തിരുവനന്തപുരം: ഓണം പടിവാതിക്കൽ എത്തിനിൽക്കെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വരുംദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

To advertise here,

നിലവിലെ മുന്നറിയിപ്പനുസരിച്ച് പൂരാടം, ഉത്രാടം ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടങ്ങളിലും നല്ല മഴലഭിക്കാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23-ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഓഗസ്റ്റ് 24-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലും ഓഗസ്റ്റ് 25-ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലുമാണ് നിലവിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. യെല്ലോ അലർട്ട് നിലവിലുള്ള മേഖലകളിൽ മഴയുടെ ശക്തി കൂടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.