിഴ ഈടാക്കും. അനധികൃത വാട്ടർ കണക്ഷനുകൾ നൽകുന്നവർക്കെതിരെയും വാട്ടർ മീറ്ററുകളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.

പഴയ കിണറുകൾ വൃത്തിയാക്കി സോളാർ പമ്പുകൾ സ്ഥാപിക്കാനും മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള വെള്ളം നിർമ്മാണത്തിനും പാർക്കുകൾക്കും ഉപയോഗിക്കാനും നിർദേശമുണ്ട്.

മഹാരാഷ്ട്രയുടെ സാംസ്‌കാരിക-ഐടി നഗരമാണ് പൂണെ. ഇവിടേക്ക് വെള്ളമെത്തിക്കുന്ന ഖടക്വാസ്ല അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ ജല ഉപഭോഗത്തിൽ 10% കുറവ് വരുത്താനാണ് നിർദ്ദേമുള്ളത്. ഇത് പ്രാബല്യത്തിൽ വരുത്താനായി എല്ലാ വ്യാഴാഴ്ചകളിലും നഗരത്തിൽ വാട്ടർ കട്ട് ഏർപ്പെടുത്തും. വാഹനം കഴുകുന്ന കേന്ദ്രങ്ങൾ അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. നീന്തൽക്കുളങ്ങൾ, നിർമ്മാണം, പൂന്തോട്ടപരിപാലനം എന്നിവയ്ക്ക് കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തു. ജലം ശുദ്ധീകരിച്ച് പ്ലാന്റുകളിലും പൂന്തോട്ടപരിപാലനത്തിനുമെല്ലാം പുനരുപയോഗിക്കാനാണ് ഹൗസിങ് സൊസൈറ്റികൾക്കുള്ള നിർദേശം.

നാഗ്പുരും പൂണെയും നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ കടുത്ത വരൾച്ച സാധ്യതയുള്ള മേഖലയായ ഛത്രപതി സാംബജിനഗർ മറ്റൊരു പ്രതിസന്ധിയാണ് നേരിടുന്നത്. മറാത്ത്‌വാഡ മേഖലയിലെ ഏറ്റവും വലിയ സംഭരണിയായ ജയക്വാഡി അണക്കെട്ടിൽ നിന്ന് കടുത്ത ചൂട് കാരണം പ്രതിദിനം 1.649 ബില്യൺ ലിറ്റർ (1.649 ദശലക്ഷം ക്യുബിക് മീറ്റർ) വെള്ളം ബാഷ്പീകരണം വഴി നഷ്ടപ്പെടുകയാണ്. ഇത് ഈ നഗരത്തിലെ 18 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് 7 ദിവസത്തേക്ക് ഉപയോഗിക്കാനുള്ള വെള്ളത്തിന് തുല്യമാണ്.

ഡാമുകളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നത് വരും മാസങ്ങളിൽ കൂടുതൽ കടുത്ത കുടിവെള്ള പ്രതിസന്ധിക്ക് കാരണമായേക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.