
കോയമ്പത്തൂർ: ഉമികൊണ്ട് ഒരു പ്ലേറ്റ് ആയാലോ. എങ്ങനെയെന്നല്ലേ. ഉമികൊണ്ട് പ്ലേറ്റുമുണ്ടാക്കാം. ആ പ്ലേറ്റിൽ ഭക്ഷണവും കഴിക്കാം. കാക്കനാട് സ്വദേശി വിനയ് ബാലകൃഷ്ണനാണ് ഉമികൊണ്ട് പ്ലേറ്റുണ്ടാക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായി ‘തൂശൻ’ എന്ന് പേരിട്ട, ഉമികൊണ്ടുള്ള പ്ലേറ്റ് വിപണിയിലെത്തിക്കയാണ് വിനയ്.
കോയമ്പത്തൂർ കെ.ജി. ചാവടിയിൽ വേലന്താവളംറോഡിലുള്ള വിഐആർ നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഉമികൊണ്ടുള്ള പ്ലേറ്റുണ്ടാക്കി മാതൃകയാവുന്നത്. 2021-ൽ അങ്കമാലിയിൽ ആദ്യം ഗോതമ്പിന്റെ തവിടുകൊണ്ടുള്ള പ്ലേറ്റ് ഉണ്ടാക്കിയാണ് രംഗത്തുവന്നത്. എന്നാൽ, അന്തരീക്ഷത്തിലെ ഈർപ്പക്കൂടുതൽ പ്ലേറ്റിന് ദോഷകരമായതോടെ സ്ഥാപനം ഒരുവർഷംമുൻപ് തമിഴ്‌നാട്ടിലേക്ക് മാറ്റി. പാലക്കാടൻ മട്ട അരിയുടെ ഉമികൊണ്ടാണ് പ്ലേറ്റുകൾ ഉണ്ടാക്കുന്നതെന്ന് വിനയ് ബാലകൃഷ്ണൻ പറയുന്നു. പാലക്കാട് ജില്ലയിലെ അരിമില്ലുകളിൽനിന്നാണ് ഉമി ശേഖരിക്കുന്നത്. പാലക്കാടൻമട്ടയുടെ ഉമി ഉപയോഗിക്കുമ്പോൾ പ്ലേറ്റിന് നല്ല നിറവും പൂർണതയും കിട്ടും. വെള്ളംചേർത്ത് സംസ്കരിച്ച ഉമി നിശ്ചിതചൂടിൽ യന്ത്രത്തിലൂടെ കടത്തിവിട്ടാണ് പ്ലേറ്റ് ആക്കുന്നത്. ഇതിന്റെ സാങ്കേതികവിദ്യയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് വിനയ് പറയുന്നു.

12 ഇഞ്ച്, പത്തിഞ്ച്, ആറിഞ്ച് എന്നിങ്ങനെ മൂന്നുതരം പ്ലേറ്റുകളാണ് ഇപ്പോൾ ഉണ്ടാക്കുന്നത്. 12 ഇഞ്ച് പ്ലേറ്റിന് പത്തുരൂപയാണ് വില. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലേറ്റ് കാലിത്തീറ്റ, കോഴിത്തീറ്റ, മീൻതീറ്റ, ജൈവവളം എന്നിവയായി ഉപയോഗിക്കാം. ഒരു മണിക്കൂർവരെ ദ്രവരൂപത്തിലുള്ള ഭക്ഷ്യസാധനങ്ങൾ പ്ലേറ്റിൽ വെക്കാം. മൈനസ് പത്തുമുതൽ 140 ഡിഗ്രിവരെ ചൂടുള്ള സാധനങ്ങളും വെക്കാം. ഉപയോഗിച്ചശേഷം 30 ദിവസത്തിനകം മണ്ണിൽ അലിഞ്ഞുചേരും.
ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങളാണ് പ്രധാനമായും വാങ്ങുന്നത്. കൊച്ചിയിലെ ഇന്ത്യൻ നേവിക്കും കോസ്റ്റ് ഗാർഡിനും പ്ലേറ്റുകൾ നൽകുന്നുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്.
എംഎസ്‌സി ജിയോളജി ബിരുദംനേടി മൗറീഷ്യസിൽ ജോലിചെയ്തശേഷമാണ് പരിസ്ഥിതിസൗഹൃദ പ്ലേറ്റ് എന്ന ആശയവുമായി വിനയ് ബാലകൃഷ്ണൻ രംഗത്തുവന്നത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. ഭാര്യ ഇന്ദിരാനായരാണ് കമ്പനി നോക്കിനടത്തുന്നത്.
‘തൂശൻ’ പ്ലേറ്റിന് യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ടെന്നും വിനയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്കുവിളിപ്പിച്ച് അഭിനന്ദിച്ചിട്ടുണ്ടെന്നും പറഞ്ഞു.
Content Highlights: environment friendly plates built by vinay
Published: 27 Mar 2025, 09:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented