നെടുമ്പാശ്ശേരി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയിൽ നെടുമ്പാശ്ശേരിയിൽ ഹൈഡ്രജൻ സ്റ്റേഷൻ സജ്ജമായി. സ്വന്തമായി ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാൽ മാറുകയാണ്. കേന്ദ്ര പെട്രോളിയം വകുപ്പിന്റെ അന്തിമാനുമതി കൂടി ലഭിച്ചാൽ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും. ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷനാണ് സിയാലിലേത്.

To advertise here,

ഗ്രീൻ ഹൈഡ്രജൻ
പ്രകൃതിസൗഹൃദ ഇന്ധനമാണ് ഗ്രീൻ ഹൈഡ്രജൻ. ഇലക്‌ട്രോലൈസിസ് പ്രക്രിയയിലൂടെ ജലം വിഘടിപ്പിച്ചാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്.

30 കോടി രൂപ മുടക്കിയാണ് സിയാൽ ഹൈഡ്രജൻ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം കോർപ്പറേഷനാണ് സാങ്കേതിക പങ്കാളി. ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉത്പാദനവും വിപണനവും ഇവിടെയുണ്ടാകും. ഹൈഡ്രജൻ ഉത്പാദന ചുമതല ബിപിസിഎല്ലിനാണ്. പ്രതിദിനം 220 കിലോഗ്രാം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ വിമാനത്താവളത്തിനകത്ത് ഉപയോഗിക്കുന്ന ബസുകളിലാണ് ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുക. ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കാവുന്ന 30 സീറ്റുള്ള ബസ് കൊച്ചിയിലെത്തി. ഈ ബസ് സിയാൽ ഓപ്പറേഷൻ ഏരിയയിലായിരിക്കും ഉപയോഗിക്കുക.

സാധാരണ വാഹനങ്ങൾ കാർബൺ പുറന്തള്ളുമ്പോൾ ഹൈഡ്രജൻ വാഹനങ്ങളിൽനിന്ന് പുറത്തുവരുന്നത് വെള്ളം മാത്രമായിരിക്കും. അതിനാൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ല. സർക്കാരിന്റെ സീറോ കാർബർ പോളിസിക്ക്‌ കരുത്ത് പകരുന്നതാണ് സിയാലിന്റെ ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷൻ പദ്ധതി. പൂർണമായും സൗരോർജം ഉപയോഗപ്പെടുത്തിയാണ് സിയാൽ നിലവിൽ പ്രവർത്തിക്കുന്നത്.