കൊച്ചി: ചെറുമീന്‍ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗല്‍ സൈസ് (എം.എല്‍.എസ്.) നടപ്പിലാക്കിയശേഷം കിളിമീന്‍ ഉത്പാദനം 41 ശതമാനം കൂടിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് - സി.എം.എഫ്.ആര്‍.ഐ.) പഠനം. ചെറുമീന്‍പിടിത്തത്തിന് ഏറ്റവും കൂടുതല്‍ വിധേയമായ മത്സ്യയിനമാണ് കിളിമീന്‍.

To advertise here,

കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ സി.എം.എഫ്.ആര്‍.ഐയില്‍ സംഘടിപ്പിച്ച ഗുണഭോക്തൃ ശില്‍പശാലയിലാണ് പഠനം അവതരിപ്പിച്ചത്. എം.എല്‍.എസ്. നിയന്ത്രണം വിപുലമാക്കുന്നത് ഗുണകരമാകും. വലയുടെ കണ്ണിവലുപ്പ നിയന്ത്രണം കര്‍ശനമായി പാലിക്കുന്നത് കുറേക്കൂടി ഫലപ്രദമാകുമെന്നും സി.എം.എഫ്.ആര്‍.ഐ. നിര്‍ദേശിച്ചു.

ശില്‍പശാലയില്‍ മറൈന്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എണ്‍വയണ്‍മെന്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. ഗ്രിന്‍സന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സി.എം.എഫ്.ആര്‍.ഐയുടെ ഗവേഷണഫലങ്ങള്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.എം. നജ്മുദ്ദീന്‍ അവതരിപ്പിച്ചു.

എറണാകുളം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളില്‍ സി.എം.എഫ്.ആര്‍.ഐ. നടത്തിയ പഠനത്തില്‍, കോവിഡിന് ശേഷം ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി മത്സ്യത്തൊഴിലാളികളുടെ ഉപഭോഗ ചെലവില്‍ കുറവ് വന്നതായി കണ്ടെത്തി. എറണാകുളം ജില്ലയില്‍ 34 ശതമാനവും ആലപ്പുഴയില്‍ 13 ശതമാനവും മലപ്പുറത്ത് 11 ശതമാനവുമാണ് കുറവ്. ഡോ. ശോഭ ജോ കിഴക്കൂടന്‍, ഡോ. എ.പി. ദിനേശ്ബാബു, ഡോ. വി.വി.ആര്‍. സുരേഷ്, ഡോ. ആര്‍. വിദ്യ, ഡോ. ലിവി വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.