
കഴിഞ്ഞ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അരുണാചല്‍ പ്രദേശിലെ കാടുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. മ്യാന്മറും ചൈനയുമായും നമ്മള്‍ അതിര്‍ത്തി പങ്കിടുന്ന ചങ്‌ലാങ് ജില്ലയിലെ ഏറ്റവും കിഴക്കന്‍ കാടുകളാണ് നാംദാഫ നാഷണല്‍ പാര്‍ക്ക്. പലെഅര്‍ക്ടിക്കും ( Palearctic) ഇന്‍ഡോ മലയന്‍ ( Indo Malayan) പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണിവിടം എന്നതിനാല്‍ പഴയ രണ്ട് വന്‍കരകളിലുള്ള ജന്തു സസ്യ ജാലങ്ങള്‍ ഇവിടെ കാണാമെന്നത് വലിയ പ്രത്യേകതയാണ്. മഞ്ഞ് മൂടിയ ദാഫബം ഗ്ലേഷിയറും അധികം ഉയരത്തിലല്ലാത്ത സമതലങ്ങളും അടങ്ങിയ അത്ഭുത പ്രദേശം. അസമിലെ ദിബ്രുഗഡില്‍ വിമാനമിറങ്ങി ഏഴുമണിക്കൂര്‍ കാറില്‍ സഞ്ചരിച്ച് മിയഓ എന്ന ചെറുപട്ടണത്തില്‍ എത്താം. അവിടെ നിന്ന് 24 കിലോമീറ്റര്‍ ദൂരമുണ്ട് നാംദാഫയിലേക്ക്. ഫോറെസ്റ്റ് റെസ്റ്റ് ഹൗസിനടുത്ത് നൊഅ ദിഹാങ്ങ് നദിയിലേക്ക് അഭിമുഖമായ കുഞ്ഞ് കുടിലുകളിലായിരുന്നു കുറേ ദിവസം രാത്രി ഞങ്ങള്‍ തങ്ങിയത്.
തൊട്ടരികിലെ വന്മരത്തില്‍ ഇടക്കിടെ ഹൂളോക്ക് ഗിബ്ബണ്‍ കുടുംബം ഉറക്കെ കാട് കിടുങ്ങും വിധം 'ഹൂലൂക്ക്.... ഹുലൂക്ക്...' എന്ന് ഉറക്കെ ഒച്ച വെച്ച്‌കൊണ്ടേയിരുന്നു. മനുഷ്യക്കുരങ്ങുകള്‍ ( Ape) ഇന്ത്യയില്‍ നോര്‍ത്ത് ഈസ്റ്റിലെ കാടുകളില്‍ മാത്രമേ ഉള്ളു. നാം ദാഫ നാഷണല്‍ പാര്‍ക്കിന് കുറേയേറെ മറ്റ് പ്രത്യേകതകളും കൂടിയുണ്ട്. നാലിനം വലിയ മാര്‍ജ്ജാരന്മാര്‍ ഉള്ള കാടും കൂടിയാണിത്. ഭൂമിയില്‍ വേറൊരിടത്തും ഇങ്ങനെ നാലിനങ്ങളും ഒന്നിച്ച് കാണാന്‍ കഴിയില്ല. ഹിമപ്പുലി, മേഘപ്പുലി, പുള്ളിപ്പുലി കൂടാതെ കടുവകളും ഉള്ള കാട് ! റെഡ് പാണ്ട വരെ ഉള്ള കാട് !. പക്ഷെ മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്ത ഇടങ്ങളാണ് ഈ കാടുകളുടെ ഭൂരിഭാഗം പ്രദേശവും എന്നതിനാല്‍ ഇവയെ ഒന്നിനേയും നേരിട്ട് കാണാന്‍ അപൂര്‍വ്വമായേ സാധിക്കുകയുള്ളു. മനുഷ്യ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ നിന്നെല്ലാം ഇവ വളരെ ദൂരം പാലിക്കും. ക്യാമറട്രാക്കുകള്‍ സ്ഥാപിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല പല പ്രദേശങ്ങളിലും.

ഹിമപ്പുലി | Photo-By Irbis1983 - Own work, Public Domain, https://commons.wikimedia.org/w/index.php?curid=10471303
കഴിഞ്ഞ വര്‍ഷം ആണ് ആദ്യമായി ദഫാബം ഗ്ലേഷ്യറില്‍ ക്യാമറ വച്ചത്. നാം എന്നാല്‍ വെള്ളം എന്നാണ് അര്‍ത്ഥം , ദാഫ ബമില്‍ നിന്നുള്ള വെള്ളം ഒഴുകുന്നതിനാലാണ് നാം ദാഫ എന്ന് ഇതിന് പേരുകിട്ടിയത്. വിശാലമായ ഈ പുഴ ബ്രഹ്മപുത്രയെ സമ്പുഷ്ടമാക്കുന്ന നിരവധി നദികളിലൊന്നാണ്. മഴക്കാലത്ത് പരന്ന് ഒഴുകിയ നദിയില്‍ കാലങ്ങള്‍ കൊണ്ട് പരത്തിയിട്ട പതിനായിരക്കണക്കിന് ഉരുളന്‍ കല്ലുകളും മണല്‍പ്പരപ്പില്‍ ആളുയരത്തില്‍ വളര്‍ന്ന പുല്‍പരപ്പുകളും നിറഞ്ഞിരിക്കുന്നു. പുഴയില്‍ പലതായി മുറിഞ്ഞ നിരവധി കുഞ്ഞ്കുഞ്ഞ് നീരൊഴുക്കുകളാണ് ഇപ്പോള്‍ ഉള്ളത്. നല്ല തണുപ്പും ഒഴുക്കും ഉള്ളതിനാല്‍ അപ്പുറം കടക്കാന്‍ തോണി വേണം. കുത്തൊഴുക്കില്‍ തോണി തുഴയലും അസാധ്യമാണ്. നമുക്ക് പോകേണ്ട സ്ഥലത്തിന്റെ വളരെ മുകളില്‍ ഉള്ള സ്ഥലം വരെ കയര്‍കെട്ടി വലിച്ച് കരയിലൂടെ നടന്ന് തോണി വെള്ളത്തിലൂടെ കൊണ്ടുപോയി , ഒഴുക്കിന്‍ വിട്ട്, മറുകര എത്തുകയാണ് ഇവിടത്തെ തോണിക്കാര്‍ ചെയ്യുക.
പുല്‍പ്പരപ്പുകളിലൂടെ നടക്കുന്നതിനിടയിലാണ് മുന്നില്‍ വലിയൊരു കൊക്കും കുറച്ച് എല്ലുകളും രോമവും ഒക്കെ കിടക്കുന്നത് കണ്ടത്. എന്റെ കണംകൈയോളം നീളമുള്ള ഭീമന്‍ കൊക്ക്. ശരിക്കും അമ്പരന്ന് നിന്നുപോയി. ജീവിതത്തില്‍ ഇതുവരെ ഇത്രയും വലിപ്പമുള്ള ഒരു പക്ഷി കൊക്ക് ഞാന്‍ കണ്ടിട്ടില്ല. രാമായണ കഥയിലെ ജടായുവിനെ ആണ് പെട്ടന്ന് ഓര്‍മ്മവന്നത്. കുറച്ച് സമയം അവിടെ ഇരുന്നു. വേഴാമ്പലിന്റെ ശരീരാവശിഷ്ടങ്ങള്‍ ആണെന്നറിയാമെങ്കിലും ഏതിനം വേഴാമ്പലാണെന്ന് വേഗം മനസിലായില്ല.

അഞ്ചിനം വേഴാമ്പലുകള്‍ നാംദാഫയിലുണ്ട്. മേല്‍കൊക്കിലെ കുറുകെ ഉള്ള ചാലുകള്‍ Rufous-necked Hornbill കളുടേത് ആണ്. കൊക്കിന്റെ മേല്‍ ഭാഗത്ത് ഇത്തിരി രോമം ബാക്കിയുണ്ട്. ചെമ്പന്‍ ചാര നിറത്തില്‍. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം കാണുന്ന ഇനമാണിത് . കഴുത്തിലെ രോമങ്ങള്‍ ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറമുള്ളതുകൊണ്ടാണ് Rufous-necked Hornbill എന്ന പേര് കിട്ടിയത്. Aceros nipalensis എന്നാണ് ശാസ്ത്രനാമം. ബ്രിട്ടീഷ് റസിഡന്റും നാച്യുറലിസ്റ്റും പക്ഷി നിരീക്ഷകനുമായ Brian Houghton Hodgson ആണ് ആദ്യമായി ഇതിനെ വിശദീകരിച്ചത്.
സാല്‍മരക്കാടുകളില്‍ നിന്ന് പിടിച്ച് നേപ്പാളിലെ ഒരു ചന്തയില്‍ വിപ്പനയ്ക്ക് വെച്ച നിരവധി വേഴാമ്പലുകളില്‍ ഇവയെ അദ്ദേഹം യാദൃശ്ചികമയാണ് കണ്ടത്. . നേപ്പാളില്‍ ആദ്യമായി കണ്ടതിനാലാണ് Aceros nipalensis എന്ന് ശാസ്ത്രനാമം നല്‍കിയത്. വലിയതോതില്‍ വേട്ട മൂലം എണ്ണം കുറഞ്ഞ് വരുന്ന ഒരിനം വേഴാമ്പല്‍ ആണിത്. നമ്മുടെ കാടുകളില്‍ നിന്നും വളരെ വ്യത്യാസമുള്ളതാണ് അരുണാചലിലെ കാടുകള്‍. പ്രധാനമായും അവയുടെ വലിപ്പം തന്നെ . രണ്ടായിരവും അയ്യായിരവും ഒക്കെ ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ളവയാണ് പല നാഷണല്‍ പാര്‍ക്കുകളും. അവയെ പരിപാലിക്കാന്‍ വളരെ കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമേ ഉള്ളു താനും. ഈ കാടുകളിലൂടെ സഞ്ചരിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. നടന്ന് പോകാന്‍ പോലും പറ്റാത്ത ഇടങ്ങളാണ് ഭൂരിഭാഗവും. അതിനാല്‍ തന്നെ വേട്ടക്കാരെ പിടികൂടുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. റിസര്‍വ് വനങ്ങള്‍ക്ക് പുറത്ത് അത്രതന്നെ വിശാലമായ കമ്മ്യൂണിറ്റി ഫോറസ്റ്റുകളും ഉണ്ട്.

മാറിയ വേട്ടയാടൽ രീതി
പല ഗോത്രജനതകളും താമസിക്കുന്നത് ഇത്തരം കാടുകള്‍ക്ക് ഉള്ളില്‍ ആണ്. കൃഷിക്കും ആഹാരത്തിനും മറ്റ് എല്ലാ ആവശ്യങ്ങള്‍ക്കും കാടുകളെ ആണ് പൂര്‍ണ്ണമായും ആശ്രയിക്കുന്നത്. വേട്ടയാടല്‍ എത്രയോ തലമുറകളായി അവര്‍ ചെയ്തുവരുന്ന കാര്യം ആണ്. ഒരുവിധം എല്ലാ പക്ഷികളേയും മൃഗങ്ങളേയും അവര്‍ വേട്ടയാടും. അഞ്ഞൂറിനടുത്ത് പക്ഷി ഇനങ്ങള്‍ ഉള്ള കാടാണിത്. പലതരം അണ്ണാന്മാരും ഉള്ളതിനാല്‍ തെറ്റാലിയും അമ്പും പലപ്പോഴും തോക്കുകളും ആയി നടക്കുന്ന ചെറുപ്പക്കാരെ എവിടെയും കാണാം. റോഡിലൂടെ ബൈക്കില്‍ പോകുന്ന പിള്ളേരുടെ പിറകില്‍ ബാറ്റ്മിന്റന്‍ കോര്‍ട്ടിലേക്ക് പോകുമ്പോള്‍ റാക്കറ്റ്പുറത്ത് തൂക്കിയിട്ടതുപോലെ തോക്ക് കാണാം. ഇവര്‍ക്കെതിരെ വേട്ടയാടലിന് കേസുകള്‍ എടുക്കുന്നത് വളരെ അപൂര്‍വ്വമാണ്. റിസര്‍വ് വനങ്ങള്‍ക്കുള്ളിലുള്ള വേട്ടമാത്രമേ പലപ്പോഴും തടയാന്‍ കഴിയുകയുള്ളു. പല ഗോത്ര വിഭാഗങ്ങളും ഭക്ഷണത്തിന്റെ മുഖ്യ പങ്ക് വേട്ടയാടി തന്നെയാണ് കണ്ടെത്തുന്നത് എന്നതിനാല്‍ അതില്‍ ഇടപെടാന്‍ സര്‍ക്കാരുകള്‍ക്കും പരിമിതിയുണ്ട്. എങ്കിലും ജനസംഖ്യ വളരെക്കുറവായതിനാല്‍ പരമ്പരാഗത രീതിയില്‍ ഉള്ള വേട്ടകള്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. പക്ഷെ തോക്കുകള്‍ വന്നതോടെ വേട്ടയാടലിന്റെ സ്വഭാവവും അളവും കൂടി.

ചൈനീസ് മാർക്കറ്റ് ലക്ഷ്യം
അതാണ് നോര്‍ത്ത് ഈസ്റ്റില്‍ വന്യജീവിവര്‍ഗ്ഗങ്ങള്‍ നേരിടുന്ന പുതിയ ഭീഷണി. ചൈനീസ് മാര്‍ക്കറ്റുകളിലേക്ക് കള്ളക്കടത്തിനും വില്‍പ്പനയ്ക്കും ഒക്കെയായി വന്‍ തോതിലുള്ള വേട്ടകള്‍ വരുന്നത് ഇവിടത്തെ പല ജീവജാതികളുടെയും വംശം കുറ്റിയറ്റ് പോകാന്‍ കാരണമാകും. വേഴാമ്പലുകളിലേക്ക് തിരിച്ച് വരാം. കഴുത്തിന് ദ്വാരം ഉള്ളതിനാല്‍ വെള്ളം കുടിക്കാനാവാത്ത, മഴവരാന്‍ കാത്തിരുന്ന് മുകളിലേക്ക് കൊക്കുയര്‍ത്തി ഇറ്റിവീഴുന്നത് കൊക്കിലാക്കി ഇറക്കി കുടിക്കാന്‍ കഴിയുന്ന ഒരു പാവം പക്ഷിയായാണല്ലോ നമ്മുടെ പഴമക്കാര്‍ പറഞ്ഞ് പരത്തിയിരുന്നത്. കവികള്‍ക്ക് വേഴാമ്പല്‍ കാത്തിരിപ്പിന്റെ പ്രതീകവും ആയി. സത്യത്തില്‍ ധാരാളം പഴങ്ങള്‍ കഴിക്കുന്നതിനാല്‍ ആവശ്യം ഇല്ലാത്തതിനാലാണ് ഇവര്‍ സാധാരണമായി വെള്ളം കുടിക്കുന്നത് കാണാത്തത്ത് . പൊള്ളയായ മരത്തിനുള്ളിലെ പൊത്തില്‍ കൂടുപണിയലും മുട്ടയിടലും അതിനു ശേഷം പെണ്‍ വേഴാമ്പല്‍ ഉള്ളില്‍ കയറി കൂടിന്റെ പുറം മുഴുവന്‍ കാഷ്ടം കൊണ്ട് അടച്ച് വെക്കലും ഒക്കെ വളരെ പ്രത്യേകതയുള്ള കാര്യമാണല്ലോ. ചെറിയ ദ്വാരത്തിലൂടെ ഉള്ളില്‍ ഒളിച്ച് കഴിയുന്ന അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും നാളുകളോളം ഭക്ഷണം എത്തിച്ച് നല്‍കുന്നത് ആണ്‍ വേഴാമ്പല്‍ ആണ്. ഏക പത്‌നീവ്രതക്കാരും ആണിവര്‍.

ഏതെങ്കിലും കാരണവശാല്‍ ആണ്‍ വേഴാമ്പല്‍ ആ കാലത്ത് കൊല്ലപ്പെട്ടാല്‍ കൂട്ടിലെ അമ്മയും കുഞ്ഞുങ്ങളും കൂടി ചത്ത് പോകും .വേഴാമ്പലുകളുടെ നീളന്‍ കട്ടിക്കൊക്കുകള്‍ അരുണാചലിലെ പല ഗോത്രങ്ങളും അവരുടെ അനുഷ്ടാന ചടങ്ങുകള്‍ക്കും ഗോത്ര ചിഹ്ന തലപ്പാവുകള്‍ക്കും ഉപയോഗിക്കുന്നുണ്ട് എന്നതിനാല്‍ മാംസത്തിനുവേണ്ടിയും അല്ലാതെയും ഇവയെ വ്യാപകമായി കൊല്ലാറുണ്ട്. ഇവയുടെ തൂവലുകളും ശിരോഅലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കും. ഇതിന്റെ മാംസത്തിന് പ്രത്യേക ഔഷധ ശക്തിയുണ്ട് എന്ന തെറ്റിദ്ധാരണയും വേട്ടയ്ക്ക് ഒരു കാരണമാണ്.

പക്കെ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്നുള്ള കാടുകളിലെ പ്രധാന ഗോത്രവര്‍ഗ്ഗമായ നിഷി വിഭാഗക്കാര്‍ അവരുടെ പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായുള്ള തലപ്പാവില്‍ വേഴാമ്പല്‍ കൊക്കുകള്‍ ഉപയോഗിക്കുന്നവരാണ്. അവിട വനം വകുപ്പും ചില എന്‍.ജി.ഓ കളും ചേര്‍ന്ന് വേഴാമ്പലുകളെ സംരക്ഷിക്കാനുള്ള ഒരു പദ്ധതി 2011- ല്‍ ആരംഭിച്ചിട്ടുണ്ട്. Hornbill nest adoption program- HNAP എന്ന പേരില്‍ . വേഴാമ്പല്‍ കൂടുകള്‍ ദത്തെടുത്ത് സംരക്ഷിക്കുന്നവര്‍ക്ക് വര്‍ഷം തോറും പണം നല്‍കുന്ന ഒരു പദ്ധതി. പതിനൊന്ന് ഗ്രാമങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കി.
ഒരു കൂട് സംരക്ഷിച്ചാല്‍ 6000 രൂപ നല്‍കുന്ന പരിപാടി ആയതിനാല്‍ ഗ്രാമീണര്‍ക്കും താത്പര്യം ഉണ്ട്. ഇണചേരല്‍ കഴിഞ്ഞ് കൂടിനുള്ളിലേക്ക് പെണ്‍ വേഴാമ്പല്‍ കയറുന്ന മാര്‍ച്ച് അവസാനം മുതല്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞ് പുറത്തിറങ്ങുന്ന ആഗസ്റ്റ് മാസം വരെ അവയെ നിരീക്ഷിച്ചും സംരക്ഷിച്ചും റിപ്പോര്‍ട്ടുകള്‍ അയക്കുകയാണ് അവര്‍ ചെയ്യേണ്ടത്. കൂടാതെ പക്ഷി നിരീക്ഷകര്‍ക്ക് ഇത്ത്രം കൂടുകള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാക്കി അതിന് നിശ്ചിത ഫീസുകള്‍ വാങ്ങി വരുമാനം ഉണ്ടാക്കാനും ഈ പദ്ധതി അവരെ സഹായിക്കുന്നുണ്ട്. അതിനാല്‍ വേഴാമ്പലുകളെ വെറുതേ കൊന്ന് തിന്നുന്നതില്‍ അവര്‍ താത്പര്യം കാണിക്കുന്നില്ല. കൂടാതെ അവരുടെ ശിരോ അലങ്കാരങ്ങള്‍ക്കായി കൃത്രിമ വേഴാമ്പല്‍ കൊക്കുകള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാനും തുടങ്ങി.
Content Highlights: a wildlife travel through the forest area of arunachal pradesh
Published: 03 Mar 2022, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented