ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഹംപ്ബാക്ക് തിമിംഗിലങ്ങളുടെ ദൃശ്യം ആദ്യമായി ക്യാമറയില്‍ പകര്‍ത്തി ഗവേഷകര്‍. ഹംപ്ബാക്ക് തിമിംഗിലങ്ങളുടെ ലൈംഗിക രീതികളെ കുറിച്ചുളള അറിവുകള്‍ക്ക് മുന്‍പ് പരിമിതികളുണ്ടായിരുന്നു. ഹവായയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിന് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. ആണ്‍, പെണ്‍ തിമിംഗിലങ്ങളല്ല ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതെന്നും ഗവേഷകര്‍ തന്നെ സ്ഥിരീകരിച്ചു. രണ്ട് ആണ്‍ ഹംപ്ബാക്ക് തിമിംഗിലങ്ങളാണ് ഹവായയിന്‍ സമുദ്രപ്രദേശത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്. ഹംപ്ബാക്ക് തിമിംഗിലങ്ങളില്‍ സ്വവര്‍ഗരതിയുണ്ടെന്ന സൂചന തന്നെയാണ് പുതിയ ചിത്രങ്ങളും നല്‍കുന്നത്. 

To advertise here,

ജീവിലോകത്ത് സ്വവര്‍ഗരതി അസാധാരണമല്ല. ഡോള്‍ഫിന്‍, കൊലയാളി തിമിംഗിലമെന്നറിയപ്പെടുന്ന ഓര്‍ക്ക എന്നിവയില്‍ ഇതിന് മുന്‍പ് സ്വവര്‍ഗരതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും ഹംപ്ബാക്ക് തിമിംഗിലങ്ങളില്‍ ഇതിനെ കുറിച്ച് വിശദീകരിക്കുന്ന പഠനങ്ങളുണ്ടായിട്ടില്ല. പുതിയ കണ്ടെത്തലുകള്‍ വിദഗ്ധരുടെ നിരീക്ഷണത്തിനൊടുവില്‍ ഔദ്യോഗിക പഠന റിപ്പോര്‍ട്ടായി മറൈന്‍ മാമ്മല്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. 

2022 ജനുവരി മാസം മാവി ദ്വീപിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഒരു ബോട്ടിന് വട്ടമിട്ട് ഹംപ്ബാക്ക് തിമിംഗിലങ്ങളെ ചിത്രം പകര്‍ത്തിയ ലൈയല്‍ ക്രാണിച്ച്ഫീല്‍ഡ്, ബ്രാണ്ടി റൊമാനോ എന്നിവരാണ് ശ്രദ്ധിച്ചത്. ഏതാനും സമയങ്ങള്‍ക്കുള്ളില്‍ ഇവ അടിത്തട്ടിലേക്ക് പോയി സ്വവര്‍ഗരതിയിലേര്‍പ്പെടുകയായിരുന്നു. ബോട്ടിന് മൂന്ന് മുതല്‍ അഞ്ചടിയോളം താഴെയായിരുന്നു ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ തിരഞ്ഞെടുത്തത്.

52 അടി നീളത്തിലും 36 ടണ്‍ ഭാരത്തിലും ഹംപ്ബാക്ക് തിമിംഗിലങ്ങളെ കാണാം. വാണിജ്യാവശ്യങ്ങള്‍ക്കായുള്ള വേട്ടയാടല്‍ ഇവയുടെ എണ്ണം കുറയാനുള്ള കാരണമായി. ചെറു മീനുകളും ക്രില്ലുകളുമടങ്ങുന്നതാണ് പ്രധാന ആഹാരം. അതിവിദഗ്ധരായ നീന്തല്‍ക്കാര്‍ കൂടിയാണ് ഹംപ്ബാക്ക് തിമിംഗിലങ്ങള്‍. അടുത്തിടെ ട്വയിന്‍ എന്ന് പേലുളള ഹംപ്ബാക്ക് തിമിംഗിലവുമായി ഗവേഷകര്‍ ആശയവിനിമയം നടത്തിയതായി അവകാശപ്പെട്ടിരുന്നു. 20 മിനുട്ടോളമാണ് ട്വയിന്‍ എന്ന് പേരുള്ള തിമിംഗിലവുമായി അലസ്‌ക വെയില്‍ ഫൗണ്ടേഷന്‍, എസ്ഇടിഐ (സെര്‍ച്ച് ഫോര്‍ എക്സ്ട്രാടെറസ്റ്ററിയല്‍ ഇന്റലിജന്‍സ്) ഗവേഷകര്‍ ആശയവിനിമയം നടത്തിയതെന്നും സയന്‍സ് അലേര്‍ട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.