തിരുവനന്തപുരം: വൈദേശിക സസ്യ-ജന്തുജാലങ്ങളുടെ കടന്നുകയറ്റത്തെ നേരിടാന്‍ നയവുമായി കേരളം. ക്വാറന്റീന്‍, നഴ്‌സറികള്‍ക്കും വളര്‍ത്തുപക്ഷികളുടെ വില്‍പ്പനശാലകള്‍ക്കും ലൈസന്‍സും വ്യവസ്ഥകളും ശക്തമാക്കല്‍, സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് നിരീക്ഷണം, പരിശോധന, തുടങ്ങിയവ അനിവാര്യമാണെന്ന് സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ ജൈവ വൈവിധ്യ അധിനിവേശ നയത്തില്‍ ശുപാര്‍ശ ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഒരുസംസ്ഥാനം ഇത്തരമൊരു നയം തയ്യാറാക്കുന്നത്.

To advertise here,

നിരീക്ഷണം: സ്വാഭാവിക ആവാസവ്യവസ്ഥയേയും സസ്യ ജന്തുജാലങ്ങളുടെ നിലില്‍പ്പിനെയും തകിടം മറിക്കുന്നതരത്തിൽ എന്തൊക്കെ വരുന്നു, വ്യാപിക്കുന്നു, ഭാവിയില്‍ ദോഷമാകുന്നത് ഏതൊക്കെ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനും തടയാനും കൃഷി, മത്സ്യബന്ധനം, വനം, മൃഗസംരക്ഷണ വകുപ്പുകള്‍ യോജിക്കണം. അനധികൃതമായി വരുന്നവയെ തടയാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി നിരീക്ഷണം ശക്തമാക്കണം.

അലങ്കാര ചെടികളുടേതടക്കം ഓണ്‍ലൈന്‍ വ്യാപാരത്തിനും നിരീക്ഷണവും നിയന്ത്രണവും വേണം. വ്യാപാരം, ടൂറിസം, അക്വാകള്‍ച്ചര്‍ തുടങ്ങിയവയ്ക്കുള്ള സസ്യജന്തുജാല വരവ് നിയന്ത്രിക്കണം. ക്വാറന്റീനില്‍  ഇല്ലാതെത്തുന്ന നടീല്‍ വസ്തുക്കളും, നഴ്സറികളും പ്ലാന്റ് ഡീലര്‍മാരും വൈദേശിക അധിനിവേശത്തിന് മുഖ്യ പങ്ക് വഹിക്കുന്നതായി നയം ചൂണ്ടിക്കാട്ടുന്നു. ഇവിടെയും ശക്തമായ ഇടപെടല്‍ വേണം.
 
കേരളത്തില്‍:  ദേശീയ ജൈവ വൈവിധ്യ അതോറിറ്റി ഇന്ത്യയില്‍ കണ്ടെത്തിയ 220 അധിനിവേശ വൈദേശിക ജീവജാലങ്ങള്‍ കേരളത്തിലും വനം, കൃഷി, ജലസംരക്ഷണ സ്രോതസുകള്‍, ജീവജാലങ്ങള്‍ എന്നിവയുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു.

നയത്തിലെ പരിഹാരം: അംഗീകൃത മാര്‍ഗങ്ങളിലൂടെ എത്തുന്നവയെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കരപ്രദേശങ്ങളിലും ക്വാറന്റീനിലാക്കി നിരീക്ഷിക്കുക, കുഴപ്പക്കാരെ തിരിച്ചയയ്ക്കുക.  ഇപ്പോഴുള്ള നിരീക്ഷണം മതിയാകില്ല. ഭൂമി തരിശിടുന്നത് ഒഴിവാക്കണം. ഏതുകാലാവസ്ഥയേയും അതിജീവിക്കുന്ന ധാരാളം അധിനിവേശ സസ്യങ്ങള്‍ തരിശുഭൂമി കൈയടക്കും.

നിയന്ത്രണം, നിവാരണം: നേരിട്ട് പറിച്ചുകളയുക, നീക്കുക. പ്രകൃത്യാലുള്ള ശത്രുക്കള്‍ ,കീടനാശിനി, കളനാശിനി എന്നിവ ഉപയോഗിക്കുക. സസ്യങ്ങളുടെ ഭാഗം, മണ്ണ് എന്നിവ ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റുന്നത് നിയന്ത്രിക്കുക. ജൈവനാര്, ജൈവഇന്ധനം, മൃഗങ്ങളുടെ തീറ്റ, പേപ്പര്‍ പള്‍പ്പ് തുടങ്ങി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഉപയോഗിക്കുക.
 
പഠനം, ഗവേഷണം: അധിനിവേശ ഇനങ്ങളുടെ വാസസ്ഥലം, ആവാസ വ്യവസ്ഥ, പ്രത്യാഘാതം, അപകടം എന്നിവ പഠിക്കണം. ഗവേഷണവും വേണം. കൈമാറ്റത്തിന് രാജ്യങ്ങള്‍ തമ്മില്‍ കരാരുണ്ടാക്കണം.

അധിനിവേശം പലവിധം

കടല്‍വഴി: കപ്പലുകളിലെ മലിനജലം ഒഴുക്കുമ്പോള്‍ 300 വിദേശയിനങ്ങളിലിലെ 4500 സൂക്ഷമജീവികളും സസ്യങ്ങളും പലനാട്ടിലായി എത്തുന്നു. സമുദ്ര ജീവജാലങ്ങള്‍ക്ക് ഹാനികരമായ  ചുവന്ന തിരകളെന്നറിയപ്പടുന്ന ആല്‍ഗല്‍ ബ്ലൂമിനിന് കപ്പലില്‍നിന്നു തള്ളുന്ന വെള്ളത്തിലെ സൂക്ഷ്മജീവികളും സസ്യങ്ങളും കാരണമാകുന്നു. 

അലങ്കാരയിനങ്ങളുടെ വ്യാപാരത്തിലൂടെ വിദേശ ജലജീവജാലങ്ങള്‍ എത്തുന്നു. ഹോര്‍ട്ടികള്‍ച്ചറും കൃഷിയും വിദേശ സസ്യങ്ങളുടെയും കീടങ്ങളുടെയും വരവിന് വഴിയൊരുക്കുന്നു.

ജല അധിനിവേശം: കുളവാഴ, പാര്‍ത്തീനിയം, മുട്ടപ്പായല്‍, നാഗപ്പോള, കബംബ, കരിബ, ആനത്തൊട്ടാവാടി എന്നിവ. പുഴയോരമേഖലയില്‍ 40 അധിനിവേശ സസ്യങ്ങളില്‍ പത്തെണ്ണം വന്‍ അപകടകാരികള്‍. 13 ഇടത്തരം ദോഷക്കാര്‍.

ജലാശയജന്തുജാലങ്ങള്‍ : മൊസാബിക് തിലാപ്പിയ(44 നദികളിലും റിസര്‍വോയറുകളിലും വ്യാപകം), സില്‍വര്‍-ബിഗ് ഹെഡ്-ബ്ലാക്-കോമണ്‍ വിഭാഗങ്ങളിലെ കാര്‍പ്പ് മത്സ്യങ്ങള്‍, ഗപ്പി, ആഫ്രിക്കന്‍മുഷി എന്നിവയ്‌ക്കെതിരേ കൂടുതല്‍ ജാഗ്രത ആവശ്യം.

വലിയകുഴപ്പക്കാര്‍

വന ആവാസ വ്യസ്ഥയ്ക്ക്: കമ്മ്യൂണിസ്റ്റ് പച്ച, അരിപ്പൂ, ധൃതരാഷ്ട്രപ്പച്ച, രാക്ഷസക്കൊന്ന.

കൃഷിയ്ക്ക്: ചോളത്തിരിപ്പുഴു, പപ്പായമീലിമൂട്ട, കോട്ടണ്‍മീലിമൂട്ട തുടങ്ങിയവ.