ന്യൂഡല്‍ഹി: കടുവകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന പ്രൊജ്ക്ട് ടൈഗറിന്റെ 50-ാം വാര്‍ഷികം ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍ ആഘോഷിച്ചു.  1973-ലാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. അന്താരാഷ്ട്ര കടുവ ദിനമെന്ന പ്രത്യേകത ആഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി. ലോകത്താകെയുളള കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണുള്ളത്. പ്രൊജ്ക്ട് ടൈഗറെന്ന പദ്ധതി വിജയകരമായതിന്റെ ശുഭസൂചന കൂടിയാണിത്. 

To advertise here,

ഒന്‍പത് കടുവ സങ്കേതങ്ങളെന്നത് നിലവില്‍ 53 കടുവ സങ്കേതങ്ങളായി ഉയര്‍ന്നിട്ടുണ്ട്. 1980-ല്‍ വന്‍തോതില്‍ കടുവകള്‍ വേട്ടയാടപ്പെട്ടിരുന്നു. ഇതോടെ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. കടുവകളുടെ സംരക്ഷണത്തിനായി പ്രൊജക്ട് ടൈഗര്‍ നിലവില്‍ വന്നതിന് ശേഷം ഏറ്റവുമൊടുവിലെ സെന്‍സസ് പ്രകാരം രാജ്യത്തെ കടുവകളുടെ എണ്ണം 3,167 ആയി ഉയര്‍ന്നു. 2018-ല്‍ ഇത്  2,967 ആയിരുന്നു. 

രാജ്യത്ത് കടുവകളുടെ ഏറിയ പങ്കും കാണപ്പെടുന്നത് മധ്യപ്രദേശിലാണ്. 785 കടുവകളാണ് മധ്യപ്രദേശിലാകെയുള്ളത്. 563 എണ്ണവുമായി രണ്ടാം സ്ഥാനത്ത് കര്‍ണാടകയാണ്. മൂന്നും നാലും സ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡ് (560), മഹാരാഷ്ട്ര (444) സംസ്ഥാനങ്ങളാണ്. 2022-ലെ രാജ്യത്തെ കടുവകളുടെ എണ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തുവിട്ടത്. കര്‍ണാടക സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാലയിലാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിച്ചത്.