കൊച്ചി: ബംഗാൾ ഉൾക്കടലിലെ ‘മീനുകളുടെ ശ്മശാനം’ കണ്ടെത്തി മലയാളിശാസ്ത്രസംഘം. വിശാഖപട്ടണം തീരത്തിനുസമീപം കടലിൽ ഓക്സിജൻ കുറഞ്ഞ ഡെഡ് സോണുകളാണ് സംഘം കണ്ടെത്തിയത്. കൊച്ചി സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സ് ആൻഡ് ഇക്കോളജിയിലെ (സി.എം.എൽ.ആർ.ഇ.) ഫിസിക്കൽ ഓഷ്യനോഗ്രാഫർ ഡോ. ബി.ആർ. സ്മിത, ഫിഷറീസ് ഓഷ്യനോഗ്രാഫർ ഡോ. എം. ഹാഷിം, തേവര സേക്രഡ് ഹാർട്ട്‌ കോളേജ് അക്വാ കൾച്ചർ വിഭാഗം മേധാവി ഡോ. കെ.വി. അനീഷ് കുമാർ എന്നിവരുടെ പഠനം നെതർലൻഡ്‌സിലെ കോണ്ടിനെന്റൽ ഷെൽഫ് റിസർച്ച് ജേണൽ പ്രസിദ്ധീകരിച്ചു.

To advertise here,

‘‘പ്രകൃതിയുടെ മാലിന്യം തള്ളുന്ന ഇടമെന്നാണ് ‘ഡെഡ് സോൺ’ അറിയപ്പെടുന്നത്. ചുഴിപോലുള്ള ‘എഡി’യെന്ന പ്രതിഭാസവും ഇവിടെ കാണാനാകും. സമീപമുള്ള മത്സ്യാവശിഷ്ടങ്ങളും മാലിന്യവും സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇത് വലിച്ചെടുക്കും. ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ സൂക്ഷ്മജീവികൾക്കുമാത്രമേ ഇവിടെ കഴിയാനാകൂ’’ - ഡോ. സ്മിത പറഞ്ഞു.

‘ഡെഡ് സോണുകളുടെ ചുറ്റളവിൽ പാരാസ്കോംബ്രോപ്സ് പെല്ലുസിഡസ് എന്ന മത്സ്യഇനത്തിന്റെ സാന്നിധ്യമുണ്ടാകും. ഇതിനെ ‘എഡ്‌ജ്‌ ഇഫക്ട്‌’ എന്നാണ് പറയുന്നതെന്ന് ഡോ. അനീഷ് പറഞ്ഞു. എഡിയും എഡ്‌ജ്‌ ഇഫക്ടും കണ്ടെത്തിയാണ് ഡെഡ് സോൺ സാന്നിധ്യം ഉറപ്പിച്ചത്. ഉത്തരേന്ത്യൻ സമുദ്രമേഖലയിലെ ഇത്തരത്തിലുള്ള ആദ്യ ഡെഡ് സോണാണിത്.