രോഗപ്പകര്‍ച്ച തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സജ്ജരാണെങ്കിലും ഉയര്‍ന്ന മരണനിരക്കുള്ള ഒരു പകര്‍ച്ചവ്യാധിയെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം വീണ്ടും നിപ ജാഗ്രതയിൽ. പലതവണ നേരിടേണ്ടിവന്ന ഒരു വെല്ലുവിളി വീണ്ടും തിരിച്ചുവരുമ്പോൾ എന്തൊക്കെയാണ് മുൻകരുതലുകൾ വേണ്ടത്?എങ്ങനെയാണ് വൈറസ് ബാധയുണ്ടാവുന്നത്? രോഗത്തെ എങ്ങനെ പ്രതിരോധിക്കാം?
എന്താണ് നിപ വൈറസ്
മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെടുന്നത്. ഹെനിപാവൈറസ് ജനുസിലെ പാരമിക്‌സോ വിറിഡേ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസുകളാണ് നിപ വൈറസുകൾ.
പഴവർഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസിൽപെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. ലോകത്ത് ആദ്യമായി മലേഷ്യയിൽ ആണ് രോഗം റിപ്പോർട്ട് ചെയ്തത്. മലേഷ്യയിൽ വവ്വാലുകളിൽനിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്.
പന്നികൾക്ക് പുറമേ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയിൽനിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും സ്ഥിരീകരണമില്ല. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുകളുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽനിന്ന് രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നിപ വൈറസ് ജനിതകമാറ്റം സംഭവിച്ചതു കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പടരുന്നത്.
രോഗം പകരുന്നതെങ്ങനെ?
ലോകാരോഗ്യ സംഘടന സൂണോറ്റിക് ഡിസീസ് വിഭാഗത്തിലാണ് നിപയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെയാണ് സൂണോറ്റിക് ഡിസീസ് എന്നുവിളിക്കുന്നത്. വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ. പന്നിപോലെയുള്ള മറ്റു വളർത്തുമൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരാം. രോഗിയുടെ ശരീരസ്രവങ്ങൾ വഴിയാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം.
തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണകാരണമാകുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽത്തന്നെ രോഗം മൂർച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്.
വൈറസ് ബാധയുള്ള മൃഗങ്ങളുമായി അടുത്തിടപഴകുന്നതോ പക്ഷി-മൃഗങ്ങൾ കടിച്ചുപേക്ഷിച്ച പഴങ്ങൾ കഴിക്കുന്നതിലൂടേയോ വൈറസുകൾ മനുഷ്യശരീരത്തിലെത്താം. വൈറസ് ശരീരത്തിനുള്ളിലെത്തിയാൽ അഞ്ചുമുതൽ പതിനാല് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. ചുമ, വയറുവേദന, ഛർദി, ശ്വാസതടസ്സം എന്നിവയുമുണ്ടാകാം. സ്രവപരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രക്തം മൂത്രം തൊണ്ടയിൽ നിന്നുള്ള സ്രവം, വേണ്ടി വന്നാൽ നട്ടെല്ലിൽ നിന്നും കുത്തിയെടുത്ത നീര് എന്നിവയാണ് പരിശോധനയ്ക്കായി അയക്കുന്നത്.നിപ രോഗം കാലാവസ്ഥയ്ക്കനുസരിച്ച് ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.
പഴംതീനി വവ്വാലുകൾ നിപ വൈറസിന്റെ സ്വാഭാവിക വാഹകരാണ്. വവ്വാലിന് നിപയെക്കൊണ്ട് ഉപദ്രവമൊന്നുമില്ല. പരസ്പര സഹവർത്തിത്വത്തോടെ (co-evolution) കഴിയുന്നവരാണ് വവ്വാലും നിപയും. വവ്വാലില്ലെങ്കിൽ നിപയ്ക്ക് നിലനില്പില്ല. അതുകൊണ്ടുതന്നെ വവ്വാലിനെ ഈ വൈറസ് ബാധിക്കുകയുമില്ല. ഡെങ്കി വൈറസും ഈഡിസ് കൊതുകും തമ്മിലും ഇതേ ബന്ധമാണ്.
വവ്വാലുകളുടെ പ്രജനനകാലവും രോഗത്തിന്റെ ചാക്രികസ്വഭാവവും
ഡിസംബർമുതൽ മേയ് വരെയുള്ള കാലയളവിലാണ് സാധാരണഗതിയിൽ നിപ പകർച്ചവ്യാധികൾ ഉണ്ടാകാറുള്ളത്. നിപ വൈറസിന്റെ സ്രോതസ്സായ വവ്വാലുകളുടെ പ്രജനനകാലഘട്ടം ഇതാണ് എന്നതും ഈ കാലയളവിൽ വവ്വാലുകളിൽനിന്ന് വൈറസ് പുറത്തേക്ക് എത്തുന്നതിന്റെ തോത് വർധിക്കുമെന്നതുമാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ഈ രോഗം കണ്ടെത്താനും കണ്ടെത്തിക്കഴിഞ്ഞാൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും നാം തയ്യാറാണ്. രോഗപ്പകർച്ച തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ സജ്ജരാണെങ്കിലും ഉയർന്ന മരണനിരക്കുള്ള ഒരു പകർച്ചവ്യാധിയെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
സ്വീകരിക്കേണ്ട മുൻ കരുതലുകൾ
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിന്റെ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുളള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങൾ ഒഴിവാക്കുക.
രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ
- രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
- രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
- രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
- വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക
- രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകൾ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
- സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും കർശനമായി എടുക്കുക.
- രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.
നിഷ്‌കർഷ പുലർത്തേണ്ട സുരക്ഷാരീതികൾ
- സോപ്പ്/ആൾക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് എപ്പോഴും കൈ ശുചിയായി വയ്ക്കുക.
- രോഗി, രോഗ ചികിത്സയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങൾ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
- നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച് വാർഡുകളിലേക്ക് മാറ്റുക.
- ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
- രണ്ട് രോഗികളുടെ കട്ടിലുകൾ തമ്മിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക
രോഗികളെ അല്ലെങ്കിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോൾ പകരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം
മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗൺ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോൾ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന എൻ-95 മാസ്‌കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടൽ വേളയിലും നിഷ്‌കർഷിക്കേണ്ടതാണ്.
കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈൻ അല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.
ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്‌പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.
Content Highlights: Identifies Pteropus bats as the natural reservoir for Nipah virus., Explains the zoonotic transmission pathway from animals to humans., Highlights the cyclical nature of outbreaks between December and May., Provides actionable hygiene and safety protocols for individuals and hospitals.
Published: 11 Jun 2026, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented