കൊല്ലം: നഗരവും ഗ്രാമപ്രദേശങ്ങളും ഇപ്പോൾ മഞ്ഞപ്പൂവിന്റെ ഹരത്തിലാണ്. ക്യാറ്റ്‌സ്‌ക്ലോ എന്നപേരിൽ അറിയപ്പെടുന്ന ഈ ചെടി വീടിനു മുകളിലും കവാടത്തിനു മേലെയുമെല്ലാമായി പൂത്തുനിൽക്കുന്നത് നവമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. പക്ഷേ ഇതൊരു അധിനിവേശ സസ്യമാണെന്നും നാട്ടിൽ പടർന്നാൽ അപകടകാരിയാണെന്നും സസ്യശാസ്ത്രജ്ഞൻമാർ മുന്നറിയിപ്പ് നൽകുന്നു.

To advertise here,

ട്രോപ്പിക്കൽ അമേരിക്കൻ രാജ്യങ്ങളാണ് ഇതിന്റെ സ്വദേശം. ഈ ചെടിക്ക് തിളക്കമുള്ള മഞ്ഞ ട്യൂബുലാർ പൂക്കളുണ്ട്, എല്ലാവർഷവും മാർച്ചിൽ വൻതോതിൽ പൂക്കും. കുറച്ചു ദിവസങ്ങൾമാത്രമേ നിൽക്കൂ. തദ്ദേശീയ സസ്യങ്ങളെ ഉന്മൂലനംചെയ്ത് വളരെ വേഗം പടർന്നുപന്തലിക്കാനുള്ള പല തന്ത്രങ്ങളും ഈ അധിനിവേശസസ്യത്തിൽ കാണാം.

പൂച്ചയുടെ നഖംപോലെ അള്ളിപ്പിടിച്ച് ഉയരത്തിലേക്ക് കയറുന്ന സ്വഭാവത്തിൽനിന്നാണ് ഈ ഉഷ്ണമേഖലാ സസ്യത്തിന് ക്യാറ്റ്‌സ്‌ക്ലോ എന്ന പേരുകിട്ടിയത്. മുൻപ്‌ പല രാജ്യങ്ങളിലും പൂന്തോട്ട അലങ്കാര സസ്യമായി പ്രചാരത്തിലിരുന്നെങ്കിലും, ഇപ്പോൾ ഇത് ലോകമെമ്പാടും കുപ്രസിദ്ധമായ കളയായാണ് കണക്കാക്കുന്നതെന്ന് പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ സീനിയർ സയന്റിസ്റ്റ് ഡോ. കെ.ബി. രമേശ്കുമാർ പറയുന്നു.

ചില രാജ്യങ്ങളിൽ ഇത് നിരോധിച്ചിട്ടുണ്ട്. വിത്തുകൾ, കിഴങ്ങുകൾ അല്ലെങ്കിൽ തണ്ട് എന്നിവ വഴിയാണ് പ്രജനനം. ചിറകുള്ള വിത്തുകൾ കാറ്റിലൂടെയും വെള്ളത്തിലൂടെയും വിതരണം ചെയ്യപ്പെടും. ഉയരത്തിൽ കയറാൻ അവസരം കിട്ടിയില്ലെങ്കിൽ അവ നിലത്ത്, മറ്റു വിത്തുകൾ മുളയ്ക്കാത്തവിധം പരവതാനിപോലെ പടരും. വേരുകളും കിഴങ്ങുകളും രൂപപ്പെടും. കിഴങ്ങുകൾ ഏറെക്കാലത്തേക്ക് മുളയ്ക്കാനും പടരാനുമുള്ള ഭക്ഷ്യസംഭരണം കൂടെയാണ്. ഉപ്പുരസമുള്ള കാലാവസ്ഥ, മഞ്ഞ്, അഗ്നിബാധ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച്‌ വളരും. ഇല തിന്നുന്ന വണ്ട്, വിത്ത് തിന്നുന്ന വണ്ട് എന്നിവ ഉപയോഗിച്ചുള്ള ജൈവനിയന്ത്രണവും രാസകീടനാശിനികൾ ഉപയോഗിച്ചുള്ള നിയന്ത്രണവും ഇവയുടെ ഉന്മൂലനത്തിനായി പല രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ടെന്നും രമേശ്‌കുമാർ പറഞ്ഞു.