വടകര: വടകരയുടെ നെല്ലറയായ ചെരണ്ടത്തൂർ ചിറ തണ്ണീർത്തടത്തിൽ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ പക്ഷിനിരീക്ഷണത്തിൽ 82 ഇനം പക്ഷികളെ കണ്ടെത്തി. ജില്ലയിലെ പക്ഷിനിരീക്ഷകരുടെ നേതൃത്വത്തിലായിരുന്നു ഒരുദിവസം നീണ്ട നിരീക്ഷണം. വംശനാശഭീഷണി നേരിടുന്ന ദേശാടനപ്പക്ഷിയായ ചെന്തലയൻ എരണ്ടയെ ഇവിടെ കണ്ടെത്തി. അപൂർവമായേ ഇവയെ കാണാറുള്ളൂ.

To advertise here,

ഇതുകൂടാതെ വെള്ളക്കണ്ണി എരണ്ട, ചന്ദനക്കുറി എരണ്ട, ഗഡ്‌വാൾ എരണ്ട, കുടുമ താറാവ് തുടങ്ങി ദേശാടകരും തദ്ദേശീയരുമായ പത്തോളം താറാവിനങ്ങളെയും ഇവിടെ കണ്ടെത്തി.

ചെങ്കാലൻ പുള്ള്, ചങ്ങാലിപ്രാവ്, ചാരത്തലയൻ തിത്തിരി, യുറേഷ്യൻ ഹോബി, വെൺതാലിക്കുരുവി തുടങ്ങി അപൂർവമായിക്കാണുന്ന ദേശാടനപ്പക്ഷികളെയും കണ്ടു. കാട്ടുപൂച്ച, വിവിധയിനം കൊറ്റികൾ, മുള്ളൻപന്നി, വെരുക്, പാമ്പുവർഗങ്ങൾ, ഞണ്ടുകൾ, തദ്ദേശീയമായ മത്സ്യങ്ങൾ എന്നിവയുടെ സ്വാഭാവിക ആവാസകേന്ദ്രവുംകൂടിയാണ് ചെരണ്ടത്തൂർ തണ്ണീർത്തടം. ഏതാണ്ട് 600 ഏക്കറോളം വിസ്തീർണമുള്ള നെൽവയലുകൾ ഉൾപ്പെടെ ചെരണ്ടത്തൂർ ചിറയിലുണ്ട്‌. എല്ലാവർഷവും ഇവിടെ ദേശാടനക്കിളികൾ എത്താറുണ്ട്. ഏതാണ്ട് 300 ഏക്കറോളം സ്ഥലത്ത് എല്ലാവർഷവും നെൽക്കൃഷിയും നടത്തും. അതിരാവിലെ ആരംഭിച്ച പക്ഷിനിരീക്ഷണം വൈകീട്ടോടെ അവസാനിച്ചു. വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ പരിപാടിക്ക് നേതൃത്വംനൽകി. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ, പി. ജലീഷ്, കെ. അജിലാഷ്, കെ.എസ്. നിധിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനീഷ് രാമൻ എന്നിവരും പക്ഷിനിരീക്ഷകരായ ഗോകുൽദീപക്, മുഹമ്മദ് റാഫി, നോവൽകുമാർ, രതീഷ്, ഫായിസ്, ആദിത്യൻ, മെഹഫുസ്, വിവേക് സുധാകർ, ഇർവിൻ സെബാസ്റ്റ്യൻ, ഋത്വിക് സുന്ദർ, റഹ്‌മാൻ വണ്ടൂർ, അക്ഷയ്, അശ്വതി എന്നിവരും പക്ഷിനിരീക്ഷണത്തിൽ പങ്കെടുത്തു.