ഒറ്റപ്പാലം(പാലക്കാട്): തുടർച്ചയായി തീയിടുന്ന ഭാരതപ്പുഴയോരത്തെ ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപത്ത് കണ്ടെത്തിയത് 50 ഇനം പക്ഷികളെ. അന്തർദേശീയ നീർപക്ഷി കണക്കെടുപ്പിന്റെ (ഇന്റർനാഷണൽ വാട്ടർബേഡ് സർവേ) ഭാഗമായി ഭാരതപ്പുഴയോരത്ത് പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിൽനടന്ന പഠനത്തിലാണ് കണ്ടെത്തൽ. മുൻവർഷങ്ങളിലേതിന് സമാനമായി 50 ഇനം പക്ഷികളെ കണ്ടെത്താനായെങ്കിലും ഓരോ ഇനത്തിലും പക്ഷികളുടെ എണ്ണം കുറഞ്ഞതായാണ് കണ്ടെത്തൽ.

To advertise here,

കുങ്കുമക്കുരുവികളെ (റെഡ് മുനിയ) ശരാശരി 50 എണ്ണം കാണാറുള്ളിടത്ത് ഇത്തവണ പത്തുമുതൽ 15വരെ മാത്രമാണുള്ളതെന്നാണ് സർവേയിൽ പങ്കെടുത്ത പക്ഷി നിരീക്ഷകർ പറഞ്ഞത്‌. മറ്റിനങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. പുഴയോരത്തെ തിട്ടകളിൽ കൂടുവെക്കുന്നവയാണ് കുങ്കുമക്കുരുവികൾ. ഇതിനുപുറമേ 12 ഇനങ്ങൾകൂടി മണൽത്തിട്ടയിൽ കൂടൊരുക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തും. ഇവയെല്ലാം ഭാരതപ്പുഴയോരത്ത് കുറഞ്ഞു. തുടർച്ചയായി തീയിടുന്നതുമൂലം ഇവയുടെ ആവാസവ്യവസ്ഥ നശിക്കുന്നതാണ് പ്രശ്‌നം.

അഞ്ചുവർഷംമുമ്പ് ഭാരതപ്പുഴയിൽ ഇതേ പ്രദേശത്ത് തീയിടലുണ്ടാവുകയും പക്ഷികളും മുട്ടയും കരിഞ്ഞുപോവുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഹരിതട്രിബ്യൂണൽ കേസെടുത്ത് സുരക്ഷയൊരുക്കാൻ നിർദേശിച്ചത്. എന്നാൽ, ഒന്നും നടന്നില്ലെന്നുമാത്രമല്ല, ഇത്തവണയും ഭാരതപ്പുഴയിലെ പക്ഷികളെത്തുന്ന കേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായി.

ഓരോ പ്രദേശത്തെയും നീർപക്ഷികളുടെ കണക്കെടുത്ത് 'ഇ-ബേഡ്‌സ്' എന്ന വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയാണ് സർവേ പൂർത്തിയാക്കുന്നത്. സുകുമാരൻ വർണം, എം. ആര്യകുമാരൻ, കെ. സുസ്മിത് കൃഷ്ണൻ, ഡോ. സെബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സർവേ. വിവേക് സുധാകരനാണ് ജില്ലയിലെ സർവേയുടെ മേൽനോട്ടം വഹിക്കുന്നത്.

ഭാരതപ്പുഴയോരത്ത് കണ്ടെത്തിയ പക്ഷികൾ

ചേരകൊക്കൻ, അരിവാൾ കൊക്കൻ, പെരുമുണ്ടി, കാലിമുണ്ടി തുടങ്ങിയ കൊക്കിനങ്ങളും വിവിധയിനം മുനിയകളും ഇരണ്ടകളും താറാവിനങ്ങളും ഭാരതപ്പുഴയോരത്ത് കണ്ടെത്തി. വേലി തത്തകൾ, ഡ്രോങ്കോകൾ, പൊൻമാനുകൾ, പിപ്പറ്റുകൾ, വാഗ്‌റ്റെയ്‌ലുകൾ, ലാപ് വിങ്ങുകൾ, സാൻഡ്‌ പൈപ്പറുകൾ, നീർക്കാക്കകൾ പ്ലോവറുകൾ, ചുറ്റീന്തൽക്കിളി, കതിർവാലൻ കുരുവികൾ, നാട്ടുവേഴാമ്പൽ, കാട്ടിലക്കിളി തുടങ്ങിയ പക്ഷിയിനങ്ങളെയും സർവേയിൽ കണ്ടെത്തി.