കൊച്ചി: മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറും ജനപ്രതിനിധിയും തമ്മിൽ വാക്കേറ്റം. ഏഴാം വാർഡ് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുൽ കരീം, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറായ സുമയ്യയോട് കയർത്തു സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഓഫീസിൽ കൃത്യമായ സേവനം നൽകുന്നില്ലെന്ന് ആരോപിച്ച നേതാവ്, ഫയലിൽ ഉടൻ തീരുമാനമുണ്ടാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥയെ ഓഫീസിനുള്ളിലിട്ട് പുറത്തുനിന്ന് പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

To advertise here,

വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം നടന്നത്. പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ഫിറ്റ്നസ് അപേക്ഷയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്കൂൾ ഫിറ്റ്നസിന് കെ.എസ്.ഇ.ബി. നൽകുന്ന എൻ.ഒ.സി. നിർബന്ധമാക്കിയിരുന്നു. എൻ.ഒ.സി ലഭിക്കാത്തതിനാലാണ് കെ-സ്മാർട്ട് വഴി എത്തിയ അപേക്ഷ മടക്കുകയോ അനുമതി നൽകുകയോ ചെയ്യാതിരുന്നതെന്നാണ് വിവരങ്ങൾ. രണ്ടു ദിവസത്തിനകം എൻ.ഒ.സി ഹാജരാക്കാമെന്ന് ഒൻപതാം വാർഡ് കൗൺസിലർ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥ സാവകാശം നൽകിയിരിക്കുകയായിരുന്നു.

എന്നാൽ നിയമപരമായ സാവകാശത്തെ മാനിക്കാതെ, അഞ്ചാം വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സീനത്ത് അസീസും ഏഴാം വാർഡ് അംഗം അബ്ദുൽ കരീമും എ.ഇയുടെ ഓഫീസിലെത്തി കയർത്തു സംസാരിക്കുകയായിരുന്നു. 'നീ, എടി' എന്ന് വിളിച്ച് അപമാനിക്കുകയും ഹുങ്ക് കാണിച്ചാൽ വെളിയിൽ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഫയൽ പരിശോധിച്ച് തീരുമാനമെടുക്കാൻ തനിക്ക് നിയമപരമായ സമയപരിധിയുണ്ടെന്ന് ഉദ്യോഗസ്ഥ വ്യക്തമാക്കിയെങ്കിലും ജനപ്രതിനിധികൾ വഴങ്ങിയില്ല.

സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥയും ജനപ്രതിനിധികളും മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് അസിസ്റ്റന്റ് എഞ്ചിനീയർ സുമയ്യ പരാതി നൽകിയപ്പോൾ, എ.ഇ ജോലി കൃത്യമായി ചെയ്തില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റും പോലീസിനെ സമീപിച്ചു. പോലീസ് നിലവിൽ വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്.