ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതിനാൽ ഇന്ത്യയിൽ കാലവർഷം ദുർബലമാകാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ. ഇക്വറ്റോറിയൽ പസഫിക് മേഖലയിൽ എൽ നിനോ സാഹചര്യങ്ങൾ ഇതിനോടകംതന്നെ പ്രകടമായിട്ടുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഏഷ്യയുടെ പല ഭാഗങ്ങളിലും വരണ്ട കാലാവസ്ഥയും ഉയർന്ന താപനിലയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ഈ വർഷത്തെ കാലവർഷത്തിൽ കുറവുണ്ടാകുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

To advertise here,

എന്താണ് എൽ നിനോ?

പസഫിക് സമുദ്രോപരിതലത്തിൻ്റെ കിഴക്കുഭാഗത്ത് സാധാരണ ഉള്ളതിനേക്കാൾ ചൂട് കൂടുന്ന അവസ്ഥയാണ് എൽ നിനോ. ഇതിന്റെ ഫലമായി കിഴക്കൻ പസഫിക് മേഖലയിൽ കൂടുതൽ മഴ ലഭിക്കുകയും പടിഞ്ഞാറൻ പ്രദേശങ്ങളിൽ (ഇന്ത്യയുൾപ്പെടെ) മഴ കുറയുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ എൻസോ (ENSO) അഥവാ എൽ നിനോ സതേൺ ഓസിലേഷൻ എന്ന് വിളിക്കുന്നു.

2026-ൽ രാജ്യത്ത് ലഭിക്കേണ്ട ശരാശരി മഴയുടെ 92 ശതമാനം ലഭിക്കുമെന്നായിരുന്നു ഐഎംഡിയുടെ ഏപ്രിലിലെ പ്രവചനമെങ്കിലും മെയ് 29-ന് പുറത്തുവിട്ട പുതുക്കിയ കണക്കനുസരിച്ച് ഇത് 90 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ കൃഷിഭൂമിയുടെ പകുതിയോളം ജലസേചന സൗകര്യത്തിനായി മഴയെ ആശ്രയിക്കുന്നതിനാൽ, കാലവർഷത്തിലെ ഈ കുറവ് കാർഷിക മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.

കുടിവെള്ള വിതരണം, വ്യവസായം, വൈദ്യുതി ഉൽപാദനം എന്നിവയെ സഹായിക്കുന്ന രാജ്യത്തെ 91 പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് നിലനിർത്തുന്നതിനും കാലവർഷം നിർണായകമാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം വളം ലഭ്യതയിൽ കുറവ് നേരിടുന്ന കർഷകർക്ക് കാലവർഷത്തിലുണ്ടാകുന്ന കുറവ് വലിയ തിരിച്ചടിയായേക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ആഗോളതലത്തിൽ രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും ചൂടേറിയ രണ്ടാമത്തെ മെയ് മാസമായിരുന്നു കഴിഞ്ഞുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (C3S) അറിയിച്ചു. മെയ് മാസത്തിലെ ശരാശരി ആഗോള ഉപരിതല താപനില 15.81 ഡിഗ്രി സെൽഷ്യസായിരുന്നു, ഇത് 1991-2020 കാലഘട്ടത്തിലെ ശരാശരിയേക്കാൾ 0.55 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

പസഫിക് സമുദ്രത്തിൽ എൽ നിനോ ശക്തിപ്രാപിക്കുകയാണെന്നും ലോകരാജ്യങ്ങൾ ഇതൊരു അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പായി കാണണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രസ്താവിച്ചു. ആഗോള താപനത്തിന് എൽ നിനോ ആക്കം കൂട്ടുമെന്നും ഇതിനെ പ്രതിരോധിക്കാൻ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പുനരുപയോഗ ഊർജത്തിലേക്ക് മാറുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.