കൊച്ചി: ഭാവിയിലെ ഇന്ധനലഭ്യതയ്ക്കായി പെട്രോളിയം പര്യവേക്ഷണത്തിന്റെ  നിലവിലുള്ള അതിരുകൾക്കപ്പുറം പുതിയ ഊർജ സ്രോതസ്സുകളുടെ ഖനനവും വികസനവും സാധ്യമാകണമെന്ന് കൊച്ചി ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടന്ന സൊസൈറ്റി ഓഫ് ജിയോഫിസിസ്റ്റുകളുടെ 14-ാമത്  അന്താരാഷ്ട്ര സമ്മേളനം വിലയിരുത്തി.  

To advertise here,

സമാപന ദിനത്തിൽ "പര്യവേക്ഷണം ചക്രവാളത്തിനപ്പുറം " എന്ന ശാസ്ത്ര സെഷനിൽ ഇത് സംബന്ധിച്ച വിദഗ്ദചർച്ചകൾ നടന്നു.  പരമ്പരാഗത പെട്രോളിയത്തിന്റെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ ശക്തമായ ബദലുകൾ സജ്ജമാവേണ്ടതുണ്ടെന്ന് ഒഎൻജിസി എക്‌സ്‌പ്ലോറേഷൻ ഡയറക്‌ടറും എസ്‌പിജി-ഇന്ത്യയുടെ പേട്രണുമായ സുഷമ റാവത്ത് പറഞ്ഞു.

കൽക്കരി ബെഡ് മീഥെയ്ൻ, ഷെയ്ൽ വാതകം, ഗ്യാസ് ഹൈഡ്രേറ്റുകൾ,  ഹെവി ഓയിൽ, ഭൂഗർഭ കൽക്കരി വാതകം, അൽപം ദുഷ്കരമായ ടൈറ്റ് ഗ്യാസ് സംഭരണികൾ തുടങ്ങിയവ മറഞ്ഞിരിക്കുന്ന ഊർജനിധികളാണ്. ഇവയിൽ കൽക്കരി ബെഡ് മീഥെയ്ൻ മലിനീകരണമില്ലാത്ത ശുദ്ധ ഊർജത്തിന്റെ ഉറവിടമെന്ന നിലയിൽ ബദലായി ഉയർന്നുവന്നു കഴിഞ്ഞു, സുഷമ റാവത്ത് പറഞ്ഞു.

ഒഎൻജിസിയുടെ മുൻ സി.എം.ഡി. സുബാഷ് കുമാർ പാരമ്പര്യേതര ഖനനസ്രോതസ്സുകൾ  ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാങ്കേതിക മുന്നേറ്റങ്ങളും  ശാസ്ത്രരീതികളും അവതരിപ്പിച്ചു.പരമ്പരാഗത ക്രൂഡ് ഓയിൽ ലഭ്യതയാൽ അവഗണിക്കപ്പെട്ട ഹെവി ഓയിൽ  ഏറെ വിലപ്പെട്ടതായി കാണണമെന്ന് സുബാഷ് കുമാർ പറഞ്ഞു. ഇതിനായുള്ള നൂതനമായ സാങ്കേതിക വിദ്യകൾ അദ്ദേഹം വിശദീകരിച്ചു.

ഊർജരംഗത്ത വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുള്ള ഷെയ്ൽ വാതകം വേർതിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവസരങ്ങളും വിദഗ്ധർ ചർച്ച ചെയ്തു.ഗ്യാസ് ഹൈഡ്രേറ്റുകൾ അല്ലെങ്കിൽ "ഫയർ ഐസ്" താരതമ്യേന പര്യവേക്ഷണം ചെയ്യപ്പെടാത്ത ഒന്നാണ്. ഇതിന്റെ സങ്കീർണതകളെക്കുറിച്ചും അവ വേർതിരിച്ചെടുക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും സെഷൻ ചർച്ച ചെയ്തു.

ഒഎൻജിസി മുൻ സിഎംഡി  സുബാഷ് കുമാർ, ഒഎൻജിസി വിദേശ് ലിമിറ്റഡ്  (ഒ.വി.എൽ) എം ഡി. രാജർഷി ഗുപ്ത; ഒ.എൻ.ജി.സി  ഡയറക്ടർ (എക്സ്പ്ലോറേഷൻ ) സുഷമ റാവത്ത്,  ഒ ഐ എൽ എക്സിക്യൂട്ടീവ് ഡയറക്ടർ (ജിയോസയൻസ്) ബിബേക് നന്ദ സൈകിയ, ഒഎൻജിസി എക്സിക്യൂട്ടീവ് ഡയറക്ടറും എസ്പിജി-ഇന്ത്യ പ്രസിഡന്റുമായ വിശാൽ ശാസ്ത്രി  എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.

ജിയോ സയന്റിസ്റ്റുകൾ, ഗവേഷകർ, നയരൂപീകരണ വിദഗ്ദ്ധർ,നൂറിലധികം അന്താരാഷ്‌ട്ര വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ രണ്ടായിരത്തിലധികം പ്രതിനിധികൾ ഊർജ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് നടന്ന മൂന്ന് ദിവസത്തെ ചർച്ചകളിൽ പങ്കെടുത്തു.