സൗത്ത് അമേരിക്കയില്‍നിന്ന് പതിമൂവായിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആഫ്രിക്കന്‍ തീരത്തെത്തി ഒരു തിമിംഗിലം. ഹംപ്ബാക്ക് ഇനത്തില്‍പ്പെട്ട ആണ്‍ തിമിംഗിലമാണ് സൗത്ത് അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ തീരത്തുനിന്ന് 13,046 കിലോമീറ്റര്‍ സഞ്ചരിച്ച് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയുടെ തീരത്ത് എത്തിയത്. രേഖപ്പെടുത്തപ്പെട്ടതില്‍വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ തിമിംഗിലയാത്രയാണിത്. മാത്രമല്ല, ഒരു ഹംപ്ബാക്ക് തിമിംഗിലം പസഫിക് സമുദ്രത്തില്‍നിന്ന് ഇന്ത്യന്‍മഹാസമുദ്രത്തിലേക്ക് സഞ്ചരിക്കുന്നതും ഇതാദ്യമായാണ്. 

To advertise here,

മറൈന്‍ ബയോളജിസ്റ്റായ ടെഡ് ചീസ്മാന്‍ സഹസ്ഥാപകനായ 'ഹാപ്പി വെയില്‍സ് ഡോട്ട്‌കോം' ഈ ഹംപ്ബാക്ക് തിമിംഗിലത്തിന്റെ സമുദ്രങ്ങള്‍ താണ്ടിയുള്ള സഞ്ചാരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2013-ലാണ് കൊളംബിയ തീരത്ത് ഈ തിമിംഗിലത്തെ ആദ്യമായി കാണുന്നത്. കുറച്ചുകൊല്ലങ്ങള്‍ക്കു ശേഷവും ഇതേ പ്രദേശത്തുതന്നെ ഈ തിമിംഗിലത്തെ കാണാന്‍ കഴിഞ്ഞു. എന്നാല്‍, 2022-ല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തെ സാന്‍സിബാറിലാണ് ഇതിനെ കണ്ടത്. എന്നാല്‍, നിലവില്‍ ഈ തിമിംഗിലം എവിടെയാണ് എന്നത് വ്യക്തമല്ല. 

സാധാരണയായി ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ കുടിയേറ്റത്തിന്റെ ഭാഗമായി ഒരുവശത്തേക്ക് ഏകദേശം 8,000 കിലോമീറ്ററാണ് സഞ്ചരിക്കാറ്. എന്നാല്‍, നിലവില്‍ ആഫ്രിക്കന്‍ തീരത്തുള്ള ഈ ഹംപ്ബാക്ക് തിമിംഗിലം അതിലൊക്കെ വളരെയേറെ സഞ്ചരിച്ചുകഴിഞ്ഞു. കൊളംബിയന്‍ തീരത്ത് ഇണകള്‍ക്കായുള്ള മത്സരം കൂടുതലായതോ ഭക്ഷണലഭ്യത കുറഞ്ഞതോ ആയിരിക്കാം ഈ തിമിംഗിലം ഇങ്ങനെയൊരു സഞ്ചാരപാത തിരഞ്ഞെടുത്തത് എന്നാണ് ഹാപ്പി വെയില്‍സ് സഹസ്ഥാപകന്‍ ടെഡ് അഭിപ്രായപ്പെടുന്നത്.

ഹംപ്ബാക്ക് തിമിംഗിലത്തിന്റെ ദേശാടനം ശ്രദ്ധേയമാകുന്നത് മറ്റൊരു കാരണം കൊണ്ടുകൂടിയാണ്. സാധാരണയായി ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ എല്ലാക്കൊല്ലവും അവയുടെ ബ്രീഡിങ് മേഖലകളിലേക്ക് മടങ്ങിപ്പോകാറുണ്ട്. എന്നാല്‍, ഈ തിമിംഗിലം രണ്ട് വ്യത്യസ്ത സമുദ്രങ്ങളിലെ വ്യത്യസ്ത ബ്രീഡിങ് മേഖലകള്‍ പിന്നിട്ടാണ് യാത്രചെയ്യുന്നത്. മാത്രമല്ല, ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിമിംഗിലങ്ങള്‍, പസഫിക്കില്‍നിന്നെത്തിയ ഈ അതിഥിയെ എങ്ങനെ ഉള്‍ക്കൊള്ളുമെന്നും കണ്ടറിയണം.