വാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി പരമപ്രധാനമായ ജീവിവര്‍ഗങ്ങളെ പരിരക്ഷിക്കുക എന്ന സന്ദേശവുമായാണ് ഇത്തവണ ലോക വന്യജീവി ദിനം കടന്നുവരുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ താളം തെറ്റിയ ഇക്കാലത്ത് ഈ ദിനത്തിനുളള പ്രാധാന്യത്തെ കുറിച്ചും മനുഷ്യന് പ്രകൃതിയോടുളള മാനസികാവസ്ഥയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും വൈല്‍ഡ് ലൈഫ് ടൂറിസത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് തൃശ്ശൂര്‍ പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനായ പ്രഭു പിഎം .

To advertise here,

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ ക്ഷാമം, പ്രകൃതിക്ഷോഭങ്ങള്‍ ഇതിനിടയില്‍ നാം ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാന വിഷയമാണ് വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളും കാടുവിട്ട് നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളും..പ്രകൃതിയുടെ സ്വഭാവികത, സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ലോക വന്യജീവി ദിനത്തെ നാം സ്വീകരിക്കേണ്ടത് എങ്ങനെയാണ്? 

ഇന്നത്തെ സാഹചര്യത്തില്‍ ലോക വന്യജീവി ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ആദ്യകാലങ്ങളില്‍ ഓരോ ജീവജാലങ്ങള്‍ക്കും അതിന്റേതായ പ്രധാന്യമുണ്ടെന്ന് മനസ്സിലാക്കേണ്ട ഒരു സാഹചര്യമുണ്ടായിരുന്നില്ല. അത് പ്രകൃത്യാല്‍ സംരക്ഷിക്കപ്പെട്ടിരുന്നു. കാട്ടിലേക്ക് കടന്നുചെല്ലുന്ന ആളുകളുടെ, വികസനത്തിന്റെ സാന്നിധ്യം കുറവായിരുന്നു. നമ്മള്‍ അത് പഠിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇത് പഠിച്ചാലേ ഇത് സംരക്ഷിക്കപ്പെടൂ എന്ന സാഹചര്യത്തിലെത്തിയിട്ടുണ്ട്. ഇല്ലെങ്കില്‍ ഒന്നും നോക്കാതെ വെടിവെക്കും, ഭക്ഷിക്കും, അല്ലെങ്കില്‍ അവിടെ കയറി റോഡ് പണിയും അവിടെ വലിയൊരു ടണല്‍ ഉണ്ടാക്കും. ആവാസ വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി പരമപ്രധാനമായ ജീവിവര്‍ഗങ്ങളെ പരിരക്ഷിക്കുക എന്നുളളതാണ് ഇത്തവണത്തെ വന്യജീവി ദിനത്തിന്റെ സന്ദേശം. ഒരു ചെറിയ ജീവിക്കുപോലും ആവാസവ്യവസ്ഥയില്‍ ഒരു പ്രധാന്യമുണ്ട്. ഇന്‍ട്രിന്‍സിക് വാല്യൂ ഉണ്ട്. എന്നുളള സന്ദേശമാണ് ഇത്. പര്‍പ്പിള്‍ ഫ്രോഗ് എന്ന് പറയുന്ന ദിനോസറിന്റെ സമയം മുതലുളള നമ്മുടെ പാതാളത്തവള, അതിന് പ്രജനനത്തിന് ഒരു പ്രത്യേക സമയമുണ്ട്, അതിന് സ്ട്രീമുകളുണ്ട്. ആ സ്ട്രീമുകള്‍ക്ക് കുറുകെ വരുന്ന ചപ്പാത്തുകളോ, തടയണകളോ അവയ്ക്ക് പ്രശ്നങ്ങളൊന്നുമുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ്. ഓരോ ജീവികളെ കുറിച്ചും അപൂര്‍വവും വംശനാശഭീഷി നേരിടുന്നതുമായ ജീവികളെ കുറിച്ചും എല്ലാവരും മനസ്സിലാക്കേണ്ടിയിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുളളത്.

1940 വരെ നമുക്ക് ഇന്ത്യയില്‍ ചീറ്റയുണ്ടായിരുന്നു. 1947-ല്‍ മധ്യപ്രദേശിലെ ഒരു രാജാവ് രാമാനുജ പ്രതാപ് സിങ് എന്നൊരു രാജാവ് മൂന്ന് ചീറ്റകളെ വെടിവെച്ച് കൊലപ്പെടുത്തി. അതിനുശേഷം ആളുകള്‍ ചീറ്റയെ കണ്ടിട്ടില്ല. അത് അവസാനത്തെ ചീറ്റയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഏഷ്യാറ്റിക് ചീറ്റയുടെ സാന്നിധ്യം ഇന്ത്യയില്‍  ഇല്ല. ഇന്ന് ഇന്ത്യയില്‍ ഏഷ്യാറ്റിക് ചീറ്റ കുറച്ചുളളത് ഇറാനിലാണ്. ഏഷ്യാറ്റിക് ചീറ്റയെ തരാമോ എന്ന ഇന്ത്യയുടെ ചോദ്യത്തോട് തിരിച്ച് ഏഷ്യാറ്റിക് സിംഹത്തെ തരാമോ എങ്കില്‍ ചീററയെ തരാമെന്നാണ് ഇറാന്‍ പ്രതികരിച്ചത്. ഇന്ത്യ അതിന് തയ്യാറായില്ല. ആഫ്രിക്കന്‍ ചീറ്റയെ ഇപ്പോള്‍ നമ്മുടെ രാജ്യത്തേക്ക് അവതരിപ്പിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ഇത്രയും വൈവിധ്യമുളള ഇന്ത്യയില്‍ എത്രയോ ജീവജാലങ്ങളുണ്ട്. അത് ഒരു സമ്പത്താണ്. ഒരു പ്രത്യേക ആവാസവ്യവസ്ഥയില്‍ ആ ഒരു ജീവിവര്‍ഗം നിലനില്‍ക്കേണ്ടത്, എന്തുവിലകൊടുത്തും അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഈ ദിവസത്തിന് വലിയൊരു പ്രധാന്യം നമുക്കുണ്ട്. 

placeholder
പ്രഭൂ പിഎം 

കാലാവസ്ഥാ വ്യതിയാനം വന്യജീവികളുടെ ആവാസവ്യവസ്ഥയെയും നിലനില്‍പിനെയും എത്രത്തോളം ബാധിച്ചിട്ടുണ്ട്? 

കാലാവസ്ഥ വ്യതിയാനത്തിന്റെ നേരിട്ടുളള പ്രഭാവം ഏല്‍ക്കേണ്ടി വരുന്നത് ഹൈആള്‍ട്ടിറ്റിയൂഡിലുളള ജീവികള്‍ക്കാണ്. പശ്ചിമഘട്ടത്തിന്റെ ഉയരമേറിയ ഭാഗങ്ങളിലുളള ജീവജാലങ്ങളെയാണ് ആദ്യം കാലാവസ്ഥ വ്യതിയാനം ബാധിക്കുക. തണുപ്പ് കുറഞ്ഞ്, ചൂടുകൂടുമ്പോള്‍ തണുപ്പുതേടി ഇവര്‍ക്ക് വീണ്ടും ഉയരത്തിലേക്ക് പോകാനാവില്ല. കാരണം അവര്‍ നിലവില്‍ ഉത്തുംഗത്തിലാണ്. താഴെയുളള ജീവികള്‍ക്ക് ചൂടുകൂടിയാല്‍ ഹൈറേഞ്ചിലേക്ക് കയറിപ്പോകാം. ഇപ്പോള്‍ ഈ ജീവികളെ കണ്ടിരുന്ന മേഖലകളില്‍ വ്യത്യാസം വന്നിട്ടുണ്ട്. പല ജീവികളും മൈഗ്രേറ്റ് ചെയ്തിട്ടുണ്ട്. നമുക്ക് ചൂടുകൂടുമ്പോള്‍ മുറികളില്‍ എസി വെക്കാം. പക്ഷേ മൃഗങ്ങള്‍ക്ക് അതിനോട് പ്രതികരിക്കാന്‍ സമയമെടുക്കും. അപ്പോഴേക്കും കുറേ മൃഗങ്ങള്‍ നശിച്ചുപോകും. ജീവജാലങ്ങള്‍ കഴിക്കേണ്ട തേന്‍, ഫലങ്ങള്‍ എന്തുസംഗതിയാണെങ്കിലും അത് ഒരു പ്രത്യേക കാലത്ത് ലഭിക്കും എന്ന സമയക്രമത്തിലാണ് ജീവചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് സമയക്രമമനുസരിച്ച് മഴ വന്നില്ലെങ്കില്‍ ചെടി മുളയ്ക്കില്ല. ആ ചെടിമുളച്ച് അതിന്റെ പൂവിടുന്ന സമയത്തായിരിക്കും ഒരു ജീവിവര്‍ഗത്തിന് മുട്ടയിടാന്‍. മുട്ട വിരിയുമ്പോഴേക്കും അതിന്റെ ഫലം ഭക്ഷിക്കാന്‍ സാധിച്ചേക്കും മഴ വൈകിയാല്‍ ഈ ക്രമമാണ് തെറ്റുന്നത്. 

സമീപകാലത്തായി ഏറ്റവും കൂടുതല്‍ ചര്‍ച്ചപ്പെട്ട വാര്‍ത്തകളിലൊന്നാണ് കാട്ടാനകളുടെ ആക്രമണം. മനുഷ്യരും വന്യജീവികളും തമ്മിലുളള സംഘര്‍ഷം മുന്‍കാലത്തേക്കാള്‍ ഉയര്‍ന്നിരിക്കുകയാണ്. കാട്ടാനകളും മയിലുകളും കാട്ടുപന്നികളുമെല്ലാം നാട്ടിലേക്കിറങ്ങുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ്? 

നേരത്തേ പറഞ്ഞതുപോലെ കാലാവസ്ഥയിലുളള വ്യതിയാനങ്ങള്‍ കാടിനെയും ബാധിച്ചിട്ടുണ്ട്. കാട്ടിലും ചൂട് കൂടിയിട്ടുണ്ട്. ആനയാണെങ്കിലും കാട്ടുപോത്താണെങ്കിലും മാനാണെങ്കിലും ഇവര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ശോഷണം സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ അതുണ്ടാകുന്ന സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. വെള്ളം കിട്ടുന്ന തോത് മാറിയിട്ടുണ്ട്. ചില ജലസ്രോതസ്സുകള്‍ ഉണങ്ങിവരണ്ടിട്ടുണ്ട്, ഇത്തരം പല കാര്യങ്ങളിലും കാടുകളില്‍ നിന്ന് പുറത്തുവരുന്നതിനുളള ഒരു കാരണമാകും. രണ്ടാമത്തെ കാരണം, ആനക്കിഷ്ടമുളള, വളരെ എളുപ്പത്തില്‍ ലഭിക്കാവുന്ന ഭക്ഷണം അതാണ് നാം വനാതിര്‍ത്തിയില്‍ കൃഷി ചെയ്യുന്നത്. ആനയ്ക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം വനാതിര്‍ത്തിയില്‍ സാധാരണ കൃഷി ചെയ്യില്ല. പക്ഷേ ഇപ്പോള്‍ അതൊന്നും നോക്കുന്നില്ല. കാടിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ വാഴയും കവുങ്ങും തെങ്ങുമെല്ലാമുണ്ട്. ഇതെല്ലാം ആനയ്ക്ക് വളരെ ഇഷ്ടപ്പെട്ടതാണ് അതുകൊണ്ട് അത് വന്ന് കഴിക്കും.  

placeholder
Photo: Prabhu PM

ഏറ്റവും പ്രധാനപ്പെട്ട കാര്യം വനത്തിന് ചിലഇടനാഴികളുണ്ട്. ഒരു വനത്തെ വലിയ വനവുമായി ബന്ധിപ്പിക്കുന്ന ചെറിയ പാലങ്ങള്‍ പോലുളള ഫോറസ്റ്റ് കോറിഡോറുകള്‍. ഗൂഗിള്‍ മാപ്പില്‍ കാടിന് മുകളിലൂടെ നോക്കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. മലയാറ്റൂരില്‍ നിന്നോ, മൂന്നാറില്‍ നിന്നോ ആനമലേന്നോ തുടങ്ങുന്ന ഒരു ഇടനാഴി അതിരപ്പിള്ളി വാഴച്ചാല്‍ കേറി ഇങ്ങനെ പോവുകയാണ്. കാടിന് അങ്ങനെയൊരു തുടര്‍ച്ചയുണ്ട്. ചില കാടുകളില്‍ ഈ തുടര്‍ച്ച വളരെ നേര്‍ത്തതായിരിക്കും അങ്ങനെയുളള ഒരുപാട് തുടര്‍ച്ചകള്‍ കഴിഞ്ഞ അമ്പതുവര്‍ഷത്തെ കണക്കെടുത്ത് നോക്കിയാല്‍ നാം കളഞ്ഞിട്ടുണ്ട്.  അതിലൊന്നാണ് മൂന്നാറില്‍ നിന്ന് ഇടുക്കിയിലേക്ക് പോകുന്ന ആനയിറങ്കല്‍. അതിന്റെ പേരുതന്നെ ആനയിറങ്കല്‍ എന്നാണ്. അവിടെയാണ് ആദിവാസികള്‍ക്ക് സ്ഥലംപതിച്ചുകൊടുത്തിരിക്കുന്നത്. ആന വരുന്ന വഴിയിലാണ് വീടുവെക്കാന്‍ സ്ഥലം പതിച്ചുകൊടുത്തിരിക്കുന്നത്. അതുപോലെ ആറളം ഫാം അത് സ്ഥിതി ചെയ്യുന്നത് തന്നെ ആനത്താരയിലാണ് കാടിന്റെ കണ്ടിന്യൂറ്റിയിലാണ്. ഇങ്ങനെ പലസ്ഥലത്തും നമ്മുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ആന സ്ഥിരമായിട്ട് നടന്നുപോകുന്ന ഇടം അവിടെ വലിയ വാണിജ്യ സ്ഥാപനമോ, വേലിക്കെട്ടുകളോ സ്ഥാപിക്കുമ്പോള്‍ ആന വഴിതിരിഞ്ഞുപോകും അല്ലെങ്കില്‍ ആന അവിടം തകര്‍ത്തുപോകും. ഒരു കാലത്ത് ആനകള്‍ നടന്നുപോയിരുന്ന വഴിയാണ് അവര്‍ക്കത് ഒരിക്കലും മറക്കാനും പറ്റില്ല. ആന ഒരിക്കല്‍ ഒരു പൊതുസ്ഥലത്തേക്ക് പ്രവേശിച്ചാല്‍ നല്ല രുചിയുളള ഭക്ഷണം കണ്ടുമനസ്സിലാക്കിയാല്‍ ഉറപ്പായും ഒരു സംഘവുമായെത്തും. ചിലപ്പോള്‍ രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞിട്ടായിരിക്കും വരിക. ആനയ്ക്ക് എക്കോളജിക്കല്‍ ബാലന്‍സ് നിലനിര്‍ത്താനറിയാം. 

ചുരുക്കി പറഞ്ഞാല്‍ പുറത്ത് നല്ല രുചിയുളള ഭക്ഷണം കിട്ടുന്നു, കാട്ടില്‍ അവര്‍ വിചാരിച്ച സമയത്ത് വിചാരിച്ച ഭക്ഷണം ലഭിക്കുന്നില്ല, വരള്‍ച്ച വരുന്നു. ഇടനാഴികള്‍ അസ്തമിക്കുന്നു. ഇങ്ങനെയുളള രണ്ടുമൂന്നു കാരണങ്ങള്‍ കൂട്ടി വേണം വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതിനെ വായിക്കാന്‍.

കാട്ടുപന്നികള്‍ പെറ്റുപെരുകിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കങ്കാരുക്കള്‍ പെറ്റുപെരുകിയതിനെ തുടര്‍ന്ന് അവയെ വെടിവെച്ചുകൊല്ലാന്‍ ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. മയിലുകളും മാനുകളും ആടുകളും പെരുകിയപ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ന്യൂസിലന്‍ഡ് വേട്ടയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു പരീക്ഷണം നമ്മുടെ നാട്ടില്‍ നടത്താനാവുമോ? 

ഡിപ്പാര്‍ട്ട്മെന്റ് ഏറ്റവും കൂടുതല്‍ അഭിസംബോധന ചെയ്ത ഒരു വിഷയം ആണ് കാട്ടുപന്നികളുടേത്. ഒരു ദൃഢമായ തീരുമാനമെടുത്ത വിഷയവും ഇതാണ്. വെടിവെക്കാന്‍ അല്ലെങ്കില്‍ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറി കൃഷി സ്ഥലത്തേക്ക് വരുന്ന സമയത്ത് അതിനെ വെടിവെക്കാനുളള ഉത്തരവ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിലുണ്ടല്ലോ. പല ഘട്ടങ്ങളിലായിട്ടാണ് അനുമതി നല്‍കിയതെന്ന് മാത്രം. ഒരു കൃഷി സ്ഥലത്ത് സ്ഥിരമായി കാട്ടുപന്നികള്‍ വരുന്നുണ്ടെങ്കില്‍ സ്ഥിരം എത്ര കാട്ടുപന്നികള്‍ വരുന്നുണ്ട് എന്ന റിപ്പോര്‍ട്ട് വനംവകുപ്പിന് കൊടുക്കുകയാണെങ്കില്‍ വനംവകുപ്പ് ആ പട്ടിക സൂക്ഷിച്ച് ആ ഭാഗത്തുളള ഗണ്‍ ലൈസന്‍സ് ഉളള ആളുകളുടെ പട്ടിക തയ്യാറാക്കി വനംവകുപ്പ് ഉദ്യോഗസ്ഥനൊപ്പം അവിടെയെത്തി കാട്ടുപന്നികളുടെ ശല്യം ഒഴിവാക്കാറുണ്ട്. മറ്റൊന്ന് വന്യമൃഗങ്ങള്‍ വന്ന് കൃഷി നശിപ്പിച്ചാല്‍ അത് ആനയാണെങ്കിലും കാട്ടുപന്നിയാണെങ്കിലും കൃഷി നശിപ്പിച്ചാല്‍ വിളനാശത്തിന് നഷ്ടപരിഹാരം വകുപ്പ് കൊടുക്കുന്നുണ്ട്. ഇന്‍ഷുറന്‍സ്, കോംപന്‍സേഷന്‍, എക്സ്ഗ്രേഷ്യ എല്ലാമുണ്ട്. 

കാട്ടുപന്നികള്‍ പൊന്തക്കാടുകളിലാണ് കഴിയുന്നത്. പണ്ട് നമ്മുടെ പാടങ്ങളുടെ കരകളിലൊക്കെ ഒരുപാട് പൊന്തക്കാടുകള്‍ ഉണ്ടായിരുന്നു. ഈ പൊന്തക്കാടുകളില്‍ നിറയെ കുറുക്കന്‍മാരുണ്ടായിരുന്നു. ഈ കുറുക്കന്മാര്‍ എന്തുകൊണ്ട് പോയി എന്ന് അന്വേഷിച്ച് കഴിഞ്ഞാല്‍ നമുക്ക് കുറച്ചുരസകരമായ വിവരങ്ങള്‍ ലഭിക്കും. നമ്മുടെ കൃഷിയിടങ്ങളില്‍ ഒരുപാട് രാസവള പ്രയോഗങ്ങള്‍ നടന്നു. രാസപ്രയോഗങ്ങള്‍ നടന്നുകഴിഞ്ഞപ്പോള്‍ നേരാംവണ്ണം ഞണ്ടിനെ പോലും കാണാന്‍ പറ്റുന്നില്ല. ഞണ്ടും ഞവണിങ്ങയും ഉളള പാടങ്ങള്‍ വളരെ ഫലഭൂയിഷ്ഠമായിരുന്നു. ഇപ്പോള്‍ പാടങ്ങളില്‍ ഞണ്ടുകളെ കാണാനില്ല, എന്തിന് തവളകളെ പോലും കാണാനില്ല. ഈ ഞണ്ടുകളെ പിടിക്കാന്‍ കുറുക്കന്മാര്‍ വരുമായിരുന്നു. കുറുക്കന്മാരുടെ പ്രധാനഭക്ഷണത്തില്‍ ഒന്ന് കാട്ടുപന്നികള്‍ കൂടിയായിരുന്നു. കാട്ടുപന്നികളുടെ കുട്ടികളുടെ എണ്ണം കുറയ്ക്കുന്ന കടമ പ്രകൃത്യാല്‍ തന്നെ കുറുക്കന്മാരുടേതായിരുന്നു. ഇപ്പോള്‍ അതില്ല കുറുക്കന്മാരെ കാണാന്‍ തന്നെ കിട്ടുന്നില്ല. ഒരു ജീവിയുടെ സന്തുലിതമായ നിലനില്‍പ് താളം തെറ്റുന്ന സമയത്ത് മറ്റൊരു ജീവി കൂടുതലാകും. ഒന്ന് കൂടുമ്പോള്‍ മറ്റൊന്ന് കുറയും. കാട്ടുപന്നികള്‍ പാടത്തേക്ക് ഇറങ്ങുന്നതില്‍ ഇതുകൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

placeholder
കാട്ടു പന്നി | ഫോട്ടോ: ഡേവിഡ് വി. രാജു.

മറ്റുരാജ്യങ്ങളിലെ പോലെ വേട്ടയ്ക്ക് അനുവാദം കൊടുക്കാത്തത് എന്താണെന്ന് ചോദിച്ചാല്‍ മറ്റുരാജ്യങ്ങളെ പോലെ അല്ല നമ്മുടെ സംസ്ഥാനം. നമ്മുടെ സംസ്ഥാനത്തിന് മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുന്ന സമയത്ത് ഭൂമിയുടെ കിടപ്പില്‍ തന്നെ കുറേ പ്രശ്നങ്ങള്‍ ഉണ്ട്. ഒരു നിയമത്തില്‍ ഇളവ് കൊടുക്കുമ്പോള്‍ അവിടെ സംഭവിക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ വേറയുണ്ട്്. മറ്റുരാജ്യവുമായി താരതമ്യം ചെയ്ത് നോക്കി നമ്മുടെ രാജ്യത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ സാധിക്കില്ല. 

വൈല്‍ഡ് ലൈഫ് ടൂറിസത്തിന്റെ പ്രചാരം വര്‍ധിച്ചുവരികയാണ്. നിരവധി പേരാണ് കാടിനെ അറിയാനും പ്രകൃതിയെ അറിയാനും ഇറങ്ങിത്തിരിക്കുന്നത്. 

വൈല്‍ഡ് ലൈഫ് ടൂറിസത്തിന്റെ സാധ്യതകള്‍ കൂടുകയാണ്. ആളുകളുടെ താല്പര്യവും കൂടുകയാണ്. ആളുകള്‍ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു സ്ഥലത്ത് സമ്മര്‍ദ്ദം കൂടുമ്പോള്‍ അതായത് വര്‍ക്ക്ലോഡ് കൂടിയിട്ടുണ്ട്, നമ്മുടെ ലൈഫിന്റെ വേഗം കൂടിയിട്ടുണ്ട്, നമ്മള്‍ ഒരു നിമിഷത്തില്‍ ഒരുപാട് കാര്യങ്ങളില്‍ ഇന്‍വോള്‍വ് ആകുന്ന ഒരു സാഹചര്യം കുറേക്കാലമായി ഉണ്ട്, അത് നമ്മുടെ ടെക്നോളജിയുടെ വികസനമാണ്. അതുകൊണ്ടുതന്നെ മാനസികമായി വളരെ സമ്മര്‍ദം നല്‍കുന്ന ഒരു അന്തരീക്ഷം നമുക്ക് ചുറ്റുമുണ്ട്. അത് ഇറക്കിവെക്കാന്‍ ആളുകള്‍ യാത്ര തുടങ്ങിയിട്ടുണ്ട്. നീണ്ട യാത്രകള്‍, കാട്ടിലേക്കുളള യാത്രകള്‍, നല്ല വായു. ഇതിലേക്ക് ആളുകള്‍ ആകൃഷ്ടരാകുന്നു. സാഹസിക യാത്രകളോടുളള പ്രിയം കൂടുന്നു. അങ്ങനെ വരുന്ന സമയത്ത് കുറേ മേഖലകള്‍ വീണ്ടും വീണ്ടും വികസിപ്പിക്കാനുളള സമ്മര്‍ദം വന്നുകൊണ്ടിരിക്കുകയാണ്. അതൊരു പ്രകൃതി സ്നേഹമായി വ്യാഖ്യാനിക്കണോ എന്നറിയില്ല. പ്രകൃതിയുടെ ആഴങ്ങളിലേക്ക് മനസ്സ് സഞ്ചരിച്ച് അത് സംരക്ഷിക്കണം എന്നൊക്കെ മനസ്സുകൊണ്ടൊക്കെ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറവാണ്. പക്ഷേ അങ്ങനെയുളളവരുടെ എണ്ണം കുറവാണെങ്കിലും അവര്‍ക്ക് ഒരുവാദമുണ്ട്. അതില്‍ ഒരുപാട് പ്രകൃതി സ്നേഹികള്‍, ഫോട്ടോഗ്രാഫേഴ്സ്, ലക്ചേഴ്സ്, ശാസ്ത്രജ്ഞര്‍ എല്ലാമുണ്ട്. അങ്ങനെയുളള ആളുകള്‍ വനംവകുപ്പുമായി ചേര്‍ന്ന് നില്‍ക്കുന്നതുകൊണ്ടാണ് ഇതെല്ലാം നിലനിന്ന് പോകുന്നത്. 

പ്രകൃതിയും വികസനവും ഒരുമിച്ച് ഒരേസമയം ഒരു ത്രാസില്‍ വരുന്ന സമയത്ത് 80 ശതമാനം ആളുകളും മുന്‍തൂക്കം നല്‍കുന്നത് വികസനത്തിനാണ്. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാണെങ്കിലും ആ വികസനത്തെ പിന്തുണയ്ക്കുന്ന ആളുകളാണ് നമുക്ക് ചുറ്റുമുളളത്. ഉദാഹരണത്തിന്, 200 കിലോമീറ്റര്‍ സ്പീഡില്‍ പോകാന്‍ സാധിക്കുന്ന ഒരു പാത നമ്മള്‍ ഉണ്ടാക്കാന്‍ പോവുകയാണ്. 250 വര്‍ഷം പഴക്കമുളള മരങ്ങള്‍ കുറേ മരങ്ങള്‍ വശങ്ങളില്‍ നില്‍ക്കുന്നുണ്ട്, വേണമെങ്കില്‍ റോഡിന്റെ അലൈന്‍മെന്റ് മാറ്റാം പക്ഷേ അതിന് രണ്ടോ മൂന്നോ കോടി രൂപ ചെലവാകും. അത് മാറ്റാതെ മരത്തെ മുറിച്ച് മുന്നോട്ട് പോകാം. സര്‍ക്കാര്‍ തലത്തിലാണെങ്കിലും പൊതുജനങ്ങളുടെ കാര്യത്തിലാണെങ്കിലും പൊതുചിന്ത എന്നുപറയുന്നത് എന്തിനാണ് രണ്ടുകോടി ചെലവാക്കുന്നത് 250 വര്‍ഷം പഴക്കമുളള മരം കളഞ്ഞാല്‍ പോരേ എന്നാണ്. 250 വര്‍ഷം പഴക്കമുളള മരത്തില്‍ താമസിക്കുന്ന ജീവജാലങ്ങള്‍, ആ മരത്തിലെ ആവാസവ്യവസ്ഥ, അതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുക യഥാര്‍ഥ പ്രകൃതിസ്നേഹികള്‍ മാത്രമായിരിക്കും.  ഈ പറയുന്ന വികസനത്തിന് മുകളിലാണ് ആ മരങ്ങള്‍ എന്ന ഉള്‍ക്കാഴ്ച അവര്‍ക്കുണ്ടായിരിക്കും. ആ ഉള്‍ക്കാഴ്ചയുണ്ടല്ലോ അത് ഒരു വലിയ സമൂഹത്തിനില്ല. ഒരു മരത്തെ സംബന്ധിച്ച് ഒരു മോണിറ്ററി വാല്യു അല്ല നമ്മള്‍ എടുക്കേണ്ടത്. ഒരു മരത്തെ സംബന്ധിച്ച് അതിന്റെ തടിയുടെ മൂല്യം മാത്രമാണ് നാം നോക്കുക. അല്ലാതെ ഒരു മരത്തിന്റെ പാരിസ്ഥിതിക മൂല്യമുണ്ട്. അതുകണക്കാക്കുകയാണെങ്കില്‍ 200 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമായ ഒരു മരത്തിന് നാം ഒരു നാലോ അഞ്ചോ കോടി രൂപ വിലമതിക്കണം. അത്തരം സെന്‍സിറ്റീവ് ഉള്‍ക്കാഴ്ചകളിലേക്ക് ഭൂരിഭാഗം പേരും പോയിട്ടില്ല. അതുകൊണ്ട് പ്രകൃതി സ്നേഹം ഒരുപാട് കൂടി എന്നുപറയുന്നതില്‍ വലിയ അര്‍ഥമൊന്നും കാണാന്‍ പറ്റുന്നില്ല. 

placeholder
Photo: Prabhu PM

കണ്‍സര്‍വേഷന്‍ ടൂളാണ് വൈല്‍ഡ് ലൈഫ് ടൂറിസമെന്ന് കരുതുന്നുണ്ടോ? ടാന്‍സാനിയയില്‍ വൈല്‍ഡ് ലൈഫ് ടൂറിസത്തിലൂടെ ലഭിക്കുന്ന വരുമാനം വന്യജീവി സംരക്ഷണത്തിനായി പ്രദേശവാസികള്‍ ചെലവഴിക്കുന്നതായും ആ പ്രദേശത്തിന്റെ തന്നെ വികസനത്തിന് അത് നിമിത്തമായതായും കേട്ടിട്ടുണ്ട്. 

വൈല്‍ഡ് ലൈഫ് ടൂറിസം എന്ന് പറയുന്നത് കുറഞ്ഞിട്ടില്ല കൂടിയിട്ടേ ഉളളൂ. ഇപ്പോഴും നമ്മള്‍ അക്കോമഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അക്കോമഡേറ്റ് ചെയ്യാന്‍ ശ്രമിച്ചില്ലെങ്കില്‍ മനുഷ്യസ്പര്‍ശം ഉണ്ടാകാന്‍ പാടില്ലാത്ത  കാടുകളിലേക്ക് ആളുകള്‍ കയറിപ്പോകും. ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ട ചെറിയ രീതിയിലെങ്കിലും റിലാക്സ് ചെയ്യാനുളള ഏരിയകള്‍ ബഫര്‍ സോണുകളില്‍ ഉണ്ട്. കോര്‍ സോണുകളിലേക്ക് നമ്മള്‍ ടൂറിസ്റ്റുകളെ കടത്തിവിട്ടുകഴിഞ്ഞാല്‍ പിന്നെ വന്യജീവികള്‍ക്ക് നിലനില്‍പ്പില്ലാതെ ആയിപ്പോകും. ബഫര്‍സോണുകളില്‍ ഇക്കോ ടൂറിസം സോണുകളായി വിഭജിച്ചിട്ടുണ്ട്. നമുക്ക് 18 വന്യജീവി സങ്കേതങ്ങളില്ലേ അവിടെ ഇക്കോ ടൂറിസം നടക്കുന്നുണ്ട്. നാഷണല്‍ പാര്‍ക്കിലും വന്യജീവി സങ്കേതങ്ങളിലുമെല്ലാം അത് നടക്കുന്നുണ്ട്. അവിടെ വന്യജീവികളെ കാണാന്‍ പറ്റും പക്ഷേ വന്യജീവികളുടെ തനതായ പ്രദേശമായിരിക്കണമെന്നില്ല. എന്നാല്‍ മൃഗങ്ങളെ കാണാം. പറമ്പിക്കുളം, തേക്കടി, ചിമ്മിനി, ചിന്നാര്‍ എല്ലാം പോലെ. 

അത് പരമാവധി നന്നായി ചെയ്യാനുളള കാര്യങ്ങള്‍ ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജന്‍സി ചെയ്യുന്നുണ്ട്. ആളുകളുമായി ചേര്‍ന്ന്, കാട്ടിനുളളില്‍ താമസിക്കുന്ന ആദിവാസികളുമായി ചേര്‍ന്ന് വനംവകുപ്പിന് ഒരു കമ്മിറ്റിയുണ്ട് ഇതിനെ എക്കോ ഡവലപ്പ്മെന്റ് കമ്മിറ്റിയെന്ന് പറയുന്നത്. അതൊരു കൊടുക്കല്‍ വാങ്ങലാണ്. അവരുടെ സാമ്പത്തിക അടിത്തറയെ ബലപ്പെടുത്തുക. അവരുടെ ദൈനംദിന ജീവതം മെച്ചപ്പെടുത്താനുളള സാമ്പത്തികം ഉണ്ടാക്കിക്കൊടുക്കുക. തിരിച്ച് അവരെ വനത്തിന്റെ ഇക്കോ ടൂറിസത്തിന്റെ കാര്യങ്ങള്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്, കണ്‍സര്‍വേഷന്റെ കാര്യങ്ങള്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെനിയയില്‍ ആണെങ്കിലും ബോട്സ്വാനയില്‍ ആണെങ്കിലും വലിയ വനമേഖല ഫോറസ്റ്റ് കണ്‍സര്‍വെന്‍സി എന്നാണ് പറയുന്നത്. കണ്‍സര്‍വന്‍സി ഏരിയ ഗോത്രവിഭാഗക്കാരുടെയോ പ്രദേശവാസികളുടേയോ കൈവശമായിരിക്കാം. അവര്‍ അതിനെ സംരക്ഷിക്കും. അവിടെ എന്ത് പ്രശ്നമുണ്ടെങ്കിലും അവര്‍ ഇടപെടും. അത്തരത്തില്‍ ഒരു നേരിട്ടുളള ഒരു കൈമാറ്റം നമ്മുടെ ഇവിടെ നടന്നിട്ടില്ലെങ്കില്‍ പോലും ഒരു എക്കോ ഡവലപ്പ്മെന്റ് സോണ്‍ ഉണ്ട്. അതായത് ഒരു ട്രൈബല്‍ കോനിക്ക് ഒരു ഇഡിസിയാണെന്ന് വിചാരിക്കുക. അവര്‍ക്ക് ചുറ്റമുളള കാടിനെ സംരക്ഷിക്കാനും അവിടുത്തെ കാര്യങ്ങള്‍ മനസ്സിലാക്കാനും അവിടെ ടൂറിസം നടത്താനൊക്കെ അവര്‍ക്ക് അനുമതി കൊടുത്തിട്ടുണ്ട.് സമിതിയുടെ സെക്രട്ടറി വനംവകുപ്പ് ഉദ്യോഗസ്ഥനായിരിക്കും പ്രസിഡന്റും എല്ലാ അംഗങ്ങളും കുടിയിലെ ആളുകളായിരിക്കും. അവിടെ നടക്കുന്ന ഇക്കോ ടൂറിസത്തില്‍ അവര്‍ക്ക് വ്യക്തമായ റോളുകള്‍ ഉണ്ട്. പ്രശ്നങ്ങളുണ്ടായാല്‍ കേസെടുക്കാന്‍ വനംവകുപ്പിനേ സാധിക്കൂ. എന്നാല്‍ പോലും അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. തീ വരാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം, വന്യമൃഗങ്ങള്‍ വരാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇതെല്ലാം അവര്‍ക്കുണ്ട്. കൊടുക്കല്‍ വാങ്ങലുകള്‍ കാടിനുസമീപം താമസിക്കുന്നവരായിട്ട് ചെയ്യുന്നുമറയൂരിലെ കാര്യമെടുക്കാം. നാലുവര്‍ഷം ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ അസിസ്റ്റന്റ് വാര്‍ഡന്‍ ആയിരുന്നു ഞാന്‍ അവിടെ 250 പേര്‍ക്ക് നേരിട്ടോ അല്ലാതെയോ ജോലി നല്‍കുന്നുണ്ട്. 11 ട്രൈബല്‍ കോളനികള്‍ സങ്കേതത്തിനുളളില്‍ തന്നെയുണ്ട്. ഒരു കോളനിയില്‍ നിന്ന് 10 പേരെയെങ്കിലും ജോലിക്കായി നമ്മള്‍ എടുക്കുന്നുണ്ട്. 

placeholder
Photo: Prabhu PM

കേരളത്തില്‍ പരിസ്ഥിതി സൗഹാര്‍ദമായി എങ്ങനെ ഇക്കോ ടൂറിസം മെച്ചപ്പെടുത്താം, ഒരു വിനോദസഞ്ചാരി പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണ്? 

യാത്രകള്‍ ചെയ്യുന്ന ആളുകള്‍ തന്നെ കുറേക്കൂടി വിചാരിക്കണം. സമ്മര്‍ദം കുറയ്ക്കാന്‍ വേണ്ടി മൂന്നാറിലും ചിന്നാറിലും കാന്തല്ലൂരിലും പറമ്പിക്കുളത്തും എല്ലാം വരുന്നവരുണ്ട്. പക്ഷേ വിദേശികള്‍ വന്ന് ആ കാടെല്ലാം ആസ്വദിക്കുന്നതുപോലുളള സംസ്‌കാരത്തിലേക്ക് നമ്മള്‍ എത്തിയിട്ടില്ല. നമ്മള്‍ കുറച്ച് ഭക്ഷണം കൊണ്ടുവരുന്നു വഴിയരികില്‍ ഇരുന്ന് കഴിക്കുന്നു. പ്ലേറ്റുകള്‍ വലിച്ചെറിയുന്നു. പൊടി തട്ടിപ്പോകുന്നു. ഒരു ഓട്ടപ്രദക്ഷിണം ആണ്. ആ ഓട്ട പ്രദക്ഷിണം കേരളത്തിന്റെ കാടുകളിലും വനാതിര്‍ത്തികളിലും വികസനം ഉണ്ടാകുമെന്ന് തോന്നുന്നില്ല, യാത്രകളുടെ സ്വഭാവം മാറ്റണം. കുറച്ചുകൂടി കാര്യങ്ങള്‍ മനസ്സിലാക്കി കാര്യങ്ങള്‍ പഠിച്ച് കാട്ടിലേക്ക് വരുന്നത് പോലെയല്ല ഒരു ദിവസത്തെ മൂന്നാര്‍ യാത്ര. ഒരു ദിവസത്തെ ചിന്നാര്‍ യാത്ര ഒരു ദിവസം ഓടിപ്പിടിച്ച് വന്ന് ഭക്ഷണവും കഴിച്ച് മദ്യവും കഴിച്ച് ഓടിപ്പോകുന്നതല്ല യാത്ര. പ്രകൃതിയെ അല്പമെങ്കിലും മനസ്സിലാക്കി അഭിനന്ദിക്കാനുളള മാനസികാവസ്ഥ അവര്‍ക്കുണ്ടാകണം. എന്നാലേ എക്കോ ടൂറിസം സ്ട്രോങ് ആവുകയുളളൂ. 

വരുന്ന വിനോദസഞ്ചാരികളുടെ കള്‍ച്ചര്‍ തന്നെ മാറ്റിയെടുക്കുന്ന രീതിയിലേക്ക് ടൂറിസം വികസിപ്പിക്കണം. നമ്മള്‍ എത്രത്തോളം പ്രിസ്റ്റീന്‍ ആയിട്ടുളള സ്ഥലത്തേക്കാണ് കടന്നുപോകുന്നത് എന്ന് അവര്‍ മനസ്സിലാക്കണം. നമ്മളെ ഒരിക്കലും ഇഷ്ടപ്പെടാത്ത, നമ്മളെ കാണാന്‍ താല്പര്യമില്ലാത്ത  വന്യജീവിയുടെ അടുത്തേക്കാണ് അവരുടെ താമസസ്ഥലത്തേക്കാണ് കയറിപ്പോകുന്നത്. നമ്മളെ കണ്ടാല്‍ മാറിപ്പോകുന്ന ഒരുപാട് ജീവികളുളള ഒരു വലിയ വീടാണത്.

നാം വളരെ പണ്ടേ ആ വീട് ഉപേക്ഷിച്ചതാണ്. പതിനായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് കൃഷി തുടങ്ങി കാടിന് വെളിയിലായി തുടങ്ങി. നമ്മുടെ രൂപം മാറി, വേഷം മാറി, മണം മാറി, ശബ്ദം മാറി, പ്രവൃത്തി മാറി, തൊലി മാറി. ഇങ്ങനെയുളള മനുഷ്യന്‍ കാട്ടിലേക്ക് പോകുമ്പോള്‍ പ്രകൃതിയിലുളള ജീവജാലങ്ങളുടെ കണ്ണിനും മനസ്സിനും ഇണങ്ങുന്ന ഒരു ജീവിയല്ല മനുഷ്യന്‍.

സ്വാഭാവികമായും അവിടെ പോയിട്ട് മാനെ കാണണം, കാട്ടുപോത്തിനെ കാണണം, മയിലിനെ കാണണം എന്നൊക്കെ പറഞ്ഞ് ചാടിയിറങ്ങിക്കഴിഞ്ഞാല്‍ അവരോടിപ്പോകും ആ ബോധം ആദ്യം ഉണ്ടാകണം. കാടിന്റെ സമയവും കാടിന്റെ ശബ്ദവും കണക്കിലെടുത്ത് ശബ്ദം താഴ്ത്തി അത്യാവശ്യമുണ്ടെങ്കില്‍ മാത്രം സംസാരിക്കുക. അണിയുന്ന വസ്ത്രങ്ങള്‍ കാടിനോട് ഇണങ്ങിച്ചേരുന്നതായിരിക്കുക. കൂക്കി വിളി ഇല്ലാതിരിക്കുക, അനാവശ്യമായ മണം ശരീരത്തില്‍ ഇല്ലാതിരിക്കുക, വിയര്‍പ്പിന്റെ മണം ഒന്നും പ്രശ്നമല്ല. ഓരോ മൃഗങ്ങളെ കുറിച്ചും കടുവയുളള ഭാഗത്തേക്കാണോ പോകുന്നത്, അല്ലെങ്കില്‍ കാട്ടുപോത്തുളള ഭാഗത്തേക്കാണോ പോകുന്നത് ആ ഭാഗത്തേക്ക് പോകുമ്പോള്‍ നമ്മള്‍ എങ്ങനെയായിരിക്കണം എന്ന ചെറിയ ധാരണ ഉണ്ടായിരിക്കണം. ആനയെ കാണാനാണ് പോകുന്നതെങ്കില്‍ നമ്മുടെ മണം ആനയ്ക്ക് വേഗം കിട്ടും എന്ന ധാരണ നമുക്കുണ്ടായിരിക്കണം, അല്ലാതെ ആനയെ കാണാന്‍ പോയിട്ട് കാര്യമില്ല. ധാരണ ഉണ്ടാക്കുക എന്നുളളതാണ് പ്രധാനപ്പെട്ട കാര്യം പുറത്തുനിന്ന് ഭക്ഷണം കൊണ്ടുപോയി ഭക്ഷ്യാവശിഷ്ടങ്ങള്‍ അവിടെ ഇടുക, പ്ലാസ്റ്റിക് ഇടുക ഇതൊന്നും ചെയ്യാതിരിക്കുക.നമുക്കവരെ കാണാന്‍ ഇഷ്ടമാണ്. പക്ഷേ അവര്‍ക്ക് നമ്മളെ കാണാന്‍ ഇഷ്ടമല്ല. അത് ഒരു മൃഗശാലയല്ല അതിന് ഇഷ്ടമുളള സമയത്ത് മാറിപ്പോകും. മൃഗത്തെ കണ്ടേ പറ്റൂ എന്ന് വാശിപ്പിടിക്കരുത്. ധൃതിവെക്കാതെ സഞ്ചരിക്കുക.

placeholder
Photo Ravi Chandran

റോഡുകള്‍ മുറിച്ചുകടക്കുന്നതിനിടയില്‍ വാഹനമിടിച്ച് ജീവികള്‍ ചത്തുപോകുന്നത് സ്ഥിരമാണ്. വിദേശരാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ മരങ്ങളെല്ലാം നട്ടുപിടിപ്പിച്ചുകൊണ്ടുളള ഓവര്‍ ബ്രിഡ്ജ് എന്ന സങ്കല്പം നമുക്ക് സാധ്യമാണോ? 

'കനോപ്പി വാക്ക്' എന്റെ മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സംഭവമാണ്. അത് ഞാന്‍ ചെയ്തിട്ടുളളതാണ്. റോഡ് മുറിച്ച് കടക്കുമ്പോള്‍ ഇഷ്ടം പോലെ മൃഗങ്ങള്‍ വണ്ടിക്കടിയില്‍ പെടുന്നുണ്ട്. പക്ഷേ നമ്മള്‍ അത് നോക്കുന്നില്ല. നമ്മുടെ വേഗത മാത്രമേ നമ്മള്‍ നോക്കുന്നുളളൂ. റോഡ് മുറിച്ച് മൃഗങ്ങള്‍ കടക്കുന്നത് ചിലപ്പോള്‍ വെളളം തേടിയിട്ടാകാം. അതിനൊരു സമയക്രമമുണ്ട്. വനപ്രദേശങ്ങളിലൂടെ, വന്യമൃഗസങ്കേതങ്ങളിലൂടെ വാഹനങ്ങളില്‍ പോവുകയാണെങ്കില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ പോകരുത് എന്ന് സര്‍ക്കാര്‍ ഉത്തരവ് മൂലം നിജപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതാര്‍ക്കെങ്കിലും അറിയുമോ എന്ന് സംശയമാണ്. ആരെങ്കിലും അത് പാലിക്കുന്നുണ്ടോ? ആ ഉത്തരവ് പാലിക്കപ്പെടാതെ ഒരുപാട് വന്യജീവികള്‍ മരണപ്പെടുന്ന ഒരു സാഹചര്യം ചിന്നാര്‍ വന്യജീവി സങ്കേതത്തിലുണ്ടായിരുന്നു. അവിടെ കെ.എഫ്.ആര്‍.എ.യുടെ ഒരു പഠനം നടന്നിരുന്നു. ഞാന്‍ അവിടെ ജോലി ചെയ്യുന്ന സമയത്താണ് ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. സങ്കേതം മുറിച്ചുകടക്കുന്ന 16 കിലോമീറ്ററുകളില്‍ 19 ഹമ്പുകള്‍ സ്ഥാപിച്ചു. വണ്ടികളുടെ വേഗത കുറയ്ക്കുന്നതിനായി. അതിനെതിരേ വലിയ ജനരോഷമുണ്ടായി. ലോഡ് കയറ്റി താഴേന്ന് വരുന്ന വണ്ടികള്‍ക്ക് 16 കിലോമീറ്റര്‍ വലിയ ബുദ്ധിമുട്ടാണ് എന്ന രീതിയില്‍. അത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായി, ആളുകള്‍ ഖൊരാവോ ചെയ്തു, അക്രമാസക്തമായി. ഹമ്പുകള്‍ പൊളിച്ചുമാറ്റുന്നതുള്‍പ്പടെ പ്രശ്നങ്ങള്‍ നിരവധി ഉണ്ടായി. ഒടുവില്‍ കളക്ടര്‍ ഇടപെട്ട് വിഷയം ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ മുന്നില്‍ എത്തിക്കുകയും ആദിവാസികളുടെ പിന്തുണ തേടുകയും ചെയ്തു. നമ്മള്‍ ആവശ്യപ്പെടുന്ന ഇടത്ത് ഹമ്പ് സ്ഥാപിക്കണമെന്ന് കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. 

അതുകൂടാതെ കനോപ്പി ബ്രിഡ്ജ് സ്ഥാപിച്ചിരുന്നു. ചിന്നാറില്‍ 18-20 സ്ഥലത്ത് കനോപ്പി ബ്രിഡ്ജ് ഉണ്ട്. കനോപ്പി ബ്രിഡ്ജ് ഉപയോഗിക്കുന്നത് കുരങ്ങന്മാര്, മലയണ്ണാന്‍മാര്, ചാമ്പല്‍ മലയണ്ണാന്‍മാര് അങ്ങനെയുളള ജീവികളാണ്. ഇതൊക്കെ റോഡില്‍ വന്ന് വാഹനം തട്ടി ചാവുകയാണ്. അത്തരം സാഹചര്യത്തില്‍ ഇവര്‍ക്ക് കനോപ്പി ബ്രിഡ്ജിലൂടെ മുറിച്ച് കടക്കാം. ആദിവാസികളോട് സഹകരിച്ചാണ് ചെയ്യുന്നത്. അവരാണ് ഇത് നിര്‍മിക്കുന്നത്. 

ബന്ദിപ്പൂര്‍ ഉള്‍പ്പടെയുളള ഇടങ്ങളിലെ രാത്രിയാത്രാ നിരോധനം പൊതുവായ ചര്‍ച്ചയാണല്ലോ

കാടിന് നടുവിലൂടെയുളള പാതകളിലുളള രാത്രികാല യാത്രാ നിരോധനം വളരെ അത്യാവശ്യമാണ്. പക്ഷേ അതിന്റെ സെന്‍സിറ്റീവ്നെസ്സ് മനസ്സിലാക്കാന്‍ സാധിക്കാത്തതിനാല്‍ പലര്‍ക്കും അത് അംഗീകരിക്കാന്‍ കഴിയാറില്ല. രാത്രികാലങ്ങളില്‍ എത്രയോ ജീവികളാണ് വാഹനങ്ങള്‍ക്കടിയില്‍ പെടുന്നത്. വാളയാറില്‍ എത്ര ആനകളാണ് ട്രെയിന്‍ തട്ടി ചെരിഞ്ഞുപോയിട്ടുളളത്. പക്ഷേ പലപ്പോഴും ഫലപ്രദമായിട്ടുളള ഒരു പ്രശ്ന പരിഹാരം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. അല്ലെങ്കില്‍ അത്രത്തോളം പ്രധാന്യത്തോടെ ആ വിഷയം കാണാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വകുപ്പുകള്‍ മാത്രം ഇടപെട്ടാല്‍ മതിയാകില്ല, പൊതുജനങ്ങളും ഇക്കാര്യം ഗൗരവത്തോടെ കാണണം. രാത്രികാലങ്ങളില്‍ വളരെ നിര്‍ണായകമായ സ്ഥലങ്ങളില്‍ റോഡുകള്‍ അടച്ചിടണം. അതേസമയം അത്യാവശ്യമുളള വാഹനങ്ങളെ പരിശോധിച്ച് വിട്ടയക്കണം. ആക്സിഡന്റ് പോലുളള കേസുകളാണെങ്കില്‍ അത്തരം വാഹനങ്ങള്‍ക്ക് പോകാനുളള അനുമതി നല്‍കണം.