
2024 സെപ്റ്റംബര്‍ 16, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി (International Day for the Preservation of the Ozone Layer) ആചരിക്കുകയാണല്ലോ. ഓസോണ്‍ പാളിയെ ദുര്‍ബലമാക്കുന്ന വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത് നിയന്ത്രിക്കുവാനും ഓസോണ്‍ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ അവബോധം സൃഷ്ടിക്കുന്നതിനുമായി 1987 സെപ്റ്റംബര്‍ 16 നു ലോകരാഷ്ട്രങ്ങള്‍ ഓസോണ്‍പാളി സംരക്ഷണത്തിനായി മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഒപ്പ് വെച്ച തീയതിയുടെ സ്മരണയ്ക്കായാണ് 1994-ല്‍, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (UN General Assembly) സെപ്തംബര്‍ 16 ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത് (Reoslution 49/114). ആഗോള പാരിസ്ഥിതിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ഏക മാര്‍ഗമാണ് ശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള കൂട്ടായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും. ഭൂമിയിലെ ജീവന് ഓസോണ്‍ നിര്‍ണായകമാണെന്ന് മാത്രമല്ല, ഭാവി തലമുറകള്‍ക്കായി ഓസോണ്‍ പാളി സംരക്ഷിക്കുന്നത് തുടരണമെന്നും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
2024 ലെ ലോക ഓസോണ്‍ ദിനത്തിന്റെ പ്രമേയം എന്നത് 'മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍. കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു' (Montreal Protocol : Advancing Climate Action) എന്നതാണ്. ഈ വര്‍ഷത്തെ പ്രമേയം പ്രകൃതിയിലെ ഒരു സുപ്രധാനമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഓസോണ്‍ പാളിയെ സംരക്ഷിക്കുന്നതിലും ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും ആയ പ്രവര്‍ത്തന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ നിര്‍ണായക പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് ഓസോണ്‍ പാളി അത്യന്താപേക്ഷിതമാണെന്ന് ലോക ഓസോണ്‍ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗം തടയുന്നതിലൂടെ, മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ഓസോണ്‍ പാളിയെ സംരക്ഷിക്കുക മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള പരിശ്രമങ്ങള്‍ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു.
അന്തരീക്ഷത്തിലെ പ്രധാന പാളികളായ ട്രോപോസ്ഫീയര്‍, സ്ട്രാറ്റോസ്ഫിയര്‍, മീസോസ്പീയര്‍, തെര്‍മോസ്പീയര്‍ എന്നിവയില്‍ ഒന്നായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍ എന്ന വാതകം കൂടുതലായി കാണപ്പെടുന്നത്. സൂര്യന്റെ ഏറ്റവും ശക്തിയേറിയ രശ്മികള്‍ ആയ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നത് ഈ ഓസോണ്‍ പാളിയാണ്. ഭൂമിയില്‍ നിന്ന് ഏകദേശം 10 - 40 km ഉയരത്തില്‍ ആണ് സ്ട്രാറ്റോസ്ഫിയര്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 300 കോടി മെട്രിക് ടണ്‍ ഓസോണ്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ ഉണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഭൗമാന്തരീക്ഷത്തിലെ വാതകങ്ങളുടെ ഏകദേശം 0.00006% വാതകം മാത്രമാണ്. മൂന്നു ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടായിരിക്കുന്ന ഒരു തന്മാത്രയാണ് ഓസോണ്‍. സൂര്യരശ്മികളുടെ സാന്നിധ്യത്തില്‍ ഓക്‌സിജന്‍ തന്മാത്രകള്‍ വിഘടിക്കുകയും തൊട്ടടുത്ത മറ്റൊരു ഓക്‌സിജനുമായി കൂടിച്ചേരുകയും ചെയ്താണ് ഓസോണ്‍ തന്മാത്രകള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചു കിടക്കുന്നത്.
1785-ല്‍ ഡച്ചു കെമിസ്റ്റ് ആയ മാര്‍ട്ടിനസ് വാന്‍ മാറ ആണ് ആദ്യമായി ഓസോണ്‍ എന്ന വാതക തന്മാത്രയെ തിരിച്ചറിഞ്ഞത്. വാന്‍ മാറ വൈദ്യുത തീപ്പൊരികള്‍ ഓക്‌സിജനിലൂടെ കടത്തിവിടുകയും ഒരു പ്രത്യേക മണം കാണുകയും തത്ഫലമായുണ്ടാകുന്ന വാതകം മെര്‍ക്കുറിയുമായി ശക്തമായി പ്രതികരിക്കുകയും ചെയ്തു. മിന്നലാക്രമണത്തിനു ശേഷമുള്ള വായുവിലെ പ്രത്യേക ഗന്ധം ഒഡീസിയിലെയും ഇലിയഡിലെയും പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നൂറ്റാണ്ടുകളായി അറിയപ്പെട്ടിരുന്നു. വാന്‍ മാറും മറ്റുള്ളവരും വൈദ്യുതിയുടെ ദുര്‍ഗന്ധത്തിന് കാരണമായി അതിനെ 'വൈദ്യുത ഗന്ധം' എന്ന് വിളിച്ചു. 1840-ല്‍ ക്രിസ്റ്റിന്‍ ഫ്രഡറിക് ഷോണ്‍ബെയിന്‍ ആണ് ദുര്‍ഗന്ധം വൈദ്യുതി മൂലമല്ല, വൈദ്യുത പ്രക്രിയയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഒരു വസ്തുവിന്റെ ഗുണങ്ങള്‍ മൂലമാണെന്ന് തിരിച്ചറിഞ്ഞത്. അദ്ദേഹം ഈ പദാര്‍ത്ഥത്തിന് ഓസോണ്‍ എന്ന് പേരിട്ടു (ഓസീനില്‍ നിന്ന്, 'മണക്കാന്‍' എന്നതിന് ഗ്രീക്ക്). 1985 ല്‍ ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഹാലി ഫോര്‍ ആന്‍ഡ് ഫാരഡേ റിസര്‍ച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരായ ജോ ഫാര്‍മാന്‍, ബ്രയാന്‍ ഗാര്‍ഡിനര്‍, ജോനാഥന്‍ ഷാങ്ക്‌ലിന്‍ എന്നിവര്‍ ചേര്‍ന്ന് 1985 മെയ് മാസത്തില്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പേപ്പറിലാണ് അന്റാര്‍ട്ടിക്ക് ഓസോണിന്റെ കനക്കുറവിനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വ്യവസായിക വിപ്ലവത്തിന്റെ ഫലമായി ക്ലോറോഫ്‌ളൂറോ കാര്‍ബണുകളും, ഹൈഡ്രജന്‍, നൈട്രജന്‍, ക്ലോറിന്‍, ബ്രോമിന്‍ എന്നീ വാതകങ്ങള്‍ സൂര്യരശ്മികളുടെ സഹായത്താല്‍ ഓസോണിനെ നശിപ്പിക്കാന്‍ തുടങ്ങിയതാണ് ഓസോണില്‍ സുഷിരം (കനക്കുറവു) ഉണ്ടാകാന്‍ കാരണം. റെഫ്രിജറേറ്ററുകളിലും മറ്റും ഉപയോഗിക്കുന്ന ഇത്തരം വാതകങ്ങള്‍ നിയന്ത്രിക്കാന്‍ പിന്നീട് നടപടികള്‍ ഉണ്ടായി.
അന്തരീക്ഷത്തിലെ ഓസോണിന്റെ സാന്ദ്രത അളക്കുന്നത് ഡോബ്‌സണ്‍ (Dobosn - DU) സ്‌പെക്ട്രോഫോട്ടോമീറ്റര്‍ ഉപയോഗിച്ചാണ്. അന്തരീക്ഷത്തിലെ ശരാശരി ഓസോണിന്റെ അളവ് ഏകദേശം 300 ഡോബ്‌സണ്‍ യൂണിറ്റുകളാണ്, ഇത് 3 മില്ലിമീറ്റര്‍ (0.12 ഇഞ്ച്) കട്ടിയുള്ള ഒരു പാളിക്ക് തുല്യമാണ്. 220 DU-ല്‍ താഴെ ഓസോണ്‍ സാന്ദ്രതയുള്ള അന്തരീക്ഷത്തിന്റെ ഒരു പ്രദേശത്തെയാണ് ഓസോണ്‍ ദ്വാരം എന്ന് പറയപ്പെടുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ ഗോര്‍ഡന്‍ ഡോബ്‌സണിന്റെ പേരിലാണ് ഡോബ്സണ്‍ യൂണിറ്റ് അറിയപ്പെടുന്നത്. 1920-കളില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായിരുന്ന ജി.എം.ബി. ഡോബ്സണ്‍ ആണ് ഭൂമിയിലെ ആകെ ഓസോണ്‍ അളക്കുന്നതിനുള്ള ആദ്യത്തെ ഉപകരണം (ഇപ്പോള്‍ ഡോബ്‌സണ്‍ മീറ്റര്‍ എന്ന് വിളിക്കുന്നു) നിര്‍മ്മിച്ചത്.
അന്തരീക്ഷത്തിലെ ക്ലോറിന്‍ വാതകത്തിന്റെ അളവ് കുറക്കാതെ മുന്നോട്ടു പോയാല്‍ മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനിലപ്പിന് ഭീഷണിയുണ്ടാകും എന്ന് ശാസ്ത്രസമൂഹം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലോകരാഷ്ട്രങ്ങള്‍ മോണ്‍ട്രീയല്‍ ഉടമ്പടി അനുസരിച്ചു വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന വാതകങ്ങള്‍ ശുദ്ധീകരിക്കാനും, നിയന്ത്രിക്കാനും തീരുമാനം എടുക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്‍ ക്ലോറിന്‍, ബ്രോമിന്‍ ആറ്റങ്ങള്‍ ഓസോണുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അവ ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കുന്നു. ഒരു ക്ലോറിന്‍ ആറ്റത്തിന് ഏകദേശം 1,00,000 ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കുവാനുള്ള ശേഷി ഉണ്ട്.
മോണ്‍ട്രീയല്‍ ഉടമ്പടി ഒപ്പ് വെച്ച് 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ പ്രകാരം നിയന്ത്രിക്കപ്പെട്ട ഓസോണിനെ നശിപ്പിക്കുന്ന പദാര്‍ത്ഥങ്ങളില്‍ നല്ലൊരു ശതമാനവും ഘട്ടം ഘട്ടമായി ഇല്ലാതാക്കി എന്നാണ്. അടുത്തിടെ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഓസോണ്‍ പാളിയുടെ കനം 1980 ല്‍ നിന്നും പൂര്‍വ്വസ്ഥിതിയിലേക്കു മാറിയെന്ന ശുഭവാര്‍ത്ത ചെറുതല്ലാത്ത ആശ്വാസമാണ് ലോക ജനതക്ക് നല്‍കുന്നത്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ഓസോണ്‍ പാളിയുടെ പുരോഗതി നിരന്തരം നിരീക്ഷിക്കുന്നു. മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍. 1992 ജൂണ്‍ മാസത്തിലാണ് ഇന്ത്യ മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഒപ്പ് വെച്ചത്. അന്ന് മുതല്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ കക്ഷി എന്ന നിലയില്‍ ഇന്ത്യ, പ്രോട്ടോക്കോളിന്റെ ഘട്ടം ഘട്ടമായുള്ള ഷെഡ്യൂളിന് അനുസൃതമായി, മോണ്‍ട്രിയല്‍ പ്രോട്ടോക്കോളും ഓസോനിനെ നശിപ്പിക്കുന്ന പദാര്‍ത്ഥങ്ങളെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും വിജയകരമായി നടപ്പിലാക്കുന്നു.
മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ഷെഡ്യൂള്‍ അനുസരിച്ച് 2010 ജനുവരി 1 മുതല്‍ ഇന്ത്യ നിയന്ത്രിത ഉപയോഗങ്ങള്‍ക്കായി ക്ലോറോഫ്‌ലൂറോകാര്‍ബണ്‍, കാര്‍ബണ്‍ ടെട്രാക്ലോറൈഡ്, ഹാലോണ്‍സ്, മെഥൈല്‍ ബ്രോമൈഡ്, മീഥൈല്‍ ക്ലോറോഫോം എന്നിവ ഘട്ടംഘട്ടമായി ഒഴിവാക്കി. നിലവില്‍, മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ത്വരിതപ്പെടുത്തിയ ഷെഡ്യൂള്‍ അനുസരിച്ച് ഹൈഡ്രോക്ലോറോഫ്‌ലൂറോ കാര്‍ബണുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നു (ഹൈഡ്രോക്ലോറോ ഫ്‌ളൂറോകാര്‍ബണ്‍സ് ഫേസ്-ഔട്ട് മാനേജ്‌മെന്റ് പ്ലാന്‍ (HPMP) . ഘട്ടം - I 2012 മുതല്‍ 2016 വരെ വിജയകരമായി നടപ്പിലാക്കി. ഹൈഡ്രോക്ലോറോഫ്‌ലൂറോകാര്‍ബണ്‍സ് ഫേസ്-ഔട്ട് മാനേജ്‌മെന്റ് പ്ലാന്‍ (HPMP) ഘട്ടം - II 2017 - 2023 ല്‍ പൂര്‍ത്തിയാക്കി. HPMP ഘട്ടം III, ശേഷിക്കുന്ന എച്ച്സിഎഫ്സികള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്ന 2023 മുതല്‍ 2030 വരെ. റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിംഗ് നിര്‍മാണ മേഖലകള്‍ ഉള്‍പ്പെടുന്ന എല്ലാ ഉല്‍പാദന മേഖലകളിലെയും എച്ച്സിഎഫ്സികളുടെ ഘട്ടം ഘട്ടമായുള്ള നിര്‍മാര്‍ജനം 1.1.2025-നകം പൂര്‍ത്തിയാക്കുന്നതിനും സേവന മേഖലയുമായി ബന്ധപ്പെട്ടത് 2030 എന്ന ലക്ഷ്യ പൂര്‍ത്തികരണത്തിനായി ആണ് നിലകൊള്ളുന്നത്.
ഐക്യരാഷ്ട്രസഭ സഭയുടെ ആഹ്വാനപ്രകാരം ഇന്ന് ലോക രാഷ്ട്രങ്ങള്‍ ഓസോണിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി വ്യത്യസ്ത അവബോധ മത്സരങ്ങള്‍, സെമിനാറുകള്‍, ശില്പശാലകള്‍ എന്നിവ സര്‍ക്കാര്‍/സര്‍ക്കാരിതര തലത്തില്‍ സംഘടിപ്പിക്കുന്നു. മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിലൂടെയും ആഗോള അവബോധത്തിലൂടെയും, ഓസോണ്‍ പാളിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും, വരും തലമുറകള്‍ക്ക് ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കുന്നതിനും നമുക്ക് സഹകരിച്ച് പ്രവര്‍ത്തിക്കുവാനും അതിലൂടെ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും കഴിയും.
Content Highlights: World Ozone Day 2024: Montreal Protocol & Climate Action
Published: 16 Sept 2024, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented