പാതാളത്തവള പറ്റില്ലെങ്കിൽ മണവാട്ടിയെ സംസ്ഥാന തവളയാക്കിക്കൂടെ ?


വിജയകുമാർ ബ്ലാത്തൂർവന്യജീവികളോടും ജൈവവൈവിധ്യത്തോടും പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടാക്കാനും അവയുടെ പാരിസ്ഥിതിക പ്രാധാന്യം ബോധ്യപ്പെടുത്താനും സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ അവയെ കൂടി ഭാഗഭാക്കാകാനും സഹായിക്കാനാണല്ലോ ഇത്തരത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതും പദവികള്‍ നല്‍കുന്നതും

Premium

മണവാട്ടിത്തവള, പാതാളത്തവള

'പാതാളത്തവള' എന്നും 'മാവേലിത്തവള' എന്നും നമ്മള്‍ പേരിട്ട് വിളിക്കാന്‍ തുടങ്ങിയ 'നാസികബട്രാക്കസ് സഹ്യാദ്രെന്‍സിസ്' എന്ന 'പര്‍പ്പിള്‍ ഫ്രോഗി'നെ സംസ്ഥാന തവളയായി തിരഞ്ഞെടുക്കുന്നതിനോട് നിങ്ങളുടെ അഭിപ്രായം എന്താണ്?

വേനല്‍ മഴയുടെ അവസാനം വര്‍ഷത്തില്‍ രണ്ടാഴ്ച മാത്രം ഇണചേരാന്‍ മണ്ണിനടിയില്‍ നിന്ന് പുറത്ത് വരുന്ന ഈ തവളയെ സാധാരണഗതിയില്‍ അധികമാര്‍ക്കും കാണാന്‍ കിട്ടാറില്ല. കാറ്റുകയറ്റി വീര്‍ത്ത പോലുള്ള ഇതിലെ പെണ്ണിനെ 'പതാള്‍ 'എന്നും, കുറുകല്‍ ശബ്ദം ഉണ്ടാക്കുന്ന ആണിനെ 'കുറുവന്‍' എന്നുമാണ് തദ്ദേശീയര്‍ വിളിക്കുന്നത്. പന്നിമൂക്കന്‍ തവള, ആമത്തവള എന്നൊക്കെ പല പേരുകള്‍ ഇതിനിപ്പോള്‍ ഉണ്ട്.

ഇടുക്കിയിലെ കട്ടപ്പനയില്‍ നിന്ന് മാവേലിത്തവളയെ കണ്ടെത്തി ശാസ്ത്രലോകത്തിന് മുന്നില്‍ ആദ്യമായി വിശദീകരിച്ചത് മലയാളിയായ ഡോ.സത്യഭാമ ദാസ് ബിജു (എസ്.ഡി.ബിജു), ബെര്‍ജിയം ഗവേഷകനായ ഫ്രാങ്കി മോസിറ്റ് എന്നിവര്‍ ചേര്‍ന്നാണ്. 2003 ല്‍ 'നേച്ചര്‍' ജേര്‍ണലില്‍ ആ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്, ആ വിചിത്ര തവളയുടെ പ്രജനനരീതികള്‍ നിരീക്ഷിക്കാനും പഠിക്കാനും ഒട്ടേറെ ഗവേഷകര്‍ മുന്നോട്ടുവന്നു.

സംസ്ഥാന വന്യജീവി ഉപദേശകബോര്‍ഡിന്റെ ഈ വര്‍ഷത്തെ വാര്‍ഷികയോഗത്തില്‍ മാവേലിത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനൊരുങ്ങിയതാണ്. എന്നാല്‍, മണ്ണിനടിയില്‍ കഴിയുന്ന ഇതിനെ വി.ഐ.പി ആയി അംഗീകരിച്ചാല്‍ ഉചിതമാവുമോ, എല്ലാവര്‍ക്കും ഇതിനെ കാണണ്ടേ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. മനുഷ്യന്‍ കാണാത്ത ജീവിയെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചാല്‍ എന്തു പ്രയോജനമെന്ന് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായ വനം വകുപ്പ് മന്ത്രിയും ചോദിച്ചു.

Also Read

വീട്ടകങ്ങളിൽ സ്ഥിരവാസം; മണവാട്ടികളുടെ ആഭരണഭംഗി- ...

വന്യജീവികളോടും ജൈവവൈവിധ്യത്തോടും പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടാക്കാനും അവയുടെ പാരിസ്ഥിതിക പ്രാധാന്യം ബോധ്യപ്പെടുത്താനും സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ അവയെ കൂടി ഭാഗഭാക്കാകാനും സഹായിക്കാനാണല്ലോ ഇത്തരത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതും പദവികള്‍ നല്‍കുന്നതും.

മലമുഴക്കി വേഴാമ്പലിനെ കേരളം സംസ്ഥാനപക്ഷിയായി പ്രഖ്യാപിച്ചപ്പോള്‍ യാതൊരു വിധ സംശയവും ആര്‍ക്കും ഉണ്ടായില്ല. 2018 ല്‍ സംസ്ഥാന ചിത്രശലഭമായി 'ബുദ്ധമയൂരി' (Malabar banded peacock) തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ശലഭനിരീക്ഷകരുടെയും ഗവേഷകരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് മനോഹര ശലഭങ്ങളായ വനദേവത, മലബാര്‍ റോസ്, പുള്ളിവാലന്‍ എന്നിവയെ ഒക്കെകൂടി ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവയെ പിന്തള്ളിയാണ് ബുദ്ധമയൂരി ഒന്നാമതെത്തിയത്.

ബുദ്ധമയൂരി ശലഭങ്ങളുടെ ലാര്‍വയ്ക്ക് ഭക്ഷണമാവുന്നത് മുള്ളിലവാണ്. ആ ചെടി സംരക്ഷിച്ചില്ലെങ്കില്‍ ഈ ശലഭങ്ങള്‍ ഇല്ലാതാകും. ഇക്കാര്യം കൂടി ബുദ്ധമയൂരിയെ തിരഞ്ഞെടുത്തപ്പോള്‍ പരിഗണിച്ചിരുന്നു. ആളുകളില്‍ ശലഭങ്ങളോടും, അവയുടെ ലാര്‍വകള്‍ക്ക് ഭക്ഷണമാകുന്ന സസ്യങ്ങളോടും, ആ സസ്യയിനങ്ങള്‍ ഇല്ലാതായാല്‍ ശലഭങ്ങളുടെ നിലനില്‍പ്പ് അസാധ്യമാകുമെന്നുമുള്ള അവബോധം വളര്‍ത്താനും ആ പ്രഖ്യാപനം സഹായിച്ചിട്ടുണ്ട്.

പൊതുവെ തവളകളോട് അറപ്പും പേടിയുമാണ് പലര്‍ക്കും. സാധാരണക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒക്കെ തവളകളോട് ഇഷ്ടവും താത്പര്യവും ഉണ്ടാക്കാന്‍ പറ്റണം. അതിനായാണല്ലോ ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. അവരാണല്ലോ ഇനി നമ്മുടെ ജൈവ വൈവിധ്യത്തിന്റെ കാവല്‍ക്കാര്‍. എന്തായാലും, നാസികബട്രാക്കസ് സഹ്യാദ്രെന്‍സിസ് അഥവാ മാവേലിത്തവള എന്ന പാരിസ്ഥിതിക പ്രാധാന്യമേറിയ ഒരു ജീവിയെ പരിഗണിക്കാതിരിക്കാന്‍ പറയുന്ന കാരണങ്ങളോട് പലര്‍ക്കും വിയോജിപ്പുണ്ട്. വീണ്ടും ഇതിനെത്തന്നെ പരിഗണിച്ച് കൂടെന്നും ഇല്ല. മാവേലിത്തവളയെ പരിഗണിക്കുന്നില്ലെങ്കില്‍ പകരം ഒരു തവളയെ നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

നിലനില്‍പ്പ് ഭീഷണിയിലായ, എന്നാല്‍ വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ലാത്തതുമായ 'മണവാട്ടിത്തവള'യെ സംസ്ഥാന തവളയായി പരിഗണിച്ചുകൂടേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. വടക്കന്‍ മലബാറിലെ ലാറ്ററൈറ്റ് ഭൂപ്രകൃതിയോട് ചേര്‍ന്നാണ് ഇവയുടെ ജീവിതം. ചെങ്കല്ല് കൊണ്ട് പണിത വീടുകളുടെ അകത്തും കുളിമുറിയിലും ഒക്കെ ഇവ സാധാരണമായിരുന്നു. നമ്മുടെ വീട്ടകങ്ങളുടെ സ്വഭാവം മാറിയതോടെ ഇവ അപ്രത്യക്ഷമായി.

പശ്ചിമഘട്ടത്തില്‍ കേരളം മുതല്‍ മുംബൈ വരെ മാത്രമാണ് മണവാട്ടിത്തവള കാണപ്പെടുന്നത്. 'ഫംഗോയിഡ് ഫ്രോഗ്' (Fungoid Frog) എന്നും മലബാര്‍ 'മലത്തവളകള്‍ ' എന്നും വിളിക്കുന്ന വിഭാഗത്തിലുള്ള മണവാട്ടിത്തവളകളെ 1883 ലാണ് ആദ്യം വിശദീകരിച്ചത്. അന്ന് അതിന് 'റാണ മലബാറിക്ക' (Rana malabarica) എന്ന് ശാസ്ത്രനാമം നല്‍കിയെങ്കിലും, പിന്നീടത് 'ഹൈലാറാണ മലബാറിക്ക' (Hylarana malabarica) എന്ന് മാറ്റി. ഇപ്പോള്‍ 'ഹൈഡ്രോഫൈലാക്‌സ് മലബാറിക്ക' (Hydrophylax malabaricus) എന്നാണ് ഉറപ്പിച്ചിരിക്കുന്നത്.

മണവാട്ടിയെ പോലെ ദേഹത്ത് വര്‍ണ്ണ അലങ്കാരങ്ങള്‍ കാണപ്പെടുന്നതിനാലും, പഴയ വീടുകളുടെ ഇരുണ്ട മുറികളിലാണ് കഴിയുന്നത് എന്നതിനാലുമാകാം മണവാട്ടിത്തവള എന്ന പേര് കിട്ടിയത്. കണ്ണൂരുകാര്‍ മണവാട്ടി എന്നൊന്നും തീര്‍ത്ത് വിളിക്കില്ല 'മണാട്ടി' എന്ന് ചുരുക്കും. തെയ്യത്തിന്റെ അണിയലങ്ങള്‍ പോലെ വര്‍ണവും അലങ്കാരവും ഉള്ളതിനാല്‍ കാസര്‍കോട്കാര്‍ 'തെയ്യംതവള' എന്നാണ് ഇവയെ വിളിക്കുക. കോഴിക്കോട്കാര്‍ക്കിത് 'അമ്മായിത്തവള'യാണ്. ചില പ്രദേശങ്ങളില്‍, 'നിസ്‌കാരത്തവള' എന്നൊരു പേര് കൂടി പ്രചാരത്തിലുണ്ട്.

ചെങ്കല്‍പ്പരപ്പുകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഇലകള്‍ക്കിടയിലും ശിലാഗുഹകളിലും മാളങ്ങളിലും ഒക്കെയാണ് ഇവയുടെ ജീവിതം. ഇണചേരലിന് മാത്രമാണ് വെള്ളത്തിലിറങ്ങുക. വര്‍ണ്ണ വസ്ത്രങ്ങള്‍ അണിഞ്ഞ കല്യാണപ്പെണ്ണിനെപ്പോലെ ഭംഗിയുള്ള ശരീരമാണ് മണവാട്ടിത്തവളകള്‍ക്ക്. അധികം തടിയില്ലാത്ത സ്ലിംബ്യൂട്ടി. ശരീരത്തിന്റെയും തലയുടേയും മേല്‍ഭാഗം മിനുങ്ങുന്ന ഇഷ്ടിക ചുവപ്പ് നിറമായിരിക്കും. അതില്‍ കറുത്ത പൊട്ടുകള്‍ കാണും. ശരീരത്തിന്റെ അരികുകളില്‍ കറുപ്പ്കലര്‍ന്ന കടും ബ്രൗണ്‍ നിറത്തിലുള്ള വീതിയുള്ള അടയാളം.. അവിടെയും കൈകാലുകളിലും വെളുത്ത വരകള്‍. വയറുഭാഗം നല്ല വെളുപ്പും. ആണ്‍ പെണ്‍തവളകള്‍ തമ്മില്‍ വലിയ വലിപ്പ വ്യത്യാസം ഇല്ല.. അടിഭാഗത്ത് മങ്ങിയ വെളുപ്പായിരിക്കും. തുറിച്ച് നില്‍ക്കുന്ന കണ്ണുകളുടെ പിറകിലായി അതേ വലിപ്പമുള്ള കേള്‍വിക്കുള്ള ടിമ്പാനം കാണാം.

പഴയവീടുകളില്‍ ഇവര്‍ പൂജാമുറിയിലെ കിണ്ടിക്ക് മുകളിലും, അടുക്കളയിലെ കഞ്ഞിക്കലത്തിനരികിലും ഒക്കെ കാണപ്പെടും. ഒരു വിട്ടില്‍ പത്തുപതിനഞ്ച് പേര്‍ വരെ ഉണ്ടാകും, ആണും പെണ്ണും ഒക്കെയായി വീട്ടിലെ സ്ഥിരതാമസക്കാരായിട്ട്. ഈര്‍പ്പവും ഇരുട്ടും ഉള്ള ചാണകം മെഴുകിയ കിടപ്പുമുറികളൊക്കെ ഇവര്‍ അവരുടെ സ്വന്തം സ്ഥലമാക്കീട്ടുണ്ടാകും. വര്‍ഷങ്ങളോളം ഒരേ വീട്ടില്‍ തന്നെ വാടകകൊടുക്കാതെ താമസിക്കും! വീട്ടില്‍ നിന്ന് കുടിയിറക്കിയാലും യാതൊരു മടിയും ഇല്ലാതെ അവിടേക്ക് തന്നെ തിരിച്ച് വരും. ദൂരെ എങ്ങാനും കൊണ്ട് കളഞ്ഞാലും വിടില്ല വീടന്വേഷിച്ച് അവരെത്തും.

രാത്രി പുറത്തുപോയി ഭക്ഷണം അന്വേഷിക്കും. കൊതുകുകളും ഉറുമ്പുകളും ചെറുപ്രാണികളും ഒക്കെയാണ് ഭക്ഷണം. പകല്‍ വീട്ടിനുള്ളില്‍. വീട്ടിലെ പൂച്ചകളും, ഇടക്ക് അകത്ത് കയറുന്ന ചേരകളും ഇവരെ മൈന്‍ഡ് ചെയ്യില്ല. അപകടം മണത്താല്‍ വെറുപ്പിക്കുന്ന ഒരു നാറ്റം പുറപ്പെടുവിപ്പിച്ച് ശത്രുക്കളെ അകറ്റാന്‍ മണവാട്ടികള്‍ക്ക് അറിയാം!

കാലവര്‍ഷമെത്തി മഴതിമിര്‍ത്ത് പാടം വെള്ളംകൊണ്ട് നിറഞ്ഞാല്‍ ആണ്‍ തവളകള്‍ പതുക്കെ വീടുവിട്ടിറങ്ങും. ദൂരെ വയലില്‍ സൗകര്യപ്രദമായ വെള്ളക്കെട്ട് കിട്ടിയാല്‍ അവിടെ തമ്പടിക്കും. പ്രണയപരവശനായി ഇണചേരല്‍ അഭ്യര്‍ത്ഥന വിളി തുടങ്ങും. താടിക്കരികിലെ സ്വനപേടകം വിറപ്പിച്ചാണ് ഹൈ ഫ്രീക്വന്‍സി ശബ്ദം ഉണ്ടാക്കുന്നത്. ദിവസങ്ങളോളം നീളും കരച്ചില്‍. കുറച്ച് ദിവസം കഴിയുമ്പോള്‍ പെണ്‍തവളകള്‍ ഒന്നൊന്നായി വീടുവിട്ട് പുറത്തിറങ്ങി ശബ്ദം കേട്ട പാടത്തിലെ വെള്ളക്കുഴി ലക്ഷ്യമാക്കി നീങ്ങും. കിലോമീറ്ററുകള്‍ വരെ താണ്ടി ഇണത്തവളകള്‍ക്ക് അരികിലെത്തും. കൂടുതല്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയ തവളകളെയാണ് ഇണയായി പരിഗണിക്കുക.

ആണ്‍തവള പെണ്‍തവളയുടെ ശരീരത്തിനുമേല്‍ കയറി ചേര്‍ന്ന് പിടിച്ച് നില്‍ക്കും. പെണ്‍തവള ഇട്ടുകൂട്ടുന്ന കുത്തുകളുള്ള ജെലാറ്റിന്‍ രൂപത്തിലുള്ള മുട്ടക്കൂട്ടത്തിലേക്ക് ബീജം വിക്ഷേപിക്കുകയാണ് ആണ്‍ തവള ചെയ്യുക. ഇണചേര്‍ന്ന് കഴിഞ്ഞ് പെണ്‍ തവളകളാണ് വീട്ടിലേക്ക് ആദ്യം തിരിച്ച് വരിക. കുറച്ച് ദിവസം കഴിഞ്ഞ് ആണ്‍തവളകളും തിരിച്ച് വരും. പുലര്‍ച്ചെ തിരിച്ചെത്തി ഉമ്മറപ്പടിയില്‍ വാതില്‍ തുറക്കാന്‍ കാത്ത് ഇവര്‍ അക്ഷമരായി നിരന്നിരിക്കുന്ന കാഴ്ച രസകരമാണ്. വീട്ടുകാര്‍ വാതില്‍ തുറന്നാലുടനെ 'തുറക്കാന്‍ എന്താ ഇത്ര അമാന്തം' എന്ന് ഒരു പരിഭവ നോട്ടം തൊടുക്കും. ഒട്ടും പേടിയും മടിയും ഇല്ലാതെ സ്വന്തം വീട്ടിലേക്കെന്നപോലെ തുള്ളിച്ചാടി അകത്തേക്കൊരു പോക്കാണ് പിന്നെ. വീട്ടുകാര്‍ പൊതുവെ ഇവരോട് അറപ്പും ദേഷ്യവും ഒന്നും കാണിക്കാറില്ല. അതുകൊണ്ട് ഈ തവളയെ വീട്ടില്‍ നിന്ന് അടിച്ചോടിക്കാനൊന്നും ആരും മിനക്കെടാറില്ല.

മനുഷ്യരുമായി ഇത്രയധികം ചേര്‍ന്നു സഹവസിക്കുന്ന വേറൊരു തവളയും ഇല്ലെന്നാണ് തോന്നുന്നത്. ലാറ്ററൈറ്റ് കുന്നില്‍പുറങ്ങളുടെ നാശം ഈ തവളയെ വംശനാശത്തിലേക്ക് എത്തിച്ചേക്കാം. എത്രയോ നൂറ്റാണ്ടുകളായി മനുഷ്യരുടെ ഒപ്പം ജീവിക്കുന്ന മണവാട്ടികളുടെ സംരക്ഷണത്തിന് സംസ്ഥാന തവള പദവി സഹായിക്കും എന്നത് ഉറപ്പാണ്.

പച്ചിലപ്പാറൻ | ഫോട്ടോ: ഡേവിഡ് രാജു

ഇളിത്തേമ്പന്‍ തവള, പച്ചിലപ്പാറന്‍ എന്നൊക്കെ പേരില്‍ അറിയപ്പെടുന്ന (Malabar Flying Frog- Rhacophorus malabaricus) മലബാര്‍ ഗ്ലൈഡിങ്ങ്/ ഫ്ലൈയിങ്ങ് ഫ്രോഗ് എന്ന് വിളിക്കുന്ന മരത്തവളയെക്കൂടി പരിഗണിക്കാവുന്നതാണ്. മഴക്കാടുകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പലയിടത്തും മഴക്കാലത്ത് ഇവയെ കാണാറുണ്ട്. ഇതിന്റെ വര്‍ണ മനോഹാരിതയും ഭംഗിയും കൗതുകരൂപവും കാരണം പലപ്പോഴും പുതിയ അത്ഭുത തവളയെ കണ്ടെത്തി എന്ന് പ്രദേശിക വാര്‍ത്തകളില്‍ ഇളിത്തേമ്പന്‍ തിളങ്ങി നില്‍ക്കാറുണ്ട്.

പൊക്കത്തിലുള്ള ഇലച്ചാര്‍ത്തുകളില്‍ നിന്നും മറ്റൊന്നിലേക്ക് പറക്കുന്നതുപോലെ വായുവിലൂടെ തെന്നിനീങ്ങാന്‍ കഴിയുന്നവയാണ് ഇവ. ഒന്‍പത് മുതല്‍ പന്ത്രണ്ട് മീറ്റര്‍ വരെ ഇവര്‍ ഇങ്ങനെ 'പറക്കും'. പുറംഭാഗം നല്ല പച്ചനിറവും അടിഭാഗം മഞ്ഞിച്ച മുഷിഞ്ഞ വെളുപ്പുമാണ്. പകല്‍ നേരത്ത് കണ്ണിലെ കൃഷ്ണമണി നേര്‍ത്ത് ഒരു വരപോലെ ആണുണ്ടാകുക. പകല്‍ ഇലത്തലപ്പുകളില്‍ ചുരുണ്ട് നില്‍ക്കുന്നതിനാല്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. രാത്രിയിലാണ് സഞ്ചാരവും ഇരതേടലും. വിരലുകള്‍ക്കിടയിലെ പാട ഗ്ലൈഡിങ്ങ് സമയത്ത് വിടര്‍ത്തി കൂടുതല്‍ ദൂരം സഞ്ചരിക്കാനും ഇറങ്ങുമ്പോള്‍ പാരച്യൂട്ട് മാതൃകയില്‍ വേഗത കുറച്ച് ലാന്റ് ചെയ്യാനും സഹായിക്കുന്നു. വിരലുകളുടെ അഗ്രത്തിലെ പാഡുകള്‍ ഇലകളിലും മരക്കൊമ്പുകളിലും പറ്റിപ്പിടിച്ച് നില്‍ക്കാന്‍ സഹായിക്കും. വിരലുകള്‍ക്കിടയിലെ പാട ഓറഞ്ച് ചുവപ്പ് നിറമുള്ളതാണ്. അതിനാല്‍ കാണാന്‍ അതി മനോഹരവും.

കഴ്ചയില്‍ ഒരു സാധുരൂപമുള്ള ഇതിനെ ഒരിക്കല്‍ കണ്ടാല്‍ ആരും മറക്കില്ല. പച്ചനിറമുള്ള ശരീരവും വിരലുകള്‍ക്കിടയിലെ ചുവപ്പ് കടും നിറവും ഒക്കെക്കൂടി ഈ തവളയ്ക്ക് ഒരു ആനച്ചന്തം തന്നെയുണ്ട്. മഴയോട് അനുബന്ധിച്ചാണ് ഇവയുടെ പ്രജനനം. ചിലപ്പോള്‍ ഇവ അരുവികളുടെയും മീനുകളെ വളര്‍ത്താത്ത ഗാര്‍ഡന്‍ പോണ്ടുകളുടെയും ഒക്കെ മുകളിലെ മരക്കൊമ്പുകളില്‍ കയറിക്കൂടും. മുട്ടകള്‍ ഇലക്കൂമ്പിളിലാക്കി ഒട്ടിച്ച് വെക്കും. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനും പക്ഷികള്‍ മുട്ടകള്‍ കൊത്തിത്തിന്നാതിരിക്കാനും വേണ്ടിയുള്ള പ്രത്യേക ശ്രദ്ധയാണത്. മഴയത്ത് ഒഴുകി വെള്ളത്തിലെത്തി വിരിഞ്ഞ് വളര്‍ന്ന് വാല്‍മാക്രികളാകുന്നു.

സാധാരണമായി കാണുന്നതെങ്കിലും ഇവയും ആവാസസ്ഥലങ്ങളുടെ നാശം മൂലം വലിയ പ്രതിസന്ധിയില്‍ എത്തിയ തവള തന്നെയാണ്. ഈ രണ്ടു തവളകള്‍ കൂടാതെ, പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന, സാധാരണ മനുഷ്യര്‍ക്ക് കാണാന്‍ പറ്റുന്ന വേറെയും തവളകളുണ്ട്. മാവേലിത്തവളയെയോ മറ്റേതെങ്കിലും തവളയേയോ തിരഞ്ഞെടുക്കും മുമ്പ് ഈ രംഗത്തെ വിദഗ്ധരുടെയും ഗവേഷകരുടെയും തവള പ്രേമികളുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ടതാണ്.

എന്തുപറഞ്ഞാലും ചൊറിയുന്നവരുണ്ട്. എല്ലാത്തിനെയും എതിര്‍ത്തും കളിയാക്കിയും അഭിപ്രായം പറയുന്നവര്‍. 'സംസ്ഥാനത്തവള! ഇനി അതിന്റെ ഒരു കുറവേ ഉള്ളു ' എന്നൊക്കെ അഭിപ്രായപ്പെടുന്നവെ കാണുമ്പോള്‍ 'ചൊറിത്തവള'യെയാണ് സംസ്ഥാന തവളയായി പ്രഖാപിക്കേണ്ടത് എന്ന് ചിലപ്പോള്‍ തോന്നും!

Content Highlights: kerala state frog, purple frog , manavatti frog, pathalathavala,maveli thavala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented