ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് വിഴിഞ്ഞം തുറമുഖത്തെ ക്രെയിന്‍ ഓപ്പറേറ്റര്‍മാരായ വനിതകള്‍. മുംബൈയില്‍ നടക്കുന്ന ഇന്ത്യന്‍ മാരിടൈം വീക്ക് 2025-ലെ അദാനി തുറമുഖ കമ്പനിയിലെ സ്റ്റാളില്‍ വിഴിഞ്ഞം തുറമുഖത്തെ ഓട്ടോമേറ്റഡ് ക്രെയിനുകളുടെ പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ ക്രെയിനുകള്‍ നിയന്ത്രിക്കുന്ന വനിതകള്‍ നേരിട്ടെത്തിയാണ് സന്ദര്‍ശകര്‍ക്ക് ഇവയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്നത്.

To advertise here,

ലോകത്തുതന്നെ ഒരു തുറമുഖത്തിന്റെ ക്രെയിന്‍ ഓപ്പറേറ്റര്‍മാരില്‍ ഭൂരിഭാഗവും തദ്ദേശീയരായ വനിതകളാണെന്ന അപൂര്‍വതയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത. വിവിധ ഭാഗങ്ങളില്‍നിന്ന് മാരിടൈം വീക്ക് പരിപാടിക്കായെത്തിയ വിദേശികളുള്‍പ്പെടെയുള്ളവര്‍ ഇവരെ അഭിനന്ദിച്ചാണ് സ്റ്റാളില്‍നിന്ന് മടങ്ങിപ്പോകുന്നത്. വിഴിഞ്ഞം തുറമുഖത്തെ ക്രെയിനുകള്‍ നിയന്ത്രിക്കുന്ന യന്ത്രഭാഗങ്ങള്‍ മുംബൈയില്‍ എത്തിച്ചാണ് പ്രദര്‍ശനം.

വിഴിഞ്ഞം തുറമുഖത്ത് ചരക്കുനീക്കം കൈകാര്യംചെയ്യുന്ന യാര്‍ഡ് ക്രെയിനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഇരുപതുപേരില്‍ പകുതിയോളം തദ്ദേശീയരായ വനിതകളാണ്. തുറമുഖത്ത് കണ്ടെയ്‌നര്‍ ലോറികളിലേക്ക് ചരക്ക് ഇറക്കുന്നതും കയറ്റുന്നതും യാര്‍ഡ് ക്രെയിനുകള്‍ ഉപയോഗിച്ചാണ്. യാര്‍ഡിലെ കണ്ടെയ്‌നറുകളുടെ നീക്കം ഓപ്പറേഷന്‍ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്‌ക് വഴിയാണ് നിയന്ത്രിക്കുന്നത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചരക്ക് കൈകാര്യംചെയ്യുന്ന തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം.

പ്രാദേശികമായുള്ളവര്‍ക്ക് തുറമുഖത്ത് ജോലി നല്‍കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി എത്തുന്നത്. ശാസ്ത്രവിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര യോഗ്യതയായിരുന്നു മാനദണ്ഡം. പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവര്‍ കര്‍മനിരതരാണ്. അദാനി ഫൗണ്ടേഷനു കീഴിലുള്ള അദാനി സ്‌കില്‍ ഡിവലപ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ വിദഗ്ധപരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. കൃത്യസമയത്ത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്താലേ തെറ്റുപറ്റാതെ ചരക്കുനീക്കം സാധ്യമാകൂ.

''സാങ്കേതികമായ അറിവ് ഇല്ലാതെയാണ് ജോലിക്ക് എത്തിയത്. എന്നാല്‍, ഇപ്പോള്‍ വളരെ എളുപ്പത്തില്‍ കണ്ടെയ്‌നറുകളുടെ നീക്കം കൈകാര്യംചെയ്യാന്‍ സാധിക്കുന്നു'' -വിഴിഞ്ഞം മുക്കോല സ്വദേശിനി രജിത 'മാതൃഭൂമി'യോട് പറഞ്ഞു.