കൊച്ചി: മീനുകളെക്കുറിച്ചുള്ള അറിവുകള്‍ ജനകീയമാക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) കൊച്ചിയില്‍ ഫിഷ് വാക് സംഘടിപ്പിക്കും. പക്ഷി നിരീക്ഷണത്തിന് സമാനമായി, മത്സ്യപ്രേമികള്‍ക്ക് കടല്‍ജീവജാലങ്ങളെ കൂടുതലായി അടുത്തറിയാനുള്ള അവസരം ഒരുക്കുന്ന പരിപാടിയാണ് ഫിഷ് വാക്.

To advertise here,

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഫിഷ് വാക്കിന്റെ ആദ്യ പരിപാടി ഒക്ടോബര്‍ 19-ന് നടക്കും. തുടര്‍ന്നുള്ളവ ഒക്ടോബര്‍ 26, നവംബര്‍ 16, 23 തീയതികളിലാണ് നടക്കുക. സി.എം.എഫ്.ആര്‍.ഐ.യിലെ ശാസ്ത്രജ്ഞരും ഗവേഷകരും ഫിഷ് വാക്കിലുണ്ടാകും. 

ഫിഷിങ് ഹാര്‍ബറുകള്‍, ലാന്‍ഡിങ് സെന്ററുകള്‍ എന്നിവ സന്ദര്‍ശിച്ച് കടലില്‍നിന്ന് പിടിക്കപ്പെടുന്ന മീനുകളുടെ വിവരങ്ങള്‍ ശേഖരിക്കും. മീനുകളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ ഫിഷ് വാക്കിനെത്തുന്നവര്‍ക്ക് പരിചയപ്പെടുത്തും.

കടല്‍ ജൈവവൈവിധ്യത്തില്‍ തത്പരരായവരെയാണ് ഫിഷ് വാക്കില്‍ പങ്കാളികളാക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും മറൈന്‍ ബയോളജിയില്‍ താത്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഒക്ടോബര്‍ 17. ഫോണ്‍-83010 48849.