
രാജ്യത്തെ ഭക്ഷ്യസുരക്ഷയിലേക്ക് നയിച്ച ഹരിതവിപ്ലവത്തിന്റെ ശിൽപ്പി, അന്തരിച്ച പ്രൊഫ.എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദിയാണ് വ്യാഴാഴ്ച.
കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന പുതിയ പ്രതിസന്ധിയുടെ കാലത്ത് രണ്ടാം ഹരിതവിപ്ലവത്തിനുള്ള മുറവിളി ഉയരുമ്പോൾ അതിനെ ഉൾക്കൊണ്ടുള്ള അർഥവത്തായ ഗവേഷണപദ്ധതികളുമായാണ് എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ യാത്ര. കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന്റെ സഹകരണത്തോടെ ഫൗണ്ടേഷൻ വ്യാഴാഴ്ച വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രൊഫ. സ്വാമിനാഥന്റെ മഹത്തായ പൈതൃകം ഉയർത്തിക്കാട്ടിയുള്ള ഇടപെടലുകൾക്ക് നേതൃത്വം നൽകുന്നത് സ്വാമിനാഥന്റെ മകളും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ മുൻ ഡയറക്ടർ ജനറലും ലോകാരോഗ്യസംഘടനയിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോഗ്രാംസും കോവിഡ് കാലത്ത് ലോകാരോഗ്യസംഘടനയുടെ പ്രതിദിന വിശകലനങ്ങൾ പുറത്തുവിടാൻ നിയോഗിക്കപ്പെട്ട മുഖ്യശാസ്ത്രജ്ഞയുമായ ഡോ. സൗമ്യ സ്വാമിനാഥനാണ്. പിതാവിനെപ്പറ്റിയും ഹരിതവിപ്ലവത്തെപ്പറ്റിയും മാറിയ കാലത്തെ വെല്ലുവിളികളെക്കുറിച്ചും അവർ മാതൃഭൂമിയോട് സംസാരിച്ചു.
പിതാവിനോടൊപ്പമുള്ള ഓർമകൾ പങ്കുവയ്ക്കാമോ?
ഞങ്ങളുടെ വളർച്ചാഘട്ടത്തിൽ പിതാവ് വലിയ തിരക്കുള്ള ആളായിരുന്നു. 1960കളിലാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രത്തിലാണദ്ദേഹം അന്ന് പ്രവർത്തിക്കുന്നത്. ഗവേഷണത്തിലൂടെ പുതിയ വിത്തിനങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്നതടക്കം ഫീൽഡിലിറങ്ങിയുള്ള പ്രവർത്തനമാണ്. ഞങ്ങൾക്ക് അച്ഛനെ കാണാൻ കിട്ടുന്നത് കുറവായിരുന്നു. കാരണം അതിരാവിലെ അദ്ദേഹം പോകും. രാത്രി വൈകിയാണ് മടക്കം. മിക്ക ദിവസങ്ങളിലും മടങ്ങിവരുമ്പോൾ അദ്ദേഹത്തോടൊപ്പം ഗവേഷക വിദ്യാർഥികളുമുണ്ടാവും. വന്നശേഷവും അവർക്കൊപ്പമിരുന്ന് അവരുടെ തിസീസുകൾ തിരുത്തിനൽകുന്നതടക്കമുള്ള ജോലിയിലേർപ്പെടും. എങ്കിലും അദ്ദേഹത്തിന് ഞങ്ങൾക്കൊപ്പം ചെലവിടാൻ സമയമില്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ചിലപ്പോഴൊക്കെ അദ്ദേഹത്തോടൊപ്പം വയലുകളിലേക്ക് ഞങ്ങളും പോകുമായിരുന്നു. ശനിയും ഞായറും എപ്പോഴും അടുത്തുള്ള ഏതെങ്കിലുമൊരു ഗ്രാമത്തിലേക്കുള്ള യാത്രയാണ്. അക്കാലത്ത് ഇന്നത്തെ പോലെ നഗരവത്കൃതമായിട്ടില്ല. ഡൽഹിയുടെ പ്രാന്തങ്ങളിൽ ഗ്രാമീണമേഖലകളുണ്ട്. കുത്തബ് മിനാറിനപ്പുറത്തൊക്കെ വിശാലമായ പാടങ്ങളുണ്ട്. ഞങ്ങളെയും കൊണ്ട് അങ്ങോട്ട് പോകും. അതൊരു പിക്‌നിക് പോലെയാണ്. കുട്ടികളായ ഞങ്ങൾ അവിടെ കളിക്കും. എന്നാൽ ആ സമയത്തും അച്ഛൻ അവിടെ ജോലിയെടുക്കുകയായിരിക്കും. അദ്ദേഹം കർഷകരുമായി ഗൗരവമായി സംസാരിക്കുകയായിരിക്കും. എങ്ങനെയാണ് വിളപരീക്ഷണങ്ങൾ മുന്നോട്ട് പോകുന്നത് എന്നെല്ലാമുള്ള പരിശോധനയിലും പഠനത്തിലുമായിരിക്കും. പിന്നീട് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർജനറലായിരിക്കെ, അദ്ദേഹം കൗൺസിലിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ ചിലപ്പോഴൊക്കെ ഞങ്ങളെയും ഒപ്പം കൂട്ടി. ഇന്ത്യയുടെ മനോഹരഭൂപ്രദേശങ്ങളിലുള്ള ഐസിഎആർ സ്ഥാപനങ്ങളിലേക്ക് അങ്ങനെ ഞങ്ങളെത്തി. അത് ഞങ്ങളുടെ പൊതുവിജ്ഞാനവും വളർത്തിയിട്ടുണ്ട്. ശാസ്ത്രജ്ഞർ തമ്മിലുള്ള സംസാരങ്ങളൊക്കെ നമ്മൾ കേൾക്കുമായിരുന്നു.
അതൊരു തരത്തിലുള്ള പഠനപ്രവർത്തനം തന്നെയായിരുന്നു?
അതെ. രാജ്യത്തിന്റെ വൈവിധ്യത്തെക്കുറിച്ചും ഭാഷയുടെ, സംസ്‌കാരത്തിന്റെ, ഭക്ഷണത്തിന്റെ വൈവിധ്യത്തെക്കുറിച്ചുമെല്ലാം കുഞ്ഞുന്നാളിൽ തന്നെ ഞങ്ങൾക്ക് ഉയർന്നതലത്തിലുള്ള അവബോധം കിട്ടി. ഡൽഹിയിലെ നഗരസംസ്‌കാരത്തിൽ ജനിച്ചുവളർന്നിട്ടും ഇന്ത്യയെന്താണെന്ന് മനസ്സിലാക്കാനായി.
താങ്കളൊരു പ്രശസ്തയായ ആരോഗ്യപ്രവർത്തകയായത് കൊണ്ടാണ് ചോദിക്കുന്നത്, പിതാവിന്റെ ശാസ്ത്രസഞ്ചാരം താങ്കളുടെ വളർച്ചയ്ക്കും സാമൂഹ്യ കാഴ്ചപ്പാടിനും എത്രമാത്രം ഗുണപ്പെട്ടിട്ടുണ്ട്?
കുട്ടിക്കാലത്ത് കിട്ടിയ ശാസ്ത്രമേഖലയെപ്പറ്റിയുള്ള ആഴത്തിലുള്ള അറിവുകൾ വളരെയധികം ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചൊന്നും അന്ന് ധാരണയില്ലെങ്കിലും രാജ്യത്ത് വലിയൊരു ശാസ്ത്രവിപ്ലവം സംഭവിക്കാൻ പോകുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു. വീട്ടിലെത്തുന്ന ആളുകളുടെ സംസാരമൊക്കെ അത്തരത്തിലായിരുന്നു. ലോകത്തെ വളരെ അറിയപ്പെടുന്ന ശാസ്ത്രജ്ഞർ അന്ന് വീട്ടിലെത്തിയിരുന്നു. ഞങ്ങളുടെ അമ്മ മികച്ചൊരു വിദ്യാഭ്യാസപ്രവർത്തകയായിരുന്നു. മനുഷ്യാവകാശത്തിനും ലിംഗനീതിക്കുമായി അവർ ധീരമായി നിലകൊണ്ടു. കുട്ടികളുടെ വിദ്യാഭ്യാസം, ബാലാവകാശങ്ങൾ, കുട്ടികളുടെ അമ്മമാരുടെ അവകാശങ്ങൾ എന്നിവയ്‌ക്കെല്ലാം വേണ്ടി ശക്തിയായി വാദിച്ചു. ഐസിഡിഎസ് പദ്ധതിയുടെ പ്രചാരകയായിരുന്നു. നിർമാണത്തൊഴിലാളികളുടെയും മറ്റും മക്കൾക്കായി മൊബൈൽ ക്രഷുകൾക്ക് തുടക്കം കുറിച്ചവരിലൊരാൾ അമ്മയായിരുന്നു. തൊഴിലാളികളുടെ മക്കളെ ഇതിലേക്ക് കൊണ്ടുവരാനായി നിർമാണപ്രവർത്തി നടക്കുന്നയിടങ്ങളിലേക്ക് അവർ പോകുമായിരുന്നു. അമ്മയുടെ ഈ ഇടപെടലുകൾ സാമൂഹ്യശാസ്ത്രാവബോധം ഞങ്ങളിലുണർത്തി. മാനുഷികമുഖമില്ലാത്ത ശാസ്ത്രം കൊണ്ട് ജനങ്ങൾക്ക് പ്രയോജനമില്ലെന്ന നിലപാടായിരുന്നു അച്ഛന്. ഞങ്ങൾ മൂന്ന് സഹോദരിമാർക്കും ഈയൊരന്തരീക്ഷം പകർന്നുതന്ന പാഠങ്ങൾ വലുതായിരുന്നു. ഞാൻ ആരോഗ്യ ഗവേഷണരംഗത്തേക്ക് മാറിയതും ഇതിനാലാണ്. ഇന്ത്യയിൽ അന്ന് ആരോഗ്യഗവേഷണമേഖല തൊഴിൽപരമായി അത്ര ആകർഷകമല്ലായിരുന്നു. കോളേജ് പഠനകാലത്ത് സ്വർണമെഡൽ ജേതാവായിട്ടുള്ള എന്നോട് അതുകൊണ്ടുതന്നെ എല്ലാവരും ചോദിച്ചു, നീ എന്തിനാണ് ഗവേഷണരംഗത്തേക്ക് മാറുന്നതെന്ന്. ക്ലിനിക്കൽ മേഖലയല്ലേ അഭികാമ്യമെന്ന്. പക്ഷേ ആരോഗ്യ, വൈദ്യശാസ്ത്ര ഗവേഷണത്തിനായി എന്റെ മനസ്സിനെ ഞാൻ സജ്ജമാക്കിക്കഴിഞ്ഞിരുന്നു.
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ മുഖ്യശിൽപ്പിയായ പ്രൊഫ. സ്വാമിനാഥനെ ശാസ്ത്രജ്ഞർ മാത്രമല്ല, സാധാരണക്കാർ വരെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എങ്ങനെയാണ് ഇവരെയെല്ലാം അദ്ദേഹം ഒരുപോലെ കൈകാര്യം ചെയ്തതും തൃപ്തിപ്പെടുത്തിയതും?
അടിസ്ഥാനപരമായി അദ്ദേഹം അങ്ങേയറ്റം വിനയവും ലാളിത്യവുമുള്ള വ്യക്തിയായിരുന്നു. ഒരു തലക്കനവും കാട്ടില്ലായിരുന്നു. അദ്ദേഹത്തിന് ഒരുപാട് പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കിട്ടി. നായകപരിവേഷം തന്നെയായിരുന്നു എവിടെ ചെന്നാലും. സാധാരണക്കാർ വരെ അടുത്തെത്തി അദ്ദേഹത്തെ വളയുമായിരുന്നു. പക്ഷേ അപ്പോഴൊന്നും അദ്ദേഹം ആ ലാളിത്യവും വിനയവും കൈവിട്ടില്ല. ഏത് ഉന്നതനിലയിലായിരുന്നപ്പോഴും അദ്ദേഹം പാടത്തും മൈതാനത്തുമിറങ്ങി കർഷകരോടും മറ്റും സാധാരണപോലെ ഇടപെടുകയും സംസാരിക്കുകയും ചെയ്തു. ഒരിക്കൽ അദ്ദേഹം എന്നോട് പറയുകയുണ്ടായി, ജനങ്ങൾ എപ്പോഴും നമ്മളെപ്പറ്റി പ്രശംസിച്ചുകൊണ്ടിരുന്നാൽ നമുക്ക് അഹങ്കാരം വരുമെന്ന്. അതിനെ മറികടക്കാനൊരു ഉപായമുണ്ടെന്നും അദ്ദേഹമെന്നോട് പറഞ്ഞുതന്നു. അത് സി.വി.രാമൻ അദ്ദേഹത്തോട് പറഞ്ഞതായിരുന്നു. ഇത്രമാത്രം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോഴും താങ്കളെങ്ങനെ അതിരുവിട്ട് പോകാതെ പിടിച്ചുനിൽക്കുന്നുവെന്ന് പിതാവ് ഡോ.സി.വി. രാമനോട് ചോദിച്ചു. അദ്ദേഹം നൽകിയ മറുപടി, എന്റെ തലയിലെ ഈ തലപ്പാവില്ലേ, അത് അവിടെനിന്ന് വീണുപോകാതെ നിലനിർത്തുന്നതിലൂടെയാണത് സാധിക്കുന്നത് എന്ന്. അതായത്, എന്റെ തല വലുതായിപ്പോകാതെ പിടിച്ചുനിർത്താൻ സഹായിക്കുന്നത് ഈ തലപ്പാവാണെന്ന്. ആരെങ്കിലും നമ്മളെക്കുറിച്ച് പ്രശംസിക്കുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത്, ഇത് നമ്മളെക്കുറിച്ചല്ല, മറ്റാരെയോ കുറിച്ചാണ് പറയുന്നത് എന്നാണ്. അപ്പോൾ അത് നമ്മെ ബാധിക്കാതിരിക്കും. നമ്മൾ സാധാരണമനുഷ്യനായി തുടരും.
പ്രൊഫ.സ്വാമിനാഥന്റെ പരിശ്രമങ്ങൾ പശ്ചിമബംഗാളിനെയും പഞ്ചാബിനെയും ഹരിയാനയെയുമെല്ലാം നെല്ല്- ഗോതമ്പ് വിളകളുടെ ഹബ്ബാക്കി മാറ്റി. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ കേരളത്തിൽ അങ്ങനെയൊരു മുന്നേറ്റമുണ്ടായില്ല. എന്താണ് അഭിപ്രായം?
കാർഷികമേഖലയിൽ ഞാനത്ര വിദഗ്ധയല്ല. പക്ഷേ, മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് വ്യക്തമാണ്. 70കളുടെ ആദ്യം തന്നെ അദ്ദേഹം ആഗ്രഹിച്ചതാണ് ആ മാറ്റം. പക്ഷേ അന്നാരും ഭാവിയെ കണ്ടില്ല. അദ്ദേഹത്തിന് കാണാൻ സാധിച്ചിരുന്നു, കാലാവസ്ഥാവ്യതിയാനവും വർധിച്ചുവരുന്ന ജനസംഖ്യയുമെല്ലാം ഭാവിയിൽ വെല്ലുവിളിയുയർത്തുമെന്ന് തിരിച്ചറിഞ്ഞു. കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിത ഉപയോഗവും ജലചൂഷണവുമെല്ലാം ഭാവിയിൽ വെല്ലുവിളിയായേക്കാമെന്ന് പ്രവചിച്ചിരുന്നു. അതിനാൽ നയങ്ങൾ മാറ്റത്തിന് വിധേയമായിക്കൊണ്ടേയിരിക്കണമെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞു. 1980കളിലും 90കളിലുമുണ്ടായിരുന്ന നയങ്ങളും കാഴ്ചപ്പാടുകളും ഇന്ന് നമുക്ക് പറ്റില്ല. അതിനാൽ ഇന്നത്തെ കാലത്തിനുള്ള സന്ദേശമാണ് അദ്ദേഹം നൽകിയത്. കേരളമായാലും മറ്റെവിടെയായാലും എന്താണ് ഇന്നത്തെ സാഹചര്യം. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ന് അടുത്ത 30 -40 കൊല്ലക്കാലത്തേക്ക് നമ്മളെന്താണ് മുന്നോട്ട് വയ്‌ക്കേണ്ടത്. എങ്ങനെയാണ് നമ്മുടെ നയം രൂപപ്പെടേണ്ടത്. നമ്മുടെ സാഹചര്യം നെല്ലുൽപ്പാദനത്തിന് അനുകൂലമല്ലെങ്കിൽ നമുക്ക് നെല്ലുൽപ്പാദിപ്പിക്കാനാവില്ല തന്നെ. അപ്പോൾ മറ്റ് വിളകളെക്കുറിച്ച് ചിന്തിക്കണം. നയങ്ങൾ അതിനനുസരിച്ച് രൂപപ്പെടുത്തണം. കർഷകരെ പ്രോത്സാഹിപ്പിക്കാനാവശ്യമായ ഇടപെടലുകളുണ്ടാവണം. പഞ്ചാബിലും ഹരിയാനയിലും പോലും ഇന്ന് ഇതേ സ്ഥിതിവിശേഷം നേരിടുന്നുണ്ട്. അരി, ഗോതമ്പ് ഉൽപ്പാദനത്തിന് മാത്രമായി അവിടങ്ങളിലെ കൃഷിഭൂമി സ്ഥിരമായി പാകപ്പെടണമെന്നില്ല. അതുകൊണ്ട് അവിടെയും വൈവിധ്യവൽക്കരണം വേണം.
എങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ പിന്നിലാണിപ്പോഴും?
എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ യഥാർഥ പ്രകൃതിവിഭവങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തേണ്ടതുണ്ട്. ജൈവ സന്തുഷ്ടി അതിലൂടെയാണ് ഉണ്ടാവുക. എല്ലാവർക്കുമായി ഒറ്റ പരിഹാര ഫോർമുലയില്ല. ഓരോയിടത്തെയും കാർഷിക ആവാസവ്യവസ്ഥയ്ക്കനുസരിച്ചുള്ള പ്രാദേശികമായ നയസമീപനമുണ്ടാവണം. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ നേട്ടമെന്താണ്, അതിനനുസരിച്ച് നമ്മുടെ സമ്പദ് വ്യവസ്ഥ എങ്ങനെ, അതെങ്ങനെയാണ് വളരുക എന്ന് ചിന്തിക്കണം. കൃഷി ഇതിൽ അനിവാര്യഘടകമാണ്. വ്യവസായവൽക്കരണം മാത്രം മതിയെന്ന് നമുക്കൊരിക്കലും പറയാനാവില്ല. കൃഷിയില്ലാതെ വളർച്ചയില്ല.
കേരളം ഇപ്പോഴും ഭക്ഷ്യലഭ്യതയുടെ കാര്യത്തിൽ സ്വയംപര്യാപ്തമല്ല?
കേരളം പല കാര്യങ്ങൾക്കും വളരെ വളക്കൂറുള്ള മണ്ണാണ്. പഴം, പച്ചക്കറി വർഗങ്ങളുൾപ്പെടെ. എനിക്ക് തോന്നുന്നത് ഭാവിയെ മുന്നിൽ കണ്ടുള്ള ശരിയായ രീതിയിലുള്ള വിശകലനവും ആസൂത്രണവും സംസ്ഥാനതലത്തിൽ ഉണ്ടാവേണ്ടതുണ്ട്. അവരങ്ങനെ ചിന്തിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. കേര പദ്ധതി അതിന്റെ ഉദാഹരണമാണ്. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷിരീതിയിലേക്ക് മാറുന്നതിന്റെ ലക്ഷണമാണത്.
2006-2011ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് പ്രൊഫ.സ്വാമിനാഥന്റെ നാടായ കുട്ടനാടിനായി പാക്കേജ് കൊണ്ടുവന്നത്. പിന്നീടത് മുന്നോട്ട് പോയില്ല?
അതെ, കുട്ടനാട് അന്ന് ആഗോളതലത്തിൽ സുപ്രധാനമായ കാർഷിക പൈതൃക സംവിധാനമാക്കി അംഗീകരിക്കപ്പെടുകയുമുണ്ടായി. പക്ഷേ പാക്കേജ് പൂർണമായും പ്രാവർത്തികമായില്ല. എനിക്ക് തോന്നുന്നത് ഇപ്പോഴും വൈകിയിട്ടില്ലെന്നാണ്. ഞാൻ ഈയിടെ മങ്കൊമ്പിൽ (സ്വാമിനാഥന്റെ ജന്മദേശം) പോവുകയുണ്ടായി. അവിടെ കർഷകർ വളരെ ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നു. വെള്ളപ്പൊക്കവും വൻതോതിലുള്ള ജലമാലിന്യവും മറ്റും അവരെ പ്രതിസന്ധിയിലാക്കുന്നു. അതിനെ ശരിയായ രീതിയിൽ സമീപിച്ചില്ലെങ്കിൽ പരമ്പരാഗതമായ അവിടത്തെ നെൽകൃഷിയും മത്സ്യകൃഷിയുമെല്ലാം അതിജീവനപ്രതിസന്ധിയിലാവും. വെള്ളമൊഴുകിപ്പോകേണ്ട നീർച്ചാലുകൾ അടഞ്ഞിരിക്കുന്നു. അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് മുൻഗണന ലഭിക്കുമ്പോൾ സ്വാഭാവിക നീർച്ചാലുകളെപ്പറ്റി ആരും ശ്രദ്ധിക്കാതെ പോകുന്നു. അതുകൊണ്ട് കുട്ടനാട് പാക്കേജ് ഇന്നും പ്രസക്തമാണെന്നാണ് ഞാൻ കരുതുന്നത്.
കുട്ടനാട് പാക്കേജിന് അന്നെന്താണ് സംഭവിച്ചതെന്ന് അച്ഛൻ എന്തെങ്കിലും പറഞ്ഞിരുന്നോ?
അദ്ദേഹം വളരെ നിരാശനായിരുന്നു. അതെന്നോട് പറഞ്ഞിട്ടുണ്ട്. മാറിമാറി വന്ന സർക്കാരുകളൊന്നും അത് യാഥാർഥ്യമാക്കാൻ ശ്രമിച്ചില്ല. 15 വർഷം മുമ്പ് തന്നെ അദ്ദേഹം കണ്ടെത്തിയ പ്രതിസന്ധിയാണിപ്പോഴും തുടരുന്നത്. അത് കൂടുകയേയുള്ളൂ. അന്നദ്ദേഹം കണ്ടെത്തി ആവിഷ്‌കരിച്ച പാക്കേജാണ് മാറിമാറി വന്ന സർക്കാരുകളെല്ലാം അവഗണിച്ചത്. അതിലദ്ദേഹം അങ്ങേയറ്റം നിരാശനായിരുന്നു.
അന്ന് അച്യുതാനന്ദൻ മുൻകൈയെടുത്താണ് പിതാവിനെ ക്ഷണിച്ചതെന്ന് കേട്ടിട്ടുണ്ട്. അവർ തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും?
അതെ, അദ്ദേഹം അച്ഛനുമായി വളരെ അടുപ്പമുണ്ടായിരുന്നു. പല മുഖ്യമന്ത്രിമാരുമായും അച്ഛന് കേരളത്തിൽ അടുപ്പമുണ്ടായിട്ടുണ്ട്.
അച്ഛന്റെ മഹത്തായ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഭാവിപരിപാടികളെങ്ങനെ?
എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ ദൗത്യവും കാഴ്ചപ്പാടും പാവപ്പെട്ടവരോടും സ്ത്രീകളോടും പ്രകൃതിയോടും അനുഭാവം കാട്ടുകയെന്നതാണ്. നമ്മുടെ സമുദ്ര ആവാസവ്യവസ്ഥയും തീരമേഖലയും ഗുരുതരമായ വെല്ലുവിളിയാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി നേരിട്ടുകൊണ്ടിരിക്കുന്നത്. സമുദ്രനിരപ്പ് ഉയരുന്നതും ഓരുവെള്ളത്തിന്റെ വ്യാപനവുമടക്കമുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ജൈവ വൈവിധ്യസംരക്ഷണവും അവയുടെ പുനഃസ്ഥാപനവും അതിലൂടെ ജൈവസന്തുഷ്ടി ഉറപ്പാക്കലും പ്രധാനമാണ്. ജീവനോപാധിയുടെ സംരക്ഷണവും പോഷകാഹാരലഭ്യതയും ഉറപ്പാക്കാൻ ജൈവവൈവിധ്യത്തെ എങ്ങനെ ഉപയോഗിക്കാം, കാർഷിക ഭക്ഷ്യോൽപ്പന്നങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് എങ്ങനെ മാറ്റം വരുത്തി ഉപയോഗിക്കാം, കാലാവസ്ഥാവ്യതിയാനം, പോഷകാഹാരലഭ്യത, ആരോഗ്യം എന്നിവ തമ്മിലുള്ള ബന്ധങ്ങൾ ഇവയെല്ലാം പരിഗണനാവിഷയങ്ങളാണ്. ആരോഗ്യം എന്റെ മേഖല കൂടിയാണ്. കാലാവസ്ഥയും ആരോഗ്യവും അതിനാൽ ഫൗണ്ടേഷന്റെ മുഖ്യ പരിഗണനാവിഷയമാണ്.
ഹരിതവിപ്ലവത്തെക്കുറിച്ച് വിമർശനവുമുണ്ടായിട്ടുണ്ട്. കർഷകരെ കീടനാശിനിക്കമ്പനികളുടെ ഇരകളായി വിട്ടുകൊടുത്തെന്ന ആക്ഷേപമുയർന്നു?
അക്കാലത്ത് ഹരിതവിപ്ലവം രാജ്യത്ത് അനിവാര്യമായിരുന്നു. അതില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ എന്താണോ ആ നേട്ടത്തിലേക്ക് നമ്മളെത്തില്ലായിരുന്നു. അതെല്ലാവരും അംഗീകരിച്ച വസ്തുതയാണ്. രാഷ്ട്രീയമായും അത് നമ്മളെ ദുർബലപ്പെടുത്തുമായിരുന്നു. ഭക്ഷ്യ ഇറക്കുമതി നമ്മളെ ദുർബലപ്പെടുത്തും. അതുകൊണ്ടാണ് ഇന്ദിരഗാന്ധിയും ലാൽ ബഹദൂർ ശാസ്ത്രിയും ആ പരിപാടിയെ പിന്തുണച്ചത്. അതില്ലാതെ നമുക്ക് ഭക്ഷ്യസുരക്ഷയുണ്ടാവില്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഭക്ഷണത്തിനായി രാജ്യങ്ങളോട് വിലപേശൽ ഗുണകരമായിരിക്കില്ല. 1968 മുതൽ തന്നെ എന്റെ അച്ഛൻ പറയുമായിരുന്നു, ഇത് എല്ലാക്കാലവും തുടരാനാവില്ലെന്ന്. ഒരു നിശ്ചിതകാലത്തേക്ക് മാത്രമേ ഇത് ഉപകാരപ്പെടൂവെന്നും അതുകഴിഞ്ഞാൽ വിളയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയതാണ്. അതിനാൽ ശാസ്ത്രം എപ്പോഴും പുതിയ നയങ്ങൾക്കായി നമുക്ക് മുന്നറിയിപ്പ് തന്നുകൊണ്ടേയിരിക്കുന്നുണ്ട്. അങ്ങനെയൊരു പുതിയ നയമുണ്ടാവേണ്ടത് ഇപ്പോൾ അത്യാവശ്യവുമായിരിക്കുന്നു. വിമർശനം ഒരുതരത്തിൽ ശരിയായിരിക്കാം. അതേസമയം, അന്ന് ഹരിതവിപ്ലവമുണ്ടായിരുന്നില്ലെങ്കിൽ ഇന്ന് എന്താണോ ഇന്ത്യ, അതുണ്ടാവില്ലായിരുന്നു. അതുകൊണ്ട് വിമർശനം ഏറെക്കാലം നിലനിൽക്കില്ല. അതെന്റെ പിതാവ് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.
Content Highlights: Dr. Soumya Swaminathan discusses her father`s legacy, the Green Revolution`s impact
Published: 07 Aug 2025, 08:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented