പാവനമായ ഏകപങ്കാളീബന്ധത്തിന്റെ പേരിലാണ് ഹിമാലയന്‍ താഴ്‌വരയിലെ തടാകങ്ങളില്‍ കാണപ്പെടുന്ന സാറസ് കൊക്കുകള്‍ അറിയപ്പെടുന്നത്. ഇണ മരിച്ചാല്‍ മറ്റേത് ഉള്ളുരുക്കി ശിഷ്ടകാലം ജീവിക്കുമെന്ന് കഥ. എന്നാല്‍, ഈ കഥ പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്നാണ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ ശാസ്ത്രജ്ഞന്‍ കെ.എസ്. ഗോപിസുന്ദര്‍ പറയുന്നത്.

To advertise here,

പങ്കാളികളായ സാറസ് കൊക്കുകള്‍ മൂന്നാമതൊന്നിനുകൂടി ജീവിതത്തില്‍ ഇടംകൊടുക്കാറുണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സൗകര്യത്തിനാണിത്. ചിലപ്പോള്‍ ഒരാണ്‍കൊക്കും രണ്ട് പെണ്‍കൊക്കുകളുമാകാം. അല്ലെങ്കില്‍ തിരിച്ച്. പക്ഷെ, മൂന്നാമത്തെ കൊക്ക് ഇണചേരാറുണ്ടോ എന്ന് വ്യക്തമല്ല. അങ്ങനെയെങ്കില്‍ മൂവര്‍ കുടുംബത്തില്‍ എന്തായിരിക്കും മൂന്നാമത്തെ കൊക്കിന്റെ റോള്‍? വെറും സഹായിയുടേതാകാനാണ് സാധ്യതയെന്ന് ഡോ. ഗോപിസുന്ദര്‍ പറയുന്നു.

1999-ലാണ് ഡോ. ഗോപിസുന്ദര്‍ ആദ്യമായി സാറസ് കൊക്കുകളുടെ ത്രയത്തെ കണ്ടത്. യു.എസിലെ സഹപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവരത് ചിരിച്ചുതള്ളി. പക്ഷേ, അദ്ദേഹം വിട്ടില്ല. ഈ ത്രയത്തെ അദ്ദേഹം നിരീക്ഷിച്ചത് നീണ്ട 16 വര്‍ഷമാണ്. 2011 മുതല്‍ ഇത്തരം സാറസ് ത്രയങ്ങളെ നിരീക്ഷിക്കാന്‍ പ്രാദേശികകര്‍ഷകരെ പരിശീലിപ്പിക്കാനും തുടങ്ങി.

അങ്ങനെ 2020-ല്‍ കൊക്കുകള്‍ കാണപ്പെടുന്ന 11,500 ഇടങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 193 സാറസ് ത്രയങ്ങളെക്കുറിച്ചാണ് വിവരം ലഭിച്ചത്. അതിനര്‍ഥം മൂന്നംഗകുടുംബങ്ങള്‍ അപൂര്‍വമാണെന്നുതന്നെയെന്നും ഡോ. ഗോപിസുന്ദര്‍ പറയുന്നു.