1987-ല്‍ ആദ്യ ലോക ഭക്ഷ്യപുരസ്‌കാരം സമ്മാനിച്ചുകൊണ്ട്  അന്നത്തെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായിരുന്ന ജാവിയസ് പെരസ് ഡി ക്യുയര്‍ എം.എസ് സ്വാമിനാഥനെ വിശേഷിപ്പിച്ചത്  'ജീവിക്കുന്ന ഇതിഹാസമെ'ന്നായിരുന്നു. ആതുരസേവനവും ഐ.പി.എസ് കുപ്പായവും വേണ്ടെന്ന് വെച്ച് കാര്‍ഷിക ഗവേഷണത്തിനായി സമര്‍പ്പിച്ച ആ ജീവിതത്തിന് അതിനോളം വലിയൊരു വിശേഷണം ചേരുമോ എന്ന് സംശയമാണ്. കര്‍ഷക ആത്മഹത്യകളും പട്ടിണിമരണങ്ങളും തീരാദുരിതം വിതച്ച ഒരു രാജ്യത്തെയും ചോര നീരാക്കി മണ്ണില്‍ പണിയെടുക്കുന്നവന്റെ തീരാദുരിതത്തെയും മാറോടണച്ച എം.എസ് സ്വാമിനാഥനെന്ന 'പച്ച'മനുഷ്യന്‍ വിട പറയുമ്പോള്‍ ബാക്കിയാവുന്നത് ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക് അദ്ദേഹം നല്‍കിയ കനപ്പെട്ട സംഭാവനകളാണ്. 

To advertise here,

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊപ്പമെത്താതെ കിതച്ച കാര്‍ഷികരംഗത്തെ കൈപിടിച്ചു നടത്തിയത് എം.എസ്. സ്വാമിനാഥന്റെ പഠന നിരീക്ഷണങ്ങളാണ്. ഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശങ്ങളായിരുന്നില്ല സ്വാമിനാഥന്റെ തിയറികള്‍. കര്‍ഷകരെ നേരില്‍ കണ്ട്, പ്രശ്‌നങ്ങള്‍ പഠിച്ച് ശാസ്ത്രീയമാര്‍ഗങ്ങള്‍ കാര്‍ഷികരംഗത്തേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അവരെത്തന്നെ ബോധ്യപ്പെടുത്തിയാണ് ഓരോ മാറ്റങ്ങളും സ്വാമിനാഥന്‍ നടപ്പാക്കിയത്. ലഭ്യമായ മണ്ണില്‍നിന്ന് മികച്ച വിളവും വരുമാനവുമെന്ന ലക്ഷ്യത്തിലൂടെ അദ്ദേഹം ഒരേ സമയം കര്‍ഷകന്റെ കണ്ണീരും ലോകത്തിന്റെ വിശപ്പിനും പരിഹാരം കണ്ടെത്തി. ഭക്ഷ്യോത്പാദനം പതിന്മാടങ്ങായി വര്‍ധിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ കാര്‍ഷികമേഖലയ്ക്കാകുമെന്നും കൃഷി ഒരു നഷ്ടക്കച്ചവടമല്ലെന്നും സ്വാമിനാഥന്‍ ലോകത്തെ പഠിപ്പിച്ചു. 

അതത്ര എളുപ്പത്തില്‍ സാധ്യമായതല്ല. തനത് വിത്തിനങ്ങള്‍ ഉപയോഗിച്ച് കാലങ്ങളായി സാമ്പ്രദായിക കൃഷിരീതികള്‍ മാത്രം പിന്തുടര്‍ന്ന രാജ്യത്തെ എഴുപത് ശതമാനത്തോളം വരുന്ന കര്‍ഷകജനതയാണ് സ്വാമിനാഥന് മുന്നിലുണ്ടായിരുന്നത്. ഡോ. നോര്‍മന്‍ ബോര്‍ലോഗ് എന്ന ശാസ്ത്രജ്ഞനെയും 
മെക്‌സിക്കോ എന്ന രാജ്യത്തെയും മാതൃകയാക്കി അദ്ദേഹം കര്‍ഷകര്‍ക്ക് മുന്നില്‍ ആശയങ്ങള്‍ തെളിമയോടെ അവതരിപ്പിച്ചു. ഫലമോ അന്നുവരെ പിന്തുടര്‍ന്ന കൃഷിരീതികള്‍ വിട്ട് കര്‍ഷകര്‍ സ്വാമിനാഥനൊപ്പം നിന്ന് നാടിന്റെ വിശപ്പകറ്റി, ലോകത്തിന്റെയും.

ഭക്ഷ്യമേഖലയിലെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് മെക്‌സിക്കോയില്‍ 1944-ല്‍ ഡോ.നോര്‍മന്‍ ബോര്‍ലോഗ് ആയിരുന്നു ഹരിതവിപ്ലവം സാധ്യമാക്കിയത്. യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് (USFIH) അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന വില്യം എസ്. ഗൗഡ് ആണ് ഹരിതവിപ്ലവം (Green revolution) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ആവശ്യമായ ഗോതമ്പിന്റെ പകുതിപോലും ലഭ്യമാകാതെ ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്തേണ്ടിയിരുന്ന മെക്‌സിക്കോയെ കൈപിടിച്ചു നടത്തിയത് അന്ന് ഗവേഷകനായ നോര്‍മന്‍ ബോര്‍ലോഗിന്റെ പരീക്ഷണങ്ങളാണ്. അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള വിത്തിനങ്ങള്‍ നിരന്തര പരീക്ഷണങ്ങളിലൂടെ അദ്ദേഹം വികസിപ്പിച്ചെടുത്തു. Mexican Dwarf Wheat അഥവാ കുള്ളന്‍ ഗോതമ്പ് എന്ന ഇനം ആ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു. രാജ്യത്തിന്റെ ഗോതമ്പ് ഉത്പാദനം മൂന്നിരട്ടിയായി വര്‍ധിച്ചു. രണ്ട് പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ഉത്പാദനം ആറിരട്ടിയായി. ഭക്ഷ്യമേഖലയില്‍ സ്വയം പര്യാപ്തത കൈവരിച്ചതിനൊപ്പം അഞ്ച് ലക്ഷം ടൺ ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാനും മെക്‌സിക്കോ പ്രാപ്തമായി. 

ഇന്ത്യയിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. ക്രമാതീതമായ ജനസംഖ്യ വര്‍ധനവിന് അനുസൃതമായി ഇന്ത്യയുടെ ഭക്ഷ്യമേഖല വികസിച്ചില്ല. പരമ്പരാഗതമായി ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക മേഖലയാണ് കൃഷി. രാജ്യത്തെ മൂന്നിലൊന്ന് പേരും കര്‍ഷകരായിരുന്നിട്ടും ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ 1947-60 കാലത്ത് ഇന്ത്യയ്ക്കായില്ല. ആളോഹരി ഭക്ഷ്യലഭ്യത ഗുരുതരമാംവിധം താഴ്ന്നു. വര്‍ഷംതോറും ഒരു കോടിയോളം ടണ്‍ ഗോതമ്പാണ് അക്കാലത്ത് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. കൃഷി ഇല്ലാതിരുന്നതല്ല, വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിയിറക്കാത്തതായിരുന്നു ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക് സംഭവിച്ച തകര്‍ച്ചയ്ക്ക് കാരണം. ഭക്ഷ്യക്ഷാമം കൂടി പ്രവചിക്കപ്പെട്ടതോടെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയത് മുന്‍പ് മെക്‌സിക്കോയില്‍ പരീക്ഷിച്ച് ജയിച്ച അതേ മാര്‍ഗമായിരുന്നു - ഹരിതവിപ്ലവം. 

അന്ന് ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ യുവ ശാസ്ത്രജ്ഞനായിരുന്ന എം.എസ്. സ്വാമിനാഥനാണ് ഇന്ത്യന്‍ ഹരിതവിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത്. സ്വാമിനാഥന്റെ ക്ഷണം സ്വീകരിച്ച് 1963-ല്‍ ഡോ. നോര്‍മന്‍ ബോര്‍ലോഗ് ഇന്ത്യയിലെത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇന്ത്യയുടെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച സങ്കരഗോതമ്പ് വിത്തുകളുടെ പേരുകളും അദ്ദേഹം നിര്‍ദേശിച്ചു. 1965-ല്‍ 450 ടണ്‍ മെക്സിക്കന്‍ ഗോതമ്പ് വിത്തുകള്‍ ഇറക്കുമതി ചെയ്തു. സൊണോറ-64 എന്ന് പേരിട്ട കുള്ളന്‍ ഗോതമ്പിനമായിരുന്നു ഇതില്‍ പ്രധാനി. രാജ്യത്തെ ഗോതമ്പ് ഉത്പാദനം 20 ലക്ഷം ടണ്ണില്‍നിന്ന് 23 ദശലക്ഷം ടണ്‍ ആക്കി മാറ്റാന്‍ ഹരിതവിപ്ലവത്തിന് സാധിച്ചു. ഇതോടെ ഗോതമ്പിന്റെ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചു.

വിശാലമായ പാടങ്ങളും ജലസേചന സൗകര്യങ്ങളും മെച്ചപ്പെട്ട കാലാവസ്ഥയുമുണ്ടായിരുന്ന പഞ്ചാബിന്റെ മണ്ണിലായിരുന്നു അത്യുല്‍പാദനശേഷിയുള്ള ആ വിത്തിനങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. ആധുനിക ജലസേചന സംവിധാനങ്ങള്‍, യന്ത്രവത്കരണം, അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങള്‍, വിവിധതരം കാര്‍ഷികോപകരണങ്ങള്‍, രാസവളങ്ങളും കീടനാശിനികളുടേയും ഉപയോഗം, ഒന്നിന് പകരം രണ്ട് വിളകള്‍ കൃഷി ചെയ്യുന്ന രീതി എന്നിവ കൂടി ചേര്‍ന്നതോടെ ഇന്ത്യന്‍ ഭക്ഷ്യമേഖല പുനരുജ്ജീവിച്ചു.  മേല്‍ത്തരം സങ്കരയിനം വിത്തുകള്‍ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കാനായതോടെ ഹരിതവിപ്ലവത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാവുകയായിരുന്നു. ഗോതമ്പില്‍ മാത്രമല്ല, വിവിധ വിളകളില്‍ ഹരിതവിപ്ലവം ഫലം കണ്ടു.

ഫിലിപ്പീന്‍സിലെ അന്തര്‍ദേശീയ നെല്ലു ഗവേഷണകേന്ദ്രം വികസിപ്പിച്ച ഐ.ആര്‍.എട്ട് (IR8) എന്ന മേല്‍ത്തരം നെല്‍വിത്ത് പരീക്ഷിച്ചതോടെ നെല്ലുല്‍പാദനത്തിലും വര്‍ധനവുണ്ടായി. ഉരുളക്കിഴങ്ങിന്റെ ജനിതകഘടന സംബന്ധിച്ച പഠനങ്ങളും കാര്‍ഷികമേഖലയില്‍ നിര്‍ണായകമായി. കാര്‍ഷിക രംഗം മുന്‍പെങ്ങുമില്ലാത്ത വളര്‍ച്ച കൈവരിച്ചതോടെ എം.എസ്. സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവായി അറിയപ്പെട്ടു. അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങള്‍, മികച്ച വള-കീടനാശിനി പ്രയോഗങ്ങള്‍, ജലസേചനം, കാര്യക്ഷമമായ കൃഷിരീതികള്‍ എന്നിവ സംയോജിപ്പിച്ച് കൃഷിയെ ശാസ്ത്രീയമായി സമീപിക്കാന്‍ സ്വാമിനാഥന്‍ കര്‍ഷകരെ പഠിപ്പിച്ചു. 1965-ല്‍, ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ജനിതക മാറ്റം വരുത്തിയ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങള്‍ സ്വാമിനാഥന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തു. 

placeholder
എം.എസ്. സ്വാമിനാഥനോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ 28-ന് പുരി ബീച്ചില്‍ സാന്‍ഡ് ആര്‍ടിസ്റ്റ് സുദര്‍ശന്‍ പട്‌നായിക് ഒരുക്കിയ മണല്‍ ശില്‍പം

എന്നാല്‍, അമിത രാസ-കീടനാശിനി വളപ്രയോഗം മണ്ണിന്റെ സ്വാഭാവികതയെ തകര്‍ത്തെറിഞ്ഞതായി പഠനങ്ങള്‍ തെളിയിക്കപ്പെട്ടു. ഹരിതവിപ്ലവം അമേരിക്കന്‍ പദ്ധതിയാണെന്നും ഇന്ത്യക്കാര്‍ക്ക് ചേര്‍ന്നതല്ലെന്നും വിമര്‍ശനങ്ങളുണ്ടായി. തദ്ദേശീയ വിത്തിനങ്ങള്‍ അപ്രത്യക്ഷമാകാനും ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കും രോഗപ്രതിരോധ ശേഷി കുറയാനും ആരോഗ്യ-മലിനീകരണ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും ഹരിതവിപ്ലവം പ്രധാന കാരണമായി. കാര്‍ഷികോത്പാദനം എല്ലാ സംസ്ഥാനങ്ങളിലും വര്‍ധിപ്പിക്കാനും ഹരിതവിപ്ലവം കൊണ്ടായില്ല എന്നതും പ്രധാന വിമര്‍ശനമായി. എന്നാല്‍, രാസവളങ്ങളും കീടനാശിനികളും ദുരുപയോഗം ചെയ്യുമ്പോഴാണ് കുഴപ്പമെന്ന് സ്വാമിനാഥനും പറഞ്ഞു. ജൈവകൃഷിയിലൂടെ മാത്രം മുന്നോട്ട് പോയാല്‍ രാജ്യത്തിനാവശ്യമായ ഭക്ഷ്യോത്പാദനം സാധ്യമാവുമായിരുന്നില്ലെന്ന് സ്വാമിനാഥനും ശാസ്ത്രരംഗവും സമര്‍ത്ഥിച്ചു. ലഭ്യമായ കൃഷിഭൂമിയില്‍ ഏറ്റവും മികച്ച വിളവ് ലഭ്യമാക്കുക മാത്രമായിരുന്നു പോംവഴിയെന്നും ആരീതിയില്‍ മാത്രമേ രാജ്യത്തിന് ഭക്ഷ്യ സുസ്ഥിരത കൈവരിക്കാനാകുമായിരുന്നുള്ളൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യയിലൂന്നി ഇന്ത്യന്‍കാര്‍ഷികമേഖലയെ വളര്‍ത്തുകയെന്ന ലക്ഷ്യം മുറുകെപ്പിടിച്ച് തന്നെ സ്വാമിനാഥന്‍ യാത്ര തുടര്‍ന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നുപറയാനുള്ള ആര്‍ജവം അദ്ദേഹം എക്കാലവും കാണിച്ചു. ഇന്ത്യയുടെ തനത് വിത്തിനങ്ങള്‍ അമേരിക്കയിലേക്ക് കടത്തിയെന്ന വിമര്‍ശനത്തിനും അംഗീകൃത കൊടുക്കല്‍- വാങ്ങല്‍ മാത്രമാണതെന്നും അവശ്യസമയത്ത് അത് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ മണ്ണിനോ പരിസ്ഥിതിക്കോ ദോഷമല്ലെന്നും അദ്ദേഹം വാദിച്ചു

ഭക്ഷ്യരംഗത്ത് സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിനായി ആവിഷ്‌കരിച്ച ഹരിതവിപ്ലവം ഇന്ത്യന്‍ കാര്‍ഷികരംഗത്തിന്റെ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ നിര്‍ണായക സ്വാധീനമായി. ഭക്ഷ്യരംഗത്തെ സുസ്ഥിരത രാജ്യത്തെ മാത്രമല്ല ലോകത്തിന്റെ വിശപ്പകറ്റാന്‍ കൂടി ശേഷിയുള്ളതായി. ഈ നേട്ടത്തിന് പിന്നിലെ കഠിനാധ്വാനത്തിന് സ്വാമിനാഥന്‍ അംഗീകരിക്കപ്പെടുക തന്നെ ചെയ്തു. ദേശീയ- അന്തര്‍ദേശീയ തലങ്ങളിലായി 65-ഓളം പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1971-ല്‍ മാഗ്‌സാസെ പുരസ്‌കാരം, 1987-ല്‍ ലോക ഭക്ഷ്യ പുരസ്‌കാരം, 1999-ല്‍ യുനസ്‌കോ ഗാന്ധി ഗോള്‍ഡ് മെഡല്‍, 1999-ല്‍ ഇന്ദിര ഗാന്ധി സമാധാന പുരസ്‌കാരം,2000-ല്‍ ഫ്രങ്ക്‌ലിന്‍ റൂസ്‌വെൽറ്റ്‌ പുരസ്‌കാരം എന്നിവ അവയില്‍ ചിലത് മാത്രം. 1967-ല്‍ പത്മശ്രീ, 1972-ല്‍ പത്മഭൂഷണ്‍,  1989-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2021-ല്‍ കേരള ശാസ്ത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 

കാര്‍ഷികരംഗത്തെ പുരോഗതിയും വളര്‍ച്ചയും ലക്ഷമിട്ട് നിരവധി കേന്ദ്രസര്‍ക്കാര്‍ പദവികളും സ്വാമിനാഥന്‍ വഹിച്ചു. 1979-80-ല്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, 1980 മുതല്‍ 1982 വരെ ഇന്ത്യയുടെ ആസൂത്രണ കമ്മീഷനില്‍ കൃഷിയുടെയും ഗ്രാമവികസനത്തിന്റെയും ചുമതല എന്നിവ വഹിച്ചു. രാജ്യത്തെ അതിവിശിഷ്ട വ്യക്തികളുടെ വിഭാഗത്തില്‍ രാജ്യസഭാംഗമായും (2007-2013) അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 20-ാം നൂറ്റാണ്ടില്‍ ലോകത്തെ സ്വാധീനിച്ച 20 ഏഷ്യക്കാരുടെ അമേരിക്കന്‍ ടൈം ലിസ്റ്റില്‍ ഉള്‍പ്പെട്ട മൂന്ന് ഇന്ത്യക്കാരില്‍ ഒരാള്‍ എം.എസ്. സ്വാമിനാഥനായിരുന്നു. മഹാത്മ ഗാന്ധിയും രബീന്ദ്രനാഥ ടാഗോറുമായിരുന്നു മറ്റ് രണ്ട് പേര്‍. 

നിരവധി അന്താരാഷ്ട്ര കമ്മിറ്റികളിലും സംഘടനകളിലും നിര്‍ണായക പദവികള്‍ വഹിക്കാനും എം.എസ്. സ്വാമിനാഥനായി. 1972 മുതല്‍ 1979 വരെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സിസ്റ്റംസ് ഫോര്‍ ഡവലപ്മെന്റിന്റേയും 1982-ല്‍ ഫിലിപ്പീന്‍സിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടര്‍ ജനറലായി. 1987-ലെ റോമില്‍ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോണ്‍ഗ്രസ് അധ്യക്ഷ പദവി അലങ്കരിച്ചു, 2005-ല്‍ ഐക്യരാഷ്ട്ര സഭയുടെ മില്ലേനിയം പ്രോജക്റ്റ് ഹംഗര്‍ ടാസ്‌ക് ഫോഴ്സ് കോ-ഓര്‍ഡിനേറ്ററായി. 2008-ല്‍ അദ്ദേഹം ദി വേള്‍ഡ് ഫുഡ് പ്രൈസ് സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി ചുമതലയേറ്റു. 

രാജ്യത്തിനകത്തും പുറത്തുനിന്നുമായി 84 ഓണററി ബിരുദങ്ങളാണ് എം.എസ്. സ്വാമിനാഥനെ തേടിയെത്തിയത്. ദി വേള്‍ഡ് അക്കാദമി ഓഫ് സയന്‍സിന്റെ ഫൗണ്ടര്‍ ഫെലോ ആയിരുന്ന അദ്ദേഹം യു.എസ്., യു.കെ., റഷ്യ, ചൈന, സ്വീഡന്‍, ഇറ്റലി തുടങ്ങി നിരവധി രാജ്യങ്ങളിലെ പ്രശസ്ത സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയായി. മുപ്പതിലധികം അക്കാദമികളില്‍ അദ്ദേഹം വിശിഷ്ടാംഗമായി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ പഗ്‌വാഷ്‌ കോണ്‍ഫറന്‍സസ് ഓണ്‍ സയന്‍സ്& വേള്‍ഡ് അഫയേഴ്‌സ് (Pugwash Conferences on science and world affairs)പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന വികസ്വര രാജ്യത്തിലെ ആദ്യത്തെ പൗരനായിരുന്നു അദ്ദേഹം. 2002-ല്‍ ഐക്യരാഷ്ട്ര സഭ കുട്ടനാടിനെ ആഗോള കാര്‍ഷിക പൈതൃക മേഖലയായി പ്രഖ്യാപിച്ചതിന് പിന്നിലും സ്വാമിനാഥന്റെ പരിശ്രമമുണ്ടായിരുന്നു

ഏഷ്യയിലെ തന്നെ പ്രധാന ഭക്ഷ്യകയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ വഴി ലോകത്തിന്റെ വിശപ്പകറ്റാന്‍ കൂടിയാണ് സ്വാമിനാഥന്‍ പ്രയത്‌നിച്ചതെന്നതാണ് അദ്ദേഹത്തെ ഇത്രയധികം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാക്കിയത്. ആയിരത്തോളം പ്രബന്ധങ്ങള്‍, നൂറിലധികം ഗൈഡ്ഷിപ്പുകള്‍, മുപ്പതോളം പുസ്തകങ്ങള്‍.. അക്കാദമിക മണ്ഡലത്തില്‍ സ്വാമിനാഥന്റെ സംഭാവനകള്‍ എണ്ണിയാല്‍ തീരില്ല. നിരവധി പഠനക്കമ്മീഷനുകളിലും സ്വാമിനാഥന്‍ അംഗമായി. പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്ക് താങ്ങാവുന്ന താങ്ങുവില, ഏകീകൃത വിപണ സമ്പ്രദായം എന്നിവ എം.എസ്. സ്വാമിനാഥനാണ് മുന്നോട്ട് വെച്ചത്. വിത്തിന്റെയും വളത്തിന്റെയും വില, കൂലിച്ചെലവ്, കൃഷിക്കാരുടെ കുടുംബത്തിന്റെ കൂലിച്ചെലവ്, ഭൂമിയുടെ വാടക, കൃഷിക്കാരന്റെ മുടക്കുമുതലും അതിന്റെ പലിശയും ഉള്‍പ്പെടെയുള്ളവ കണക്കാക്കിവേണം താങ്ങുവില നിശ്ചയിക്കാനെന്ന എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു

ലോക ഭക്ഷ്യ പുരസ്‌കാരമായി ലഭിച്ച ഫണ്ടുയാഗിച്ച് 1988-ല്‍ ചെന്നൈയില്‍ അദ്ദേഹം എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ശാസ്ത്രസാങ്കേതികരംഗത്തെ നേട്ടങ്ങള്‍ ഇന്ത്യയിലെ കാര്‍ഷിക- ഗ്രാമീണ മേഖലയുടെ വികസനത്തിനും ഉന്നമനത്തിനും ഉപയോഗിക്കുക എന്നതായിരുന്നു ഗവേഷണകേന്ദ്രത്തിന്റെ മുഖ്യലക്ഷ്യം. ശാസ്ത്ര, സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഗ്രാമീണ മേഖലയില്‍ നേരിടുന്ന പോഷകാഹാര പ്രശ്‌നങ്ങള്‍ അടക്കമുള്ളവയ്ക്ക് സുസ്ഥിര പരിഹാരം കാണുക എന്നീ സേവനങ്ങള്‍ ഫൗണ്ടേഷന്‍ നല്‍കുന്നു. പതിനെട്ടോളം രാജ്യങ്ങളിലായി ആറ് ലക്ഷത്തിലധികം വരുന്ന കര്‍ഷക കുടുംബങ്ങളെ കൈപിടിച്ചുനടത്താന്‍ ഫൗണ്ടേഷന് സാധിച്ചു. ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ സ്ഥാപനങ്ങള്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, സാമൂഹിക ശാസ്ത്രജ്ഞര്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. എം.എസ്. സ്വാമിനാഥന്റെ ഭാഷയില്‍ പറഞ്ഞാല്‍ ,'എത്താത്തവരിലേക്ക് എത്തുക'(reach the unreached).

വിത്തിനങ്ങളിലോ വിളകളിലോ ഒതുങ്ങുന്നതായിരുന്നില്ല  സ്വാമിനാഥന്റെ പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും.  വിമര്‍ശനങ്ങള്‍ക്ക് എന്നും മറുപടികളുണ്ടായിരുന്നു. കുട്ടനാട് പാക്കേജ്, കര്‍ഷക സ്ത്രീ ക്ഷേമപദ്ധതികള്‍, താങ്ങുവില തുടങ്ങി നിരവധി വിഷയങ്ങളില്‍ അദ്ദേഹം കൃത്യമായ നിലപാടെടുത്തു. സുസ്ഥിര വികസനം, ഭക്ഷ്യ സുരക്ഷ, ഗ്രാമീണജനതയിലെ പോഷകാഹാരക്കുറവ് പരിഹരിക്കല്‍, വിദ്യാഭ്യാസം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ഗ്രാമീണ മേഖലകളുടെ ഉന്നമനം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. കാര്‍ഷിക മേഖലയ്ക്ക് മുതല്‍ കൂട്ടാകുന്ന ഗവേഷണപദ്ധതികളുടെ സാധ്യത രാജ്യത്തിന് മുന്നില്‍ തുറന്ന് വെച്ചത് ആ മഹാമനുഷ്യനാണ്. ഒരു നേരത്തെ അന്നത്തിനായി മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടുന്ന ഗതികേടില്‍നിന്ന് മറ്റുള്ളവര്‍ക്ക് ആവശ്യമായതുകൂടി ഉത്പാദിപ്പിക്കുന്നതിലേക്ക് ഇന്ത്യ നടന്നുകയറിയിട്ടുണ്ടെങ്കില്‍ ആ ക്രെഡിറ്റ് എം.എസ്. സ്വാമിനാഥന് അവകാശപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് സ്വാമിനാഥന്‍ ഇതിഹാസമാകുന്നതും