തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിൽ അഴിച്ചുപണികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി. സർക്കാരുമായി സഹകരിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനെ (ഡിഎച്ച്എസ്) സ്ഥാനത്തുനിന്നും മാറ്റിയത് അതിനാണെന്ന് വ്യക്തമാക്കി. നിപ്പ പരിശോധനാ ഫലം ലഭിച്ചിട്ടും അത് ഔദ്യോഗികമായി തന്നെ അറിയിക്കുന്നതിൽ ഡി.എച്ച്.എസ് വീഴ്ച വരുത്തിയെന്നും, ആശയവിനിമയത്തിൽ ബോധപൂർവ്വമായ തടസ്സങ്ങൾ സൃഷ്ടിച്ചെന്നും മന്ത്രി ആരോപിച്ചു. ചിലർ തൊരപ്പൻ പണി കാണിച്ചു. അവരെ പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

To advertise here,

നിപ്പ പരിശോധനാ ഫലം പോസിറ്റീവാണെന്ന വിവരം തനിക്ക് ലഭിക്കുന്നതിന് മുൻപേ കോഴിക്കോട്ടെ മാധ്യമപ്രവർത്തകർ അറിഞ്ഞിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ ഫലം വന്നിട്ടും അന്നത്തെ ഡി.എച്ച്.എസ് ഇക്കാര്യം മന്ത്രിയെ അറിയിച്ചില്ല. പത്രസമ്മേളനം നടത്തുന്ന അഞ്ചര മണി വരെ ഔദ്യോഗിക വിവരം ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാരുമായി പൂർണ്ണമായി സഹകരിക്കാത്ത ഡി.എച്ച്.എസിനെ തങ്ങൾക്ക് ആവശ്യമില്ലെന്നും, ഇത് അച്ചടക്ക നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിപ്പ പ്രതിരോധത്തിൽ ജില്ലാ കളക്ടറുമായി ആശയവിനിമയത്തിൽ വിടവ് ഉണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു.

മന്ത്രി തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നതിനെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളെ അദ്ദേഹം തള്ളി. എപ്പോഴും കോഴിക്കോട് എത്താൻ തനിക്ക് ബുദ്ധിമുട്ടില്ലെന്നും, വന്ദേ ഭാരത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ എത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക വരെ പോകുന്ന ദൂരമൊന്നും ഇല്ലല്ലോയെന്നും അമേരിക്കയിലിരുന്ന മന്ത്രിസഭാ യോഗം നടത്തിയ ആളാണ് ഇത് പറയുന്നതെന്നും, കൂടുതലൊന്നും പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയമായി തന്നെ ആക്രമിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. ഇതൊക്കെ താൻ കുറെ കണ്ടതാണെന്നും മന്ത്രി വിമർശനങ്ങളോട് പ്രതികരിച്ചു. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന് വിചാരിച്ചാൽ അതൊന്നും നടപ്പില്ല. നിപ്പ ബാധിതനായ രോഗിയുടെ ജീവൻ നിലനിർത്താനുള്ള വലിയ പോരാട്ടമാണ് ഡോക്ടർമാർ നടത്തുന്നതെന്നും, ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി ഡിപ്പാർട്ട്മെന്റിനെ തകർക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവർ സർക്കാരിനോട് ആത്മാർത്ഥമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.